വി ഉണ്ണികൃഷ്ണന്
വ്യക്തമായ ലക്ഷ്യബോധവും കണക്കുകൂട്ടലുകളും ഇല്ലാതെ ഉയരുന്ന സമരങ്ങള്‍ക്ക് ആയുസ്സില്ലാതെ പോകുന്നത് സ്ഥിരം കാഴ്ചയാണ്. കാലങ്ങള്‍ക്ക് മുന്‍പ് തന്നെ ഇതിനുള്ള ഉദാഹരണങ്ങള്‍ നമ്മള് കണ്ടിട്ടുള്ളതുമാണ്. എന്നാല്‍ ഭൂമിക്കുവേണ്ടി അരിപ്പയില്‍ ആദിവാസി-ദളിത് സമൂഹം നടത്തുന്ന സമരം ഇന്നും തുടരുന്നു എന്നുള്ളത് പലരെയും അതിശയിപ്പിക്കുന്ന ഒന്നാണ്.സമരം നാലു വര്‍ഷം തികയ്ക്കാന്‍ ഇനി ഏതാനും മാസങ്ങള്‍ മാത്രമാണ് ബാക്കി.
എന്തുകൊണ്ട് ഇവര്‍ തകരാതെ ഒരുമിച്ചു മുന്നോട്ടു പോകുന്നു? അതിനുത്തരം അറിയണമെങ്കില്‍ ഒരിക്കലെങ്കിലും അരിപ്പ സമരഭൂമിയില്‍ പോകണം. അവരുടെ ജീവിതം മുന്നോട്ടുപോകുന്നത് എങ്ങനെ എന്ന് മനസ്സിലാക്കണം.
എന്നുവച്ച് സമരഭൂമിയില്‍ ഓടിച്ചെന്നു കയറാം എന്ന് വിചാരിക്കരുത്. അവര്‍ക്ക് എല്ലാറ്റിനും സ്വന്തമായി ഒരു സിസ്റ്റമുണ്ട്. ആ പ്രോപ്പര്‍ ചാനലില്‍ കൂടി മാത്രമേ സമരഭൂമിയില്‍ എന്തും നടക്കൂ.
ആദ്യം അവിടത്തെ സുരക്ഷാ രീതികളെക്കുറിച്ചു തന്നെ പറയാം, എന്തിനാണ് അങ്ങിനെയൊരു സംവിധാനം എന്നും.
അരിപ്പ ഹിന്ദുസ്ഥാന്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോളെജിനു സമീപമുള്ള സമരഭൂമിയിലേക്ക് കയറുമ്പോള്‍ ‘സമരഭൂമിയിലേക്ക് സ്വാഗതം’ എന്നെഴുതിയ ഒരു കമാനം കാണാം. അവിടെ നിന്നും മുന്നോട്ടു പോയാല്‍ ആദ്യം കാണുക കൌണ്ടര്‍ നമ്പര്‍ ഒന്നായിരിക്കും. കൌണ്ടറില്‍ നിന്നുള്ള അനുമതിയുണ്ടെങ്കില്‍ മാത്രമേ അകത്തുള്ളവരെ കാണാന്‍ സാധിക്കൂ. തീര്‍ന്നില്ല… സമരനേതാവ് ശ്രീരാമന് കൊയ്യോന്റെ പ്രത്യേക അനുമതി ലഭിച്ചാല്‍ മാത്രം മറ്റുള്ള കൌണ്ടറുകളിലും കുടിലുകളിലും പോകാനാവൂ. താമസക്കാരില്‍ ഒരാള്‍ പുറത്തോട്ടു പോയാല്‍ അവരും അതാത് കൌണ്ടറുകളില്‍ പേരുവിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടേ പോകാറുള്ളൂ.
ഇനി എന്തുകൊണ്ട് ഇത്തരം സംവിധാനങ്ങള്‍ ഇവിടെ നടപ്പിലാക്കി എന്ന് പറയാം. സമരത്തിന്റെ ആരംഭഘട്ടത്തില്‍ പുറത്തു നിന്നുള്ള ആക്രമണത്തിനിനിരയായവര് ഏറെയുണ്ടിവിടെ. സമരഭൂമിയിലെ ഒരു കിണറിന് സമീപം അഞ്ചുപേര്‍ മദ്യപിക്കുന്നത് ചോദ്യം ചെയ്ത 53 വയസ്സകാരി കുഞ്ഞിമോള് ശാരീരികമായ കയ്യേറ്റത്തിന് വിധേയയാവുകയും അവരെ സഹായിക്കാനെത്തിയ സുലൈഖ ആക്രമിക്കപ്പെടുകയും ചെയ്തു. സമാനമായ സംഭവങ്ങള്‍ പിന്നീടുമുണ്ടായി. ഭൂമി സ്വന്തമായിട്ടില്ല എങ്കിലും അഭിമാനം എന്നുള്ളത് എല്ലാവര്ക്കും ഒരുപോലെയാണ്. തങ്ങളുടെ ജീവനും അഭിമാനത്തിനും സുരക്ഷ തങ്ങള്‍ തന്നെ നല്‍കണം എന്ന് അവര്‍ അന്ന് മനസ്സിലാക്കി.
