അഴിമുഖം പ്രതിനിധി
റിയോ ഡി ജനീറോയില്‍ നടക്കുന്ന ഒളിമ്പിക്സില്‍ ജിംനാസ്റ്റിക്സില്‍ പങ്കെടുക്കാന്‍ ദീപ കര്‍മാകര്‍ യോഗ്യത നേടി. ഇന്ത്യയില്‍ നിന്നും ജിംനാസ്റ്റിക്സിന് യോഗ്യത നേടുന്ന ആദ്യ വനിതയെന്ന റെക്കോര്‍ഡ് ഇനി ദീപയ്ക്ക് സ്വന്തം. റിയോ ഒളിമ്പിക്സിനുള്ള അവസാന യോഗ്യത മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ചാണ് അവര്‍ ഒളിമ്പിക്സിനുള്ള ടിക്കറ്റ് സ്വന്തമാക്കിയത്. വനിതകളുടെ ആര്‍ട്ടിസ്റ്റിക് വിഭാഗത്തിലേക്കാണ് അവര്‍ യോഗ്യത നേടിയിരിക്കുന്നത്.
ദീപ മൊത്തം 52.698 പോയിന്റുകളാണ് നേടിയത്. ഏറ്റവും കഠിനമായ പ്രൊഡുനോവ അഭ്യാസത്തില്‍ അവര്‍ 15.066 പോയിന്റുകള്‍ നേടി. ആകെ മത്സരിച്ച 14 പേരില്‍ ഒന്നാമതായിരുന്നു പ്രൊഡുനോവയില്‍ അവര്‍. എന്നാല്‍ അസന്തുലിത ബാറിലെ അഭ്യാസത്തില്‍ അവര്‍ക്ക് 11.700 പോയിന്റുകളേ അവര്‍ക്ക് നേടാനായുള്ളൂ. പിന്നില്‍ നിന്ന് രണ്ടാം സ്ഥാനം. ബീം, ഫ്ളോര്‍ അഭ്യാസങ്ങളില്‍ ഈ ത്രിപുരക്കാരി യഥാക്രമം 13.366, 12.566 പോയിന്റുകള്‍ നേടി. ഇനി മൂന്ന് കാറ്റഗറികളിലെ അഭ്യാസങ്ങള്‍ കൂടെ പൂര്‍ത്തിയാകാനുണ്ട്. അതിനുശേഷമേ അന്തിമ റാങ്കിങ് തീരുമാനമാകൂ.
കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം സ്ഥാനം മാത്രം നേടിയ അവര്‍ക്ക് അന്ന് ഒളിമ്പിക്സിന് യോഗ്യത നേടാനായില്ല.
2014-ലെ ഗ്ലാസ്കോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലം നേടി അവര്‍ കോമണ്‍വെല്‍ത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യാക്കാരിയാകുകയും ചെയ്തിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നതും ചരിത്രത്തിലെ ആദ്യ ഇന്ത്യാക്കാരിയെന്ന റെക്കോര്‍ഡുമായാണ്.