UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദേശാഭിമാനി ചെയ്തത് തെറ്റ്; പക്ഷേ ഈ നെറികെട്ട ചര്‍ച്ചകൊണ്ട് ആദിവാസിയുടെ പട്ടിണി മറയ്ക്കാനാവില്ല

രാകേഷ് സനല്‍

എപെക്സ് അള്‍ട്ടിമ പെയിന്റ് അടിച്ച വീട്, പറമ്പില്‍ കൂട്ടിയിട്ടിരിക്കുന്ന ആയിരം തേങ്ങ, അകത്തെ മുറിയിലിരിക്കുന്ന അരച്ചാക്ക് അരി, ഒരേക്കര്‍ റബര്‍ തോട്ടം, അയ്യായിരം രൂപയുടെ സൈക്കിള്‍, സെന്റ്. തോമസ് എന്ന മുന്തിയ ഇനം അണ്‍ എയ്ഡഡ് സ്‌കൂളിലെ പഠനം, പോരാത്തത്തിന് ട്യൂഷനും; കണ്ണൂര്‍ പേരാവൂര്‍ പഞ്ചായത്തിലെ ചെങ്ങോത്ത് പൊരുന്നന്‍ രവിയുടെ മകള്‍ പതിനഞ്ചുകാരി ശ്രുതിമോള്‍ ആത്മഹത്യ ചെയ്തത് പട്ടിണി മൂലമല്ലെന്ന് തെളിയിക്കാന്‍ നിരത്തുന്ന സാമ്പത്തിക സ്ഥിതിവിവര കണക്കുകളാണ് ഇത്.

ശരിയാണ്, ശ്രുതി ആത്മഹത്യ ചെയ്തത് പട്ടിണി മൂലമല്ല. ആ തരത്തില്‍ വന്ന വാര്‍ത്തയും പിന്നീട് സോഷ്യല്‍ മീഡിയയില്‍ നടന്ന കണ്ണീരഞ്ജലി പോസ്റ്റുകളും യാഥാര്‍ത്ഥ്യമറിയാതെയുള്ളതായിരുന്നു. ശ്രുതിയുടേത് പട്ടിണി കൊണ്ടുള്ള ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ഒരു വിഭാഗത്തിന്റെ ശ്രമം പൊളിച്ചു കാട്ടാനാണ് കുറിച്യ വിഭാഗക്കാരനായ രവിയുടെ സാമ്പത്തിക നിലയുടെ കണക്കെടുത്ത് പ്രചരിപ്പിച്ചിരിക്കുന്നത്. തെറ്റായ/സ്വാര്‍ത്ഥലക്ഷ്യത്തോടെയുള്ള മാധ്യമപ്രചരണത്തിന് മറുപടി കൊടുക്കേണ്ടതു തന്നെയാണ്. പക്ഷെ പട്ടിണിയുണ്ടെന്നു പറഞ്ഞവരും പട്ടിണിയില്ലെന്നു പറയുന്നവരും തമ്മില്‍ തല്ലുമ്പോള്‍ ആ അടിയെല്ലാം കൊള്ളുന്നത് പിന്നെയും ആദിവാസിയുടെ മേലാണെന്നു മാത്രം. ദേശാഭിമാനിയുടെ വാര്‍ത്ത തെറ്റിദ്ധാരണാജനകമാണ്, ബോധപൂര്‍വം അങ്ങനെയൊരു നീക്കം നടത്തിയ ആ മാധ്യമപ്രവര്‍ത്തനം അന്തസ് കെട്ടതുമാണ്. പക്ഷേ ആയിരം തേങ്ങയുടെയും അര ചാക്ക് അരിയുടെയും കണക്കു പറഞ്ഞ് ആദിവാസികളുടെ സമ്പന്നതയുടെ അളവുകോല്‍ നിശ്ചയിക്കുന്ന മറുവാദമുണ്ടല്ലോ, അതാണ് കൂടുതല്‍ നെറികെട്ടത്. വിശപ്പിന്റെ രാഷ്ട്രീയം മുതലെടുപ്പിന്റെതാക്കരുത്.