അങ്ങനെ മദ്യപന്മാരും പുറത്തുനിന്നു വരുന്ന അപരിചിതരും അനാവശ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിന് തടയിടാനായിസമര സമിതിക്കാര്‍ നടപ്പിലാക്കിയതാണ് ഈ സുരക്ഷാ ക്രമീകരണങ്ങള്‍. പുറത്തു നിന്നുള്ളവര്‍ പോയിട്ട് അകത്തുള്ളവര്‍ പോലും മദ്യപിച്ചു വന്നാല്‍ നില്‍ക്കേണ്ടത് കൌണ്ടറിനു വെളിയില്‍. സമരഭൂമി ഒരു മദ്യരഹിത മേഖലയാണ് എന്ന് തന്നെ പറയാം.
ആകെ നാലു കൌണ്ടറുകളാണ് അവിടെയുള്ളത്. ഒന്നാം കൌണ്ടര്‍ ആണ് കൂടുതല്‍ ആക്റ്റിവ് ആയിരിക്കുക. എപ്പോഴും ഒന്നോ രണ്ടോ പേര് കൌണ്ടറില്‍ കാണും. സമരഭൂമിയിലെ അന്തേവാസികളുടെ ലിസ്റ്റ്, ഫോണ്‍ നമ്പറുകള്‍ എന്നിവ എല്ലാം അവിടെ ഉണ്ടാവും. ഒരു കൌണ്ടറിന് ഒരു മൊബൈല്‍ ഫോണ്‍. അതാത് സമയത്ത് കൌണ്ടറില്‍ ഇരിക്കുന്ന വ്യക്തിയാവും ഫോണ്‍ സൂക്ഷിക്കുക.
കൌണ്ടറിനടുത്തായി പ്രാര്‍ഥനാമുറി. ഈ മുറിയ്ക്ക് ഇവരുടെ ജിവിതത്തില്‍ വലിയൊരു സ്ഥാനമുണ്ട്. രാവിലെ 9, വൈകിട്ട് 6 മണി എന്നീ സമയങ്ങളില്‍ ഇവിടെ വച്ചാണ് അതാത് കൌണ്ടറിലെ അന്തേവാസികള്‍ ഒരുമിക്കുക. പ്രാര്‍ത്ഥന, ചര്‍ച്ചകള്‍, തര്‍ക്കങ്ങള്‍, ആഘോഷങ്ങള്‍ എന്നിങ്ങനെ എല്ലാം നടക്കുക അവിടെയാണ്.
സമരഭൂമിയിലെ സുരക്ഷാസംവിധാനങ്ങളെക്കുറിച്ച് അടിസ്ഥാനരഹിതമായ ചില ആരോപണങ്ങളും നേരത്തെ ഉയര്‍ന്നിരുന്നു. സമരഭൂമിയില്‍ ജയിലും പ്രത്യേക ശിക്ഷകളും ചെക് പോസ്റ്റുകളും ഉണ്ടെന്നും പുറത്തുനിന്ന് വരുന്നവരില്‍ നിന്ന് പ്രവേശനത്തിന് പാസ് വാങ്ങുന്നു എന്നുമായിരുന്നു പറഞ്ഞു പരത്തിയിരുന്നത്. ഇവിടം സന്ദര്‍ശിച്ചാല്‍ ആ തെറ്റിദ്ധാരണ മാറിക്കിട്ടും. ഇതിനുള്ളില്‍ താമസിക്കുന്നത് ഒരു തുണ്ട് ഭൂമി ലഭിക്കും എന്ന പ്രതീക്ഷയില്‍ കഴിയുന്ന സാധുക്കള്‍ ആണെന്നും.
ഇനി സമരഭൂമിയുടെ അകത്തളങ്ങളിലേക്ക്…
കറുപ്പും നീലയും നിറത്തിലുള്ള പ്ലാസ്റ്റിക് ഷീറ്റുകള്‍ വലിച്ചുകെട്ടിയതാണ് ഓരോ കുടിലുകളും. വീടുകള്‍ക്ക് പ്രത്യേകം നമ്പര്‍ ഉണ്ട്. അയ്യങ്കാളിയെയും അംബേദ്കറെയും ആരാധിക്കുന്ന ക്ഷേത്രങ്ങള്‍, സമരഭൂമിയിലെ കുട്ടികള്‍ക്കായുള്ള അംഗന്‍വാടി, സമ്മേളന വേദികള്‍, കാര്‍ഷികോത്പ്പന്നങ്ങളുടെ സംഭരണശാല എന്നിങ്ങനെ പട്ടിക നീളുന്നു.
