തിരുവനന്തപുരം പാളയത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടാരുന്ന പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതി എസ്എഫ്ഐ നേതാവ് നസീം കീഴടങ്ങി. ഉച്ചയ്ക്ക് ഒരു മണിയോടെ കന്റോണ്‍മെന്റ് സ്റ്റേഷനിലാണു കീഴടങ്ങിയത്. ഡിസംബര്‍ 12 ഉണ്ടായ സംഭവത്തിന് ശേഷം ഇയാൾ ഒളിവിലായികുന്നു.
എന്നാൽ നസീം ദിവസങ്ങള്‍ക്കു മുന്‍പു മന്ത്രി എ.കെ.ബാലന് പങ്കെടുത്ത പരിപാടിയില്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടത് വിവാദമായതിന് പിറകെയാണ് നടപടി. ദൃശ്യങ്ങൾ പുറത്തായതിന് പിറകെ എസ്എഫ്ഐ നേതാവിനെ ന്യായീകരിച്ച് സിപിഎം നേതൃത്വം രംഗത്തെത്തിയിരുന്നു. പരുക്കേറ്റ പൊലീസുകാരന് ബിജെപിക്കാരനായതുകൊണ്ടാണ് പ്രതി നസീമിനെതിരെ മൊഴി കൊടുത്തതെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ പ്രതികരണം. നസീം നിരപരാധിയാണെന്നും പൊലീസുകാരെ തല്ലിയ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നും ആനാവൂര്‍ അവകാശപ്പെട്ടു.
സിഗ്നലില്‍ ബൈക്ക് തടഞ്ഞുവെന്ന് ആരോപിച്ച് എസ്എപി ക്യാംപിലെ വിനയ ചന്ദ്രന്, ശരത് എന്നീ പൊലീസുകാര്‍ക്കാണു നടുറോഡില്‍ മര്‍ദനമേറ്റത്. ട്രാഫിക് നിയമം ലംഘിച്ചെത്തിയ ബൈക്ക് തടഞ്ഞതാണ് പ്രകോപനത്തിന് കാരണം. ഇയാള്‍ പറഞ്ഞതനുസരിച്ച് യൂണിവേഴ്സിറ്റി കോളജില്‍നിന്നെത്തിയ വിദ്യാര്‍ഥികളുടെ സഘം പൊലീസുകാരെ മര്‍ദിക്കുകയായിരുന്നു.