ശ്രീജിത പി.വി
ഒഴിവു ദിവസത്തെ കളി എന്നെ സംബധിച്ചിടത്തോളം ആണ്‍ലോകത്തിലെ അക്രമാസക്തമായ തമാശകളുടെയും ആഹ്ലാദത്തിന്റെയും ഒരു കാഴ്ചയാണ്. അത് ആ അര്‍ത്ഥത്തില്‍ രസകരമാണ്. കളികള്‍ ഒരു വിഷയമാവുന്നതില്‍ വളരെയധികം പ്രാധാന്യമുണ്ട്. എന്തുകൊണ്ട് നമ്മള്‍ കളിക്കാതിരിക്കുന്നു എന്ന് ചിലരെങ്കിലും ചോദിക്കുന്നുണ്ടെങ്കില്‍ അത് നല്ലതാണ്. കളിയില്‍ കാര്യം വേണമെന്ന യുക്തി ഉടന്‍ തന്നെ സിനിമ കാര്യമായെടുക്കുന്നു. സ്ത്രീ, ജാതി എന്നിങ്ങനെ സാംസ്കാരിക തലത്തിലെ രാഷ്ട്രീയവും വോട്ട് ചെയ്യാന്‍ പോകുന്നതിന്റെ ഭാഗമായി ഉയരുന്ന പല ഇടങ്ങളും അതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളും രസകരമാണ്. അതില്‍ കവിഞ്ഞു അതിലെ രാഷ്ട്രീയം ഒട്ടും ആഴത്തിലേക്ക് ഇറങ്ങുന്നില്ല. ആഴങ്ങള്‍, കൊടുമുടികള്‍ എല്ലാം അപ്പോഴും ഒരു ആണറയില്‍ ഒതുങ്ങുന്നു.
ആണുങ്ങളുടെ കഥ പറയുമ്പോഴും സ്ത്രീലോകം കാണിക്കാവുന്നതാണ്. എത്ര കുറവാണ് നമ്മുടെ കലാകാരന്മാര്‍ സ്ത്രീകളുടെ ലോകം കണ്ടെത്തുന്നത്? എത്ര ദരിദ്രമാണ് അവരുടെ സ്ത്രീലോക സങ്കല്‍പ്പങ്ങള്‍. ആഘോഷങ്ങള്‍ക്ക് കൊഴുപ്പ് കൂട്ടാന്‍ സ്ത്രീകളെ സമീപിക്കുന്ന പുരുഷന്മാര്‍, എന്ത് വില കൊടുത്തും ചാരിത്ര്യം സംരക്ഷിക്കുന്ന സ്ത്രീ. വെട്ടാന്‍ കൈയോങ്ങുമ്പോള്‍ ഹാളില്‍ കയ്യടി. പുരുന്മാരുടെ ആശ്വാസം. അതെന്താ പ്ലെഷര്‍ ഒന്നും സ്ത്രീകള്‍ക്ക് വേണ്ടേ? മുറുമുറുപ്പും ആക്രോശവും ഒറ്റക്കുള്ള ജീവിതവും മതിയോ? കഷ്ടം.
കളി കാര്യമാവുന്ന ജാതി മേഖലയിലും മേല്‍ജാതിയുടെ കാഴ്ചയിലുള്ള ഒരു വ്യവഹാരം എന്നതിനപ്പുരത്തെക്ക് സിനിമ പോവാത്തതെന്താണോ എന്തോ! കീഴ്ജാതിക്കാരന്‍ കള്ളനായി മാറുന്നത് ഏതു “fatal accident”-ന്റെ ഭാഗമാണ്?
മരണം സംഭവിച്ചതിനു ശേഷമുള്ള ക്യാമറ യാത്ര ചെയ്യുന്നത് ജയിലിനെ ഓര്‍മിപ്പിക്കുന്ന ചില വാതിലുകളിലൂടെയും വെള്ള പൂക്കളിലൂടെയും. ഭീതി ജനിപ്പിക്കുന്ന പശ്ചാത്തല സംഗീതം തന്നെ.
പക്ഷെ ക്ഷമിക്കണം. ആ കാണിക്കുന്നതും കേള്‍പ്പിക്കുന്നതും അക്രമം അനുഭവിച്ചവരുടെയോ അത് അനുഭവിച്ചു കൊണ്ടിരിക്കുന്നവരുടെയോ കാഴ്ചയും കേള്‍വിയുമല്ല. അതനുഭവിക്കുന്ന വലിയൊരു വിഭാഗത്തോട് പ്രത്യേകിച്ചു സ്നേഹമൊന്നും അവിടെയൊന്നും കേള്‍ക്കാനില്ല. കൂടുതലും ജീവിതം ജീവിച്ച, ഇനി ജയില്‍ ഭീതിയിലേക്ക് കടക്കാന്‍ പോകുന്ന, എന്നാല്‍ ഉറപ്പില്ലാത്ത ആ ഒരു വിഭാഗത്തിന്റെ ആശങ്കയെയാണ് അപ്പോഴും സിനിമ ഓര്‍മിപ്പിക്കുന്നത്.
(ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ അധ്യാപികയാണ് ശ്രീജിത)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial position)