പതിറ്റാണ്ടുകളോളം കൃഷിയില്ലാതെ കിടന്ന വയല്‍ പ്രദേശം ജൈവ കാര്‍ഷിക രീതി പരീക്ഷിച്ച് ഫലഭൂയിഷ്ടമായ രീതിയിലേക്ക് ഇവര്‍ മാറ്റിയിരിക്കുകയാണ്. കീടനാശിനികളില്ലാത്ത പച്ചക്കറികളും വാഴ, കപ്പ എന്നിവയും ചേമ്പ്, ചേന പോലെയുള്ള കിഴങ്ങിനങ്ങളും ഇവിടെ കൃഷി ചെയ്യുന്നു. കാലവര്‍ഷം ആരംഭിക്കുന്നതോടെ നെല്‍ക്യഷിയും ആരംഭിക്കും. ആവശ്യമായ ജലത്തിനായി ശാസ്ത്രീയമായ രീതിയില്‍ ഇരുപതോളം കിണറുകള്‍ ഇവര്‍ നിര്‍മ്മിച്ചിട്ടുണ്ട്.
ദളിത്-ആദിവാസി വിഭാഗങ്ങളെ കൃഷിയുടെ പാരമ്പര്യത്തിലേക്ക് മടക്കിക്കൊണ്ടു പോകാനായത്തോടെ മാനസിക പിരിമുറുക്കം കുറയ്ക്കാനും തങ്ങളുടെ ശക്തി ബോധ്യപ്പെടുത്താനും നേതൃത്വത്തിനു സാധിച്ചു.
കൂടാതെ ഉദ്പാദിപ്പിച്ച അരി, പച്ചക്കറികള്‍, കപ്പ, വാഴ, ഉമിക്കരി, ലോഷന്‍, മെഴുകുതിരി, ബാര്‍ സോപ്പ്, ബാത്ത് സോപ്പ് എന്നിവ ‘അരിപ്പ ഫ്രഷ്’ എന്ന പേരില്‍ വിപണനം നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു ഇവര്‍.
മറ്റൊരു ശ്രദ്ധേയമായ വസ്തുത ഇവിടെയുള്ള 4000ല്‍ അധികം റബ്ബര്‍ മരങ്ങളാണ്. സ്ഥലത്തെ പ്രമാണിമാര്‍ രാത്രികാലങ്ങളില്‍ റബര്‍ വെട്ടുകയും അവരുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമായിരുന്നു. ഇപ്പോള്‍ ടാപ്പിംഗ് നിലച്ചിട്ട് മൂന്നര വര്‍ഷത്തിനു മുകളിലാവുന്നു. സമരഭൂമിയിലെ അന്തേവാസികള്‍ തങ്ങള്ക്കാവുമായിരുന്നിട്ടും ഒരിക്കല്‍ പോലും റബ്ബര്‍ പാല് എടുക്കാനുള്ള ശ്രമം നടത്തിയിട്ടില്ല. റബ്ബര്‍ മരങ്ങളിലെ മുറിവുണങ്ങിയത് പോലെയുള്ള പാടുകള്‍ അത് വ്യക്തമാക്കിത്തരും.
ഇവിടത്തെ ഓരോ അന്തേവാസിയും ഓരോ ജോലികള്‍ക്കായി പുറത്തു പോകുന്നു. സ്ത്രീകള്‍ അടുത്തുള്ള പനങ്കാട്ടില് നിന്നും അടര്‍ന്നു വീഴുന്ന ഓല ഉപയോഗിച്ചു ചൂലുകള്‍, കൊട്ടകള്‍ എന്നിവ നിര്‍മ്മിക്കും. ചെറുപ്പക്കാര്‍ അത് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി വില്‍ക്കും. മറ്റു ചിലര്‍ കൂലിപ്പണിയ്ക്കു പോകും. ഇവിടെ ആശാരിപ്പണി മുതല്‍ മൈക്കാട് വരെയുണ്ട്. ആരെയും ശല്യപ്പെടുത്താതെ അവര്‍ ജീവിക്കുന്നു.
ഈ സംവിധാനങ്ങളുടെ എല്ലാം കേന്ദ്രബിന്ദു ശ്രീരാമന് കൊയ്യോന്‍ എന്ന ആദിവാസി ദളിത് മുന്നേറ്റ സമിതി നേതാവാണ്. സാധാരണഗതിയില്‍ എന്നേ വിഘടിച്ചു പോകേണ്ടിയിരുന്ന ഒരു സമൂഹത്തെ ഒരുമിച്ചു നിര്‍ത്തുന്നത് കൊയ്യോനാണ്. ഇന്ന് 1500ല്‍ അധികം കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. ഭൂമിക്കു വേണ്ടി വ്യക്തമായ ലക്ഷ്യത്തോടെ മുന്നോട്ടു പോകുകയാണ് ഈ ജനത ഇന്ന്.
(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ലേഖകന്‍)