അഴിമുഖം പ്രതിനിധി
കഴിഞ്ഞയാഴ്ച ഉത്തര്‍പ്രദേശില്‍ എന്‍ഐഎ ഓഫീസറായ മുഹമ്മദ് തന്സീല് അഹമ്മദിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര് അറസ്റ്റില്‍. അറസ്റ്റിലായവരില്‍ ഒരാള്‍ ഷാര്‍പ്പ് ഷൂട്ടറാണ്.
അക്രമികള്‍ സഞ്ചരിച്ചിരുന്ന ബൈക്കും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അറസ്റ്റിലായവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
ഉത്തര്‍പ്രദേശിലെ ബിജ്നോറില് വിവാഹത്തില്‍ പങ്കെടുത്ത ശേഷം കുടുംബസമേതം ഡല്‍ഹിയിലേക്ക് മടങ്ങുമ്പോഴാണ് ബൈക്കിലെത്തിയ രണ്ടംഗ അക്രമി സംഘം അഹമ്മദിന്റെ കാര്‍ തടഞ്ഞു നിര്‍ത്തിയശേഷം വെടിവച്ചു കൊലപ്പെടുത്തിയത്. 16 തവണയാണ് അഹമ്മദിനുനേര്ക്ക് ഇവര്‍ വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ പരിക്കേറ്റ അഹമ്മദിന്റെ ഭാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പതിനാലും പതിനൊന്നും വയസ്സുള്ള മക്കളുടെ മുന്നില്‍ വച്ചായിരുന്നു ആക്രമണം.
അഹമ്മദ് പങ്കെടുത്ത വിവാഹത്തിന്റെ വീഡിയോയില്‍ അപരിചിതരായ രണ്ടുപേരെ കണ്ടെത്തിയിരുന്നു. എന്നാല്‍ അവര്‍ക്ക് കൊലപാതകവുമായി ഒരു ബന്ധവുമില്ലെന്ന് പൊലീസ് പറഞ്ഞു. എന്‍ഐഎയും ഉത്തര്‍ പ്രദേശ് പൊലീസും മറ്റു സുരക്ഷാ ഏജന്‍സികളും ചേര്‍ന്നാണ് കേസ് അന്വേഷിക്കുന്നത്. എന്നാല്‍ അഹമ്മദിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.