ടീം അഴിമുഖം
ന്യൂ ഡല്‍ഹിയിലെ പുതിയ ഭരണകര്‍ത്താക്കള്‍ നയതന്ത്രം, പ്രത്യേകിച്ചും പാകിസ്ഥാനുമായി, മാധ്യമ കെട്ടുകാഴ്ച്ചകളിലൂടെയും ഒപ്പമിരുന്ന് സിഗരറ്റ് വലിച്ചും കൈകാര്യം ചെയ്യാമെന്ന് കരുതിയെങ്കില്‍ ആ കാമ്പില്ലാത്ത പ്രതീകാത്മകതയ്ക്ക് അപ്പുറം ചില പുതിയ നയതന്ത്ര പാഠങ്ങള്‍ പഠിക്കാനുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങള്‍ തെളിയിച്ചു.
ജനുവരി 2-നു പത്താന്‍കോട്ടിലെ വ്യോമസേന താവളത്തിന് നേരെയുണ്ടായ ആക്രമണം ഒരു ഇന്ത്യന്‍ ഗൂഢാലോചനയാണെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച പാകിസ്ഥാന്‍ അന്വേഷകസംഘത്തിന് ബോധ്യമായെന്നാണ് പാകിസ്ഥാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാകിസ്ഥാന്റെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രതികരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ മോദിയെ കുറ്റപ്പെടുത്താന്‍ പ്രതിപക്ഷത്തിനിത് ധാരാളം മതി. ഒരു ത്രിവര്‍ണ പതാകയുടെ പശ്ചാത്തലത്തില്‍ ഡല്ഹി മുഖ്യമന്ത്രിയെ അരവിന്ദ് കേജ്രീവാള്‍, മോദി ഇന്ത്യയെ വഞ്ചിക്കുകയാണെന്ന് കുറ്റപ്പെടുത്തി. തായിലന്‍റില്‍ വെച്ച് പാകിസ്ഥാന്‍ സുരക്ഷാ ഉപദേഷ്ടാവുമൊത്ത് സിഗരറ്റ് പുകച്ചെന്നും തങ്ങള്‍ക്കിടയില്‍ വലിയ ധാരണ ഉണ്ടായെന്നും പറഞ്ഞ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ ഇപ്പോള്‍ നിശബ്ദനാണ്.
അന്തിമഫലം എന്തായാലും, വ്യോമതാവളത്തിലേക്ക് പാകിസ്ഥാന്‍ സംഘം കടക്കുന്നതും, അവര്‍ കാണാതിരിക്കാന്‍ പോര്‍വിമാനങ്ങള്‍ തുണിപ്പന്തല്‍ കെട്ടി മറച്ചതും, ഇന്ത്യന്‍ വ്യോമതാവളത്തിലേക്ക് ഒരു ഐ എസ് ഐ ഉദ്യോഗസ്ഥന്‍ ഔദ്യോഗികമായി പ്രവേശിച്ചതുമായ ദൃശ്യങ്ങള്‍ മോദിയെ ഏറെനാള്‍ വേട്ടയാടും. IC 814 വിമാനറാഞ്ചല്‍ അടല്‍ ബിഹാരി വാജ്പേയീ സര്‍ക്കാരിനെ എന്നപോലെയോ, അതിലുമേറെയോ, പാക് സംഘത്തിന്റെ പത്താന്‍കോട് സന്ദര്‍ശനം ഇപ്പോള്‍ത്തന്നെയും ഭാവിയിലും മോദിയുടെ ദേശീയവാദി നിലപാടുകളെ ദുര്‍ബ്ബലമാക്കും.
എന്നാലും വാസ്തവത്തില്‍ മോദി ഇന്ത്യയുടെ താത്പര്യങ്ങള്‍ ദുര്‍ബ്ബലമാക്കിയോ? ഇല്ല. ഉത്തരം കുറച്ചു കൂടി വ്യത്യസ്തമാകാം-കഴിഞ്ഞ കാലങ്ങളിലെ ഏതൊരു ഇന്ത്യന്‍ പ്രധാനമന്ത്രിയെയും പോലെ പാകിസ്ഥാനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് അദ്ദേഹത്തിനും വ്യക്തതയില്ല.
പാകിസ്ഥാന്‍ എന്ന രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തെ മനസിലാക്കുന്നതിലും അവരുമായി ഇടപെടുന്നതിന് യുക്തിസഹവും സുസ്ഥിരവുമായ ഒരു നയം വികസിപ്പിക്കുന്നതിലും മാറിമാറിവന്ന ഇന്ത്യന്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടു എന്നതാണ് വസ്തുത.
വമ്പന്‍ അയല്‍ക്കാരനായ ഇന്ത്യയോടുള്ള അസൂയയും അസ്വസ്ഥതയും കലര്‍ന്ന വികാരം തിങ്ങിനിറഞ്ഞും ഗുരുതരമായ അസ്തിത്വ പ്രതിസന്ധിയും നേരിടുന്ന ഒരു രാഷ്ട്രമാണ് പാകിസ്ഥാന്‍. ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്ന, തലതിരിഞ്ഞ ഇസ്ളാമിക സിദ്ധാന്തം ഭരിക്കുന്ന നാട്. ഭീകരവാദികളെ രാഷ്ട്രത്തിന്റെ നയത്തിന്റെ ഭാഗമായി ഉപയോഗിക്കുന്നവര്‍. ഈയടുത്തകാലത്തായി അവിടുത്തെ ആഭ്യന്തര കുഴപ്പങ്ങളുടെ രൂക്ഷത പൂര്‍ണമായും പുറത്തേക്ക് വരുന്നില്ല.
ന്യൂ ഡല്‍ഹിയിലെ ഭരണകൂടം ഈ യാഥാര്‍ത്ഥ്യത്തെ മനസിലാക്കുകയും രണ്ടു അടിസ്ഥാന വസ്തുതകളില്‍ ആധാരമാക്കിയ പാകിസ്ഥാന്‍ നയം രൂപപ്പെടുത്തുകയും വേണം: ഇന്ത്യക്കാരുടെ സുരക്ഷയും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കലും.