ശ്രുതിമോളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ദേശാഭിമാനിയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ശ്രീജിത്ത് എന്ന പ്രാദേശിക ലേഖകന്‍ ഇക്കാര്യത്തില്‍ തങ്ങളുടെ ഭാഗത്തു നിന്ന് യാതൊരു വീഴിച്ചയും ഉണ്ടായിട്ടില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. പട്ടിണി മൂലം എന്ന വാക്ക് ഒരിടത്തും ഉപയോഗിച്ചിട്ടില്ലെന്നും വിശപ്പ് സഹിക്കാതെ ആത്മഹത്യ ചെയ്തൂ എന്നാണ് തങ്ങള്‍ വാര്‍ത്തയില്‍ പറഞ്ഞിട്ടുള്ളതെന്നുമാണ് ലേഖകന്‍ പറയുന്നത്. ശ്രുതിയുടെ ആത്മഹത്യ കുറിപ്പിലെ കാരണങ്ങളാണ് വാര്‍ത്തയ്ക്ക് ആധാരമാക്കിയതെന്നും ശ്രീജിത്ത് പറയുന്നു. ഈ ആത്മഹത്യ കുറിപ്പ് ശ്രീജിത്ത് നേരില്‍ വായിച്ചിട്ടില്ല. പൊലീസ് പറഞ്ഞറിവാണ്. എന്നാല്‍ സഹിക്കാനാവാത്ത ആ വിശപ്പ് പട്ടിണിമൂലമാണെന്ന് ധാരണ പരത്താന്‍ മതിയാകുന്ന തരത്തിലുള്ള (സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം ഉള്ളതുകൊണ്ടു കൂടി) റിപ്പോര്‍ട്ടായിരുന്നു ദേശാഭിമാനിയുടേത്. അതുകൊണ്ട് തന്നെയാണ് സോഷ്യല്‍ മീഡിയ ഒരിക്കല്‍ കൂടി ആദിവാസിയെ ഓര്‍ത്ത് ഞെട്ടിയതും കണ്ണീരൊഴുക്കിയതും.

ഇന്നലെ വൈകുന്നേരം വരെ ദേശാഭിമാനി വാര്‍ത്തയുടെ ചുവടുപിടിച്ചുള്ള വാദപ്രതിവാദങ്ങളും രാഷ്ട്രീയ ചര്‍ച്ചകളുമാണ് നടന്നത്. നേതാക്കന്മാരും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരും ആദിവാസി ജീവിതത്തിന്റെ ദൈന്യതയും രാഷ്ട്രീയ/ ഭരണകൂട അവഗണനകളും ഒരിക്കല്‍ കൂടി ഊതിക്കാച്ചി പുറത്തെടുത്തു. എന്നാല്‍ വൈകുന്നേരത്തോടുകൂടി കഥമാറി. ശ്രുതിയുടെ അച്ഛന്റെ വിശദീകരണമുള്‍പ്പെടെ ആത്മഹത്യയുടെ യഥാര്‍ത്ഥ കാരണം പട്ടിണിയല്ലെന്ന നിര്‍ണയത്തിലേക്ക് കാര്യങ്ങളെത്തി.

ശ്രുതിയുടെ ആത്മഹത്യക്ക് പറയുന്ന കാര്യങ്ങള്‍ ഇവയാണ്;

കൊട്ടിയൂര്‍ പന്ന്യാംമലയിലുള്ള കശുവണ്ടി തോട്ടത്തില്‍ കശുവണ്ടി പെറുക്കുന്ന ജോലിയുള്ളതിനാല്‍ (ചിലര്‍ പറയുന്നത് ഈ കശുവണ്ടി തോട്ടം രവി പാട്ടത്തിനെടുത്തതാണെന്നാണ്) ശ്രുതിയുടെ അച്ഛനും അമ്മയും അനിയനും അവിടെയാണ് താമസം. പഠനത്തിനുള്ള സൗകര്യാര്‍ത്ഥം ശ്രുതി അച്ഛമ്മയ്‌ക്കൊപ്പവും. വൃദ്ധയായ ശ്രുതിയുടെ അച്ഛമ്മ ഉപ്പാട്ടി ആരോഗ്യപ്രശ്‌നങ്ങളാല്‍ പലപ്പോഴും കിടപ്പ് തന്നെയാകും. സ്‌കൂള്‍ വിട്ടുവന്നാല്‍ ശ്രുതിയാണു പലപ്പോഴും ഭക്ഷണം പാകം ചെയ്യുന്നത്. ഇതില്‍ പെണ്‍കുട്ടിക്ക് മാനസികബുദ്ധിമുട്ട് ഉണ്ടായിരുന്നു. അമ്മയക്കും അച്ഛനും തന്നോട് താത്പര്യമില്ലാത്തതിനാലാണ് മാറി താമസിക്കുന്നതെന്ന വിചാരം ശ്രുതിക്കുണ്ടായിരുന്നു. അനിയനോടാണ് വാത്സല്യം കൂടുതലെന്ന തോന്നലും പെണ്‍കുട്ടിക്കുണ്ടായിരുന്നു. കഴിഞ്ഞിടയ്ക്ക് അയ്യായിരം രൂപ വിലയുള്ള സൈക്കില്‍ അനിയന് അച്ഛന്‍ വാങ്ങി നല്‍കിയത് ശ്രുതിയുടെ തോന്നലുകള്‍ കൂടുതല്‍ ഉറപ്പിച്ചു. ഇത്തരത്തില്‍ കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിയുടെ മനസിനെ മഥിച്ച വിഷമതകള്‍ ആണ് പെട്ടെന്നുണ്ടായ പ്രകോപന (വൈകിട്ട് സ്‌കൂള്‍ വിട്ടു വന്നപ്പോള്‍ പതിവുപോലെ അച്ഛമ്മ ആഹാരം ഉണ്ടാക്കി വച്ചിരുന്നില്ല. ഇതിന്റെ പേരില്‍ ഉപ്പാട്ടിയുമായി വഴക്കുണ്ടായി) ത്തിലാണ് ശ്രുതി ആത്മഹത്യ ചെയ്തതെന്നുമാണ് പറയുന്നത്. ഇതിനെ സാധൂകരിക്കുന്ന മൊഴികളാണ് അച്ഛന്‍ രവിയും പറയുന്നത്. അതോടെ ശ്രുതിയുടെ അത്മഹത്യ പട്ടിണി സഹിക്കാനാവാതെയല്ലെന്നും കൗമാര ചാപല്യത്താല്‍ നടന്നതാണെന്നും മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഉള്‍പ്പെടെ സ്ഥിരീകരിച്ചു. അതോടെ തെറ്റായ വാര്‍ത്ത നല്‍കി രാഷ്ട്രീയ മുതലെടുപ്പ് നടത്തിയ ദേശാഭിമാനിയും അതുവഴി സിപിഐഎമ്മും പ്രതിക്കൂട്ടിലായി. 

