അവസാന ഓവറുകളില്‍ ഇന്ത്യന്‍ സ്കോറിംഗിനെ മുന്നോട്ട് നീക്കിയ മഹേന്ദ്ര സിംഗ് ധോണിയാണ് ടീമിന്റെ ടോപ്സ്കോറര്‍
ന്യൂസിലാന്‍ഡിനെതിരെയുള്ള ആദ്യ ടി20 യില്‍ ഇന്ത്യക്ക് തോല്‍വി. വെല്ലിംഗ്ടണില്‍ 80 റണ്‍സിന്റെ വമ്പന്‍ ജയമാണ് കിവീസ് സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 220 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ ഇന്നിംഗ്സ് 139 റണ്‍സ് അവസാനിക്കുകയായിരുന്നു. ടി20 ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പരാജയം കൂടിയാണിത്. വിജയത്തോടെ മൂന്ന് മത്സര ടി20 പരമ്പരയിലും ന്യൂസിലന്‍ഡ് മുന്നിലെത്തി. സ്കോര്‍ : ന്യൂസിലന്‍ഡ് – 219/6 (20 ഓവര്‍), ഇന്ത്യ – 139/10 (19.2 ഓവര്‍).
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മ്മയുടെ വിക്കറ്റ് നഷ്ടമായി. ഒരു റണ്‍സെടുത്ത രോഹിത് പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 18/1. ശിഖാര്‍ ധവാന് 3 സിക്സറുകളുമായി തകര്‍ത്തടിച്ചെങ്കിലും ലോക്കി ഫെര്‍ഗൂസന്റെ കിടിലന്‍ ബോളില്‍ വീണു. മൂന്നാമനായി സ്ഥാനക്കയറ്റം ലഭിച്ചെത്തിയ വിജയ് ശങ്കറിനും മികച്ച തുടക്കം ലഭിച്ചെങ്കിലും വലിയ സ്കോറാക്കി അതിനെ മാറ്റാന്‍ താരത്തിന് കഴിഞ്ഞില്ല. 18 പന്തില്‍ 27 റണ്‍സെടുത്ത് താരം മടങ്ങി. ഋഷഭ് പന്ത്(4), ദിനേഷ് കാര്‍ത്തിക്ക് (5), ഹാര്‍ദിക് പാണ്ട്യ (4) എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ ബാറ്റ്സമാന്മാരുടെ സ്കോറിംഗ്. അവസാന ഓവറുകളില്‍ ഇന്ത്യന്‍ സ്കോറിംഗിനെ മുന്നോട്ട് നീക്കിയ മഹേന്ദ്ര സിംഗ് ധോണിയാണ് ടീമിന്റെ ടോപ്സ്കോറര്‍ (39 റണ്‍സ്). ന്യൂസിലന്‍ഡിന് വേണ്ടി ടിം സൗത്തി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.