അഴിമുഖം പ്രതിനിധി
പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ സംഭവിച്ച വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 114 ആയി ഉയര്‍ന്നു. ബേണ്‍ ഐസിയുവില്‍ ചികിത്സയിലായിരുന്ന പരവൂര്‍ സ്വദേശി സത്യനാണ്(40) ഇന്നു മരിച്ചത്. അഞ്ചുപേര്‍ ഇപ്പോഴും അതീവഗുരുതരാവസ്ഥയില്‍ ആണ്.
അതേസമയം ക്ഷേത്രത്തില്‍ മത്സരക്കമ്പം നടത്താന്‍ പൊലീസിന്റെ മൗനാനുവാദം ഉണ്ടായിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. കമ്പത്തിന്റെ തലേന്ന് പൊലീസിന്റെ സാന്നിധ്യത്തില്‍ ക്ഷേത്രഭാരവാഹികളുടെ യോഗം കൂടിയിരുന്നു. ഈ യോഗത്തിലാണ് മത്സരക്കമ്പത്തിന് പൊലീസിന്റെ മൗനാനുവാദ ഉണ്ടായത്. എന്നാല്‍ മൈക്കിലൂടെ മത്സരക്കമ്പത്തിന്റെ കാര്യം വിളിച്ചു പറയരുതെന്നും വെടിക്കെട്ടിന്റെ തീവ്രത കുറയ്ക്കണമെന്നും പൊലീസ് ക്ഷേത്രഭാരവാഹികളോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ പൊലീസിന്റെ നിര്‍ദേശം പാലിക്കപ്പെട്ടില്ല എന്നതാണ് ദുരന്തം വ്യക്തമാക്കുന്നത്. പൊലീസില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനായി ചാത്തന്നൂര്‍ എ സി പി, പരവൂര്‍ സി ഐ എന്നിവരുടെ മൊഴിയെടുക്കും. കളക്ടറുടെയും എഡിഎമ്മിന്റെയും മൊഴിയെടുക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.
അതേസമയം വെടിക്കെട്ടിന് അനുമതി നിഷേധിച്ച കളക്ടറുടെ നടപടിയെ ധിക്കരിച്ചുകൊണ്ടാണ് മത്സരക്കമ്പത്തിന് പൊലീസ് അനുമതി നല്‍കിയതെന്നാണ് പുതിയ കണ്ടെത്തലുകള്‍ പറയുന്നത്.