എന്നാല്‍ രസകരമായ മറ്റു ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാം. ശ്രുതി പട്ടിണി മൂലമല്ല ആത്മഹത്യ ചെയ്തതെന്ന് ചില മാധ്യമപ്രവര്‍ത്തകര്‍ ഉറപ്പിക്കുന്നതിനുള്ള കാരണങ്ങള്‍ കേള്‍ക്കുക;

ശ്രുതി താമസിക്കുന്ന വീട് എപെക്‌സ് അള്‍ട്ടിമ എന്ന പെയിന്റ് പൂശിയതാണ്, കുടുംബത്തിന് ഒരേക്കര്‍ റബര്‍ തോട്ടമുണ്ട്, കശുവണ്ടി തോട്ടം പാട്ടത്തിനെടുത്തയാളാണ് ശ്രുതിയുടെ അച്ഛന്‍ രവി, അനിയന്‍ അക്ഷയിന് കഴിഞ്ഞ ദിവസം വാങ്ങിയ സൈക്കിളിന് അയ്യായിരത്തിനടുത്താണ് വില, വീട്ടില്‍ ആയിരം തേങ്ങ കൂടിക്കിടപ്പുണ്ടായിരുന്നു, വീട്ടിനുള്ളില്‍ അര ചാക്ക് (ചിലര്‍ 75കിലോ എന്ന് കൃത്യമായി പറയുന്നു) ഇരിപ്പുണ്ടായിരുന്നു. ഇതിനെല്ലാം പുറമെ ആദിവാസികളിലെ സമ്പന്ന ഗോത്രമായ കുറിച്യ വിഭാഗത്തില്‍ പെട്ടവരാണ് ശ്രുതിയും കുടുംബവും.

ഒരു അദിവാസിയുടെ സാമ്പത്തിക നില അളന്നത് എത്രയെളുപ്പമാണ്. ഇത്രയുമൊക്കെയുണ്ടെങ്കില്‍ ആദിവാസി സമ്പന്നനാണ് എന്നാണോ? അതോ ഇത്രയുമൊക്കെ മതി ഒരു ആദിവാസിക്ക് സുഖമായി ജീവിക്കാനെന്നാണോ? ഈ പറയുന്നതാണ് അടിസ്ഥാനമെങ്കില്‍ ശ്രുതിയുടെ ആത്മഹത്യ ചിലര്‍ പറയുന്നതുപോലെ കൗമാര്യ ചാപല്യം തന്നെയാണ്. പക്ഷേ അരച്ചാക്ക് അരിയുടെയും ആയിരം തേങ്ങയുടെയും കണക്കില്‍ നിങ്ങള്‍ എഴുതി തള്ളുന്നത് ഇന്നാട്ടിലെ എല്ലാ ആദിവാസികളെയുമാണ്. അത് നെറികേടാണ്. നിങ്ങളുടെ രാഷ്ട്രീയം സംരക്ഷിക്കാന്‍ ആദിവാസിയെ ഇത്തരത്തില്‍ അപമാനിക്കരുത്.

ആദിവാസികള്‍ക്കിടയിലെ കൗമാര ആത്മഹത്യകള്‍ വര്‍ദ്ധിച്ചു വരികയാണ്. ഒരു ശ്രുതിയുടെ കഥമാത്രമായിരിക്കും നമ്മള്‍ കേട്ടത്. യാഥാര്‍ത്ഥ്യം ഭീകരമാണ്. അരക്ഷിതാവസ്ഥയില്‍ കഴിയുന്നവരാണ് കൂടുതല്‍ കുട്ടികളും. ഇവര്‍ക്ക് തങ്ങളുടെ വിഷമതകള്‍ പറയാന്‍ സൗകര്യമില്ല. മക്കളുടെ കാര്യങ്ങളില്‍ ശ്രദ്ധകൊടുക്കുന്ന മാതാപിതാക്കള്‍ ചുരുക്കമാണ്. വിദ്യാലയങ്ങളിലാകട്ടെ ആദിവാസി കുട്ടികളുടെ ജീവിതപ്രശ്‌നങ്ങള്‍ ചോദിച്ചറിയാന്‍ അധ്യാപകര്‍ മെനക്കെടാറില്ല, അല്ലെങ്കില്‍ പറയാന്‍ കുട്ടികള്‍ തയ്യാറാവുകയുമില്ല. ഇത്തരത്തില്‍ തങ്ങള്‍ക്ക് ആരുമില്ലെന്ന തോന്നലില്‍ നിസാരമായ കാര്യങ്ങള്‍ക്കുപോലും ആണും പെണ്ണുമടക്കമുള്ള കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. ഈ വാര്‍ത്തകള്‍ പുറംലോകം അറിയുന്നില്ല. മാധ്യമങ്ങള്‍പോലും ശ്രദ്ധിക്കുന്നില്ല. അതില്‍ തങ്ങള്‍ക്കുപയോഗിക്കാവുന്ന രാഷ്ട്രീയം ഉണ്ടാകുമെങ്കില്‍ മാത്രമാണ്(ദേശാഭിമാനി ചെയ്തതുപോലെ) മാധ്യമങ്ങള്‍ ഈ മരണങ്ങള്‍ വാര്‍ത്തയാക്കുന്നത്. ഒരു വിഭാഗത്തിനെതിരെയുള്ള വടിയായി മറുവിഭാഗത്തിനു ഉപയോഗിക്കാവുന്ന കാര്യങ്ങള്‍ മാത്രമാണ് ഇന്നേവരെ ആദിവാസി പ്രശ്‌നമായി പുറത്ത് ചര്‍ച്ചകളായിട്ടുള്ളത്. അല്ലാത്തവയെല്ലാം ആദിവാസികള്‍ക്കിടയില്‍ തന്നെ കെട്ടുപോവുകയാണ്.

ഇവിടെയിപ്പോള്‍ ശ്രുതിയെന്ന പെണ്‍കുട്ടിയെ മാധ്യമങ്ങളും പൊതുസമൂഹവും രാഷ്ട്രീയക്കാരും തരംപോലെ ഉപയോഗിക്കുകയാണ്. ഇത് യഥാര്‍ത്ഥത്തില്‍ ആദിവാസിയുടെ അഭിമാനത്തിനുമേല്‍ കയറി നിന്നുള്ള ചവിട്ടലാണ്. ആദിവാസിയുടെ അഭിമാനവും അപമാനവും എന്താണെന്നു ഞങ്ങള്‍ തീരുമാനിക്കുമെന്ന ധാര്‍ഷ്ട്യമാണ് നമ്മുക്കുള്ളത്. 

ശ്രുതിയുടെ മരണത്തില്‍ പട്ടിണിയുടെ വികലരാഷ്ട്രീയം കലര്‍ത്തുന്നതിനു പകരം ആദിവാസികള്‍ക്കിടയിലെ അരക്ഷിതബോധത്തെ കുറിച്ച് നമുക്ക് ആത്മാര്‍ത്ഥമായി ചര്‍ച്ച ചെയ്യാമായിരുന്നു. അതില്‍ പക്ഷേ മുതലെടുപ്പ് നടത്താന്‍ പറ്റില്ല. കുറ്റക്കാര്‍ നമ്മളെല്ലാവരുമാകും. അതുകൊണ്ട് തന്നെ ബുദ്ധിപൂര്‍വമായി കളിച്ചു. ആ കളി വളരെ തരംതാണു പോയി എന്നുമാത്രം.

ആദിവാസി പട്ടിണി അനുഭവിക്കുന്നുണ്ട്
ശ്രുതിയുടെ ആത്മഹത്യ പട്ടിണി മൂലമല്ലെന്ന് നാം സമര്‍ത്ഥിച്ചെടുത്തു. അതുകൊണ്ട് ആദിവാസി ഊരുകളിലൊന്നും പട്ടിണിയില്ലെന്ന് തീര്‍ച്ചപ്പെടുത്താമോ? പറ്റില്ല. യഥാര്‍ത്ഥ്യം അങ്ങനെയല്ല. ഉടനെ നിങ്ങള്‍ പറയാന്‍ പോകുന്നത് സൗജന്യമായും ഒരു രൂപയ്ക്കും രണ്ടു രൂപയ്ക്കുമൊക്കെ കൊടുക്കുന്ന അരിയെക്കുറിച്ചാണ്. അംഗന്‍വാടികള്‍ വഴി നല്‍കുന്ന ഉപ്പുമാവിന്റെയും പയറിന്റെയും ബീന്‍സിന്റെയുമൊക്കെ കണക്കു പറയും. ആരാണ് ആദിവാസി ഇതൊക്കെ കഴിച്ചാല്‍ മതിയെന്ന് നിശ്ചയിച്ചത്. നമ്മള്‍ അവര്‍ക്ക് വീടു പണിതു കൊടുത്തതുപോലെ. അവര്‍ക്ക് അവരുടെതായ ആവാസ്ഥവ്യവസ്ഥയുണ്ട്. പക്ഷേ എങ്ങനെ അവര്‍ താമസിക്കണമെന്ന് നമ്മള്‍ ഡിസൈന്‍ ചെയ്തു. അതുപോലെ ഭക്ഷണവും. എന്തു കഴിക്കണമെന്ന് നമ്മളങ്ങോട്ട് തീരുമാനിച്ചു. ആദിവാസിക്ക് അരികൊടുത്താല്‍ അവന്റെ വിശപ്പ് മാറില്ല. വിശപ്പ് മാറാന്‍ കഴിച്ചിരുന്നവ അവര്‍ക്കിന്നു കിട്ടുന്നില്ല. തങ്ങള്‍ക്കാവശ്യമായ പ്രൊട്ടീനും കലോറിയുമെല്ലാം അവരുടെ ഭക്ഷണത്തിലുണ്ടായിരുന്നു. പയറോ പരിപ്പോ ഉച്ചുകുത്തിയ അരിയോ അതിനൊന്നും പകരമാവില്ല. ഈ വൈരുദ്ധ്യം ആദിവാസി ഊരുകളില്‍ നിലനില്‍ക്കുമ്പോള്‍ ഏതെങ്കിലും ഒരു കുടുംബത്തിന്റെ പറമ്പില്‍ കൂട്ടിയിട്ടിരിക്കുന്ന തേങ്ങയുടെ എണ്ണമെടുത്ത് അവന്റെ വിശപ്പിനെ പുച്ഛിക്കരുത്.

കൊടുക്കുന്നതിന്റെ കണക്ക് നിരത്തുന്നവരോട്, ഒരു രൂപയ്ക്ക് കിട്ടുന്ന അരിവാങ്ങാന്‍ ആയിരത്തിയഞ്ഞൂറു രൂപ ജീപ്പുകൂലി മുടക്കേണ്ട ഗതികേട് നലിമ്പൂരൊക്കെ ചെന്നാല്‍ കാണാവുന്നതേയുള്ളൂ. എന്തെങ്കിലും കൊടുക്കുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ ഔദാര്യമായി കാണിക്കാതെ അവരുടെ അവകാശമാണെന്ന തോന്നലുണ്ടാക്കണം. അംഗന്‍വാടിയില്‍ നിന്ന് കൊടുക്കുന്ന ഭക്ഷണം പോലും ആരും കഴിക്കില്ലെന്നു പറയുന്നവരുണ്ട്, എങ്ങനെയാണ് അതു കൊടുക്കുന്നതെന്നു മനസിലാക്കായാല്‍ കഴിക്കാതിരിക്കുന്ന അവരുടെ അഭിമാനത്തിന് സല്യൂട്ട് ചെയ്യും. ഭിക്ഷയല്ല അവര്‍ക്ക് വേണ്ടത്. ആദിവാസി പിന്തുടരുന്ന അഭിമാനബോധം നമ്മള്‍ പരിഷ്‌കൃതസമൂഹത്തിനെക്കാള്‍ ഉയര്‍ന്നതാണ്.

എല്ലാം കൊടുക്കുന്നുണ്ട് എന്നു പറയുന്നവര്‍ മഹിള സമഖ്യ കണ്ണൂര്‍ കോ ഓര്‍ഡിനേറ്റര്‍ അറീസ പറയുന്നതു കേള്‍ക്കുക; ആറളം കളരിക്കാട് കോളനിയിലെ കാലുമുറിച്ചിരിക്കുന്ന നാണുവേട്ടനെ കണ്ട കാര്യം പറഞ്ഞുകൊണ്ടാണ് അറീസ സംസാരം തുടങ്ങിയത്. നാണുവേട്ടനും പെങ്ങളും മാത്രമാണ് താമസം. കാണുമ്പോള്‍ നാണുവേട്ടന്‍ പറഞ്ഞത് എനിക്ക് വിശക്കുന്നൂ എന്നാണ്. ആ വിശപ്പ് പട്ടിണിയുടേതാണ്. ഒരു ദിവസത്തേക്കോ രണ്ടു ദിവസത്തേക്കോ ഉള്ള കാര്യങ്ങള്‍ വ്യക്തിപരമായി എനിക്കു ചെയ്തു കൊടുക്കാന്‍ പറ്റും, അതു മതിയാകില്ല. ഞാനുടനെ ട്രൈബല്‍ ഓഫിസര്‍ ഗോപലാകൃഷ്ണന്‍ സാറിനെ വിളിച്ച് കാര്യം പറഞ്ഞു. സാര്‍ സപ്ലൈകോയില്‍ നിന്നും ആയിരം രൂപയ്ക്കുള്ള അരിയും സാമാനങ്ങളും വാങ്ങി നാണുവേട്ടന് എത്തിച്ചു. ഇത്തരം നാണുവേട്ടന്മാര്‍ നിരവധിയുണ്ട്. നമ്മള്‍ ഒരു ദിവസത്തേക്കോ ഒരു മാസത്തേക്കോ കൊടുക്കുന്നത് അവരുടെ ജീവിതത്തിന് അപര്യാപ്തമാണ്. അവര്‍ക്ക് ആശ്രയിക്കാതെ കഴിയണം അതിന് അവര്‍ക്ക് ജോലി വേണം. ജോലിയും വരുമാനവുമാണ് ആദിവാസിക്ക് ഇല്ലാത്തത്. സര്‍ക്കാര്‍ കൊടുക്കുന്നുവെന്നു പറയുമ്പോഴും ആദിവാസിക്ക് പട്ടിണി ബാക്കി കിടക്കുന്നത് അവന് ആവശ്യമായ കാര്യങ്ങള്‍ സ്വയം നേടാന്‍ കഴിയാതെ പോകുന്നതുകൊണ്ടാണ്.

തൊഴിലിന്റെ കാര്യത്തില്‍ ആദിവാസി നേരിടുന്ന അവഗണനയെക്കുറിച്ചാണ് പിന്നീട് അറീസ പറഞ്ഞത്.

ആദിവാസിയെ മാറ്റി നിര്‍ത്തുന്ന സ്ഥാപനങ്ങള്‍
കരിക്കോട്ടക്കരിയിലെ രമണനെ കണ്ടപ്പോള്‍ പറഞ്ഞത് ഒരു ജോലി ശരിയാക്കി തരാനായിരുന്നു. രമണനെ പോലെ നൂറു കണിക്കാനാളുകളാണ് ഇതേ ആവശ്യം ഉന്നയിക്കുന്നത്. ആദിവാസികളെ വിളിക്കുന്നത് ഭൂമിയില്‍ പണിയെടുക്കാന്‍ മാത്രമാണ്. പറമ്പ് കിളയ്ക്കുക, കാടുവെട്ടുക, ചാലു കീറുക തുടങ്ങിയവയ്ക്കേ ആദിവാസി കൊള്ളൂ എന്നൊരു ധാരണ. ഇരിക്കൂര്‍ ടൗണില്‍വച്ച് പരിചയക്കാരെ കണ്ടപ്പോള്‍ അവരുടെ ഫര്‍ണീച്ചര്‍ കടയിലേക്ക് ആളെ വേണമെന്നു പറഞ്ഞു. ദിവസം അഞ്ഞൂറു രൂപ കൂലി കൊടുക്കും. ആളുണ്ടെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ പോരാന്‍ അവരും. ആദിവാസികളാണെന്നു പറഞ്ഞതോടെ അവര്‍ക്ക് വേണ്ട. ഫര്‍ണീച്ചര്‍ ഷോപ്പ്, ടെക്‌സ്റ്റൈല്‍ ഷോപ്പ് എന്നിങ്ങനെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു വ്യാപാരകേന്ദ്രങ്ങളിലും ആദിവാസികളെ പ്രവേശിപ്പിക്കില്ല. അവര്‍ കൂലിപ്പണിയെടുക്കട്ടേയെന്നാണ് പറയുന്നത്. എന്നാല്‍ കൂലിപ്പണിയുണ്ടോ അതുമില്ല. വരുമാനമില്ലാതെ ആദിവാസി എങ്ങനെ ജീവിക്കും?

ആറളത്ത് നൂറ്റിപ്പത്ത് കോളനികളുണ്ട്. ഇതില്‍ കളക്ടര്‍ ദത്തെടുത്തൊരു കോളനിയുണ്ട്. അവിടെ നാല്‍പ്പതോളം കുടുംബങ്ങളില്‍ അവിടെ കുറെ കുട്ടികളുണ്ട്. ആ കുട്ടികളില്‍ കൂടുതലും അനീമിക്കുകളാണ്. അംഗന്‍വാടികളുണ്ട്. അവിടെ നിന്ന് കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഉപ്പമാവ് കൊടുക്കും. പക്ഷേ ഇതൊന്നും കൃത്യമായി അവര്‍ കഴിക്കില്ല. കാരണം അതവരുടെ വിശപ്പിനെ തൃപ്തിപ്പെടുത്തുന്നതല്ല. നമ്മള്‍ പലതരത്തില്‍ ഉപദേശിച്ചു നോക്കും. ഗര്‍ഭിണികളും അമ്മമാരും നന്നായി ഭക്ഷണം കഴിച്ചില്ലെങ്കില്‍ കുട്ടികളെ സാരമായി ബാധിക്കുമെന്നു പറയും. പല കുട്ടികള്‍ക്കും കൃത്യമായ മുലപ്പാല്‍ പോലും കിട്ടുന്നില്ല. അവിടുത്തെ പല സ്ത്രീകളെയും കണ്ടാല്‍ മാറിടം ഇല്ലാത്തവരെപോലെയാണ്. അത്രമേല്‍ ക്ഷീണിച്ചവര്‍. ഇതൊക്കെ യാഥാര്‍ത്ഥ്യമാണ്.

നമ്മുടെ ഭക്ഷണസംസ്‌കാരവും ആദിവാസിയുടേതും രണ്ടാണ്. പക്ഷേ നമ്മള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. നായ്ക്കരുണം അറിയാല്ലോ, നമ്മള്‍ ചൊറിയുമെന്ന പേടിയില്‍ അടുത്തുപോലും പോകില്ല. പക്ഷേ അവരതിന്റെ കിഴങ്ങ് ഉപ്പേരിയുണ്ടാക്കി കഴിക്കും. കിഴങ്ങു വര്‍ഗങ്ങളാണ് അവര്‍ക്ക് കൂടുതല്‍ പ്രിയപ്പെട്ടത്. പക്ഷേ അതൊന്നും ഇപ്പോള്‍ കിട്ടാനില്ല. കാട്ടിനുള്ളിലായതിനാല്‍ ആറളം ഫാമില്‍ ഉള്ളവര്‍ക്ക് പിന്നെയും എന്തെങ്കിലും വക കിട്ടും. കീഴൂര്‍-ചാവശേരിയില്‍ ആദിവാസി കോളനിയുണ്ട്. 140 ഓളം വീടുകളുണ്ട്. അവരൊക്കെ തനതായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കിട്ടാതെ ബുദ്ധിമുട്ടുന്നവരാണ്. അരിയും പയറും ബീന്‍സും അവരെ തൃപ്തിപ്പെടുത്തില്ല, ശരിക്കും നാമവരെ നമ്മള്‍ പണിത ജയിലില്‍ കൊണ്ടുവന്നു പാര്‍പ്പിച്ചിരിക്കുകയാണ്.

ഇതോടൊപ്പം പുതുതലമുറയുടെ മാറിയ ഭക്ഷണശീലവും പറയേണ്ടതുണ്ട്. ചോളവും തിനയും കിഴങ്ങും കഴിച്ചവരില്‍ നിന്നും ചിക്കന്‍ ബിരിയാണിയും ഫ്രൈഡ് റൈസും കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരുണ്ട്. പേരാവൂര്‍ ബ്ലോക്കില്‍ അമ്പലക്കുഴിയില്‍ ചവറുകൂനയില്‍ നിന്ന് ആദിവാസി ബാലന്മാര്‍ മാലിന്യം ഭക്ഷിക്കുന്ന ചിത്രവും വാര്‍ത്തയും ഓര്‍മയുണ്ടാകുമല്ലോ. അമ്പലക്കുഴി കോളനിയില്‍ 36 ഓളം വീടുകളാണുള്ളത്. അതില്‍ 24 എണ്ണത്തില്‍ താമസമുണ്ട്. ഇവിടെയുള്ള കുട്ടികളില്‍ ഭൂരിഭാഗവും സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ചവരാണ്. ആ വാര്‍ത്ത വന്നതോടെ ഭരണകൂടത്തിന്റെയും വിവിധ വകുപ്പുകളുടെയും കൂടുതല്‍ ശ്രദ്ധ കോളനിക്ക് കിട്ടി. ഇപ്പോള്‍ കാര്യങ്ങള്‍ മാറിവരുന്നുമുണ്ട്. ഒരു ദിവസം ഞാനവിടെ പോയപ്പോള്‍ ഒരമ്മ പറഞ്ഞ വാക്കുകകള്‍ ഇതാണ്; ഒരുപാടുപേര് വരുന്നുണ്ട്. കൈയൊക്കെ തന്നിട്ടാണ് പോകുന്നത്, എന്നാല്‍ ഒരാളുപോലും ഞങ്ങള്‍ക്ക് ഒരു ചിക്കന്‍ ബിരിയാണി പോലും വാങ്ങിക്കൊണ്ടു വന്നു തന്നില്ല. 

ഇത്തരം ഭക്ഷണവും ആദിവാസി ആഗ്രഹിക്കുന്നുണ്ട്. പലപ്പോഴും അതവര്‍ക്ക് കിട്ടുന്നില്ല. ഈ ശീലം നമ്മളാണ് ഉണ്ടാക്കി കൊടുത്തതാണ്. അതുകൊണ്ട് എന്തു സംഭവിച്ചു? അവരുടെ ആവാസ-ഭക്ഷ്യ രീതികള്‍ അവര്‍ക്ക് നഷ്ടപ്പെടുകയും ചെയ്തു എന്നാലൊട്ട് നമ്മുടെ രീതികളിലേക്ക് എത്താനുമായില്ല. അമ്മാത്ത്ന്ന് ഇറങ്ങ്യേം ചെയ്ത് ഇല്ലത്തൊട്ട് എത്തീയുമില്ലാ… എന്നു പറയുന്നപോലെ.

ഇത്തരത്തില്‍ അസ്തിത്വം നഷ്ടപ്പെട്ടവരായി നമ്മള്‍ ആദിവാസിയെ മാറ്റിയെടുത്തു. ആഹാരത്തിന്റെ കാര്യത്തിലും. നമ്മള്‍ കൊടുക്കുന്നൂവെന്ന് പറയുന്നു, എന്തു കൊടുക്കുന്നു? എങ്ങനെ കൊടുക്കുന്നൂ? എന്നതില്‍ വ്യക്തതയില്ല. ഈ അവ്യക്ത തുടരുന്നിടത്തോളം ആദിവാസിയെ നമ്മുടേതായ മാനത്തില്‍ വിധിക്കരുത്.

ആരാണ് പറയുന്നത് ആദിവാസിക്ക് ഇത്രയൊക്കെ മതിയെന്ന്
ആദിവാസി ആരാണെന്ന് നമ്മളാണ് അളക്കുന്നത്, എന്തുവേണമെന്നു നമ്മളാണ് തീരുമാനിക്കുന്നത്; മഹിള സമഖ്യ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടറും സാമൂഹ്യപ്രവര്‍ത്തകയുമായ പി ഇ ഉഷ പറയുന്നു. ആദിവാസിയുടെ അഭിമാനത്തിന് വിലകൊടുത്തിരുന്നെങ്കില്‍ ശ്രുതിയുടെ ആത്മഹത്യ ഈ രീതിയില്‍ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യില്ലായിരുന്നു. ആദിവാസിയുടെ പട്ടിണിയുടെയും സമ്പന്നതയുടെയും മാനദണ്ഡം എന്താണെന്ന് നമ്മള്‍ തീരുമാനിക്കുകയാണ്. വീടിനടിച്ച പെയിന്റിന്റെ പേരില്‍ നമ്മളെ ആരെങ്കിലും അളക്കാന്‍ സമ്മതിക്കുമോ? ആദിവാസിയുടെ കാര്യത്തില്‍ ആ പ്രശ്‌നമില്ല. ആദിവാസി സുഖജീവിതം നയിക്കുന്നുണ്ടോയെന്ന് അരിച്ചാക്ക് നോക്കി നമ്മള്‍ തീരുമാനിക്കും. ഈ കപടതയില്‍ മറച്ചുവയ്ക്കുന്നത് ആദിവാസിയുടെ യഥാര്‍ത്ഥപ്രശ്‌നങ്ങളാണ്. ശ്രുതി എന്ന പതിനഞ്ച് കാരി ആത്മഹത്യ ചെയ്‌തെങ്കില്‍ അതിന്റെ പിന്നില്‍ അന്വേഷിക്കുകയും ചര്‍ച്ചയ്ക്ക് കൊണ്ടുവരികയും പരിഹാരം കണ്ടെത്തുകയും ചെയ്യേണ്ട പല കാരണങ്ങളുമുണ്ട്. എത്ര ആദിവാസി കൗമാരക്കാര്‍ നിസ്സാര കാര്യങ്ങള്‍ക്കുപോലും ജീവിതം അവസാനിപ്പിക്കുന്നുണ്ടെന്ന് തിരക്കിയിട്ടുണ്ടോ? പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായി മരണം തെരഞ്ഞെടുക്കാന്‍ അവരെ പ്രേരിപ്പിക്കുന്നതെന്ത്? എന്തുകൊണ്ടവരില്‍ അരക്ഷിതാവസ്ഥ കൂടിവരുന്നൂ എന്നു അന്വേഷിക്കുന്നുണ്ടോ? അതിനൊന്നും വയ്യെങ്കില്‍ ഇനിയെങ്കിലും ഇത്തരം നെറികേടുകള്‍ അവസാനിപ്പിക്കുക. അവരെ അവരുടെ വഴിക്കുവിടുക. കാടിനെ മാത്രം ആശ്രയിച്ചു ജീവിച്ചിരുന്നവരാണവര്‍, ഇന്നവര്‍ ജീവിക്കാന്‍ ആരെയൊക്ക ആശ്രയിക്കണം, എന്തൊക്കെ സഹിക്കണം. അതു പോരാഞ്ഞിട്ട് ഇത്തരം രാഷ്ട്രീയ മുതലെടുപ്പുകള്‍ക്കും തമ്മില്‍ തല്ലുകള്‍ക്കും ഇരകളുമാകണം! ക്രൂരതയാണിത്, കൊടും ക്രൂരത…

ശ്രുതിയെ നമുക്കിനി വെറുതെ വിടാം. ആത്മര്‍ത്ഥതയുണ്ടെങ്കില്‍ ഇനിയൊരു ശ്രുതി കൂടി ഉണ്ടാവാതിരിക്കാന്‍ എന്തെങ്കിലും ചെയ്യാം. പട്ടിണിയുടെ രാഷ്ട്രീയം നാം ചര്‍ച്ച ചെയ്യേണ്ടതുതന്നെയാണ്. മാധ്യമത്താളുകളിലും ചാനല്‍ മുറികളിലും അല്ലാതെ പേരാവൂരും ആറളവും അട്ടപ്പാടിയുമെല്ലാം അതിനുള്ള വേദികള്‍ നമുക്കൊരുക്കാം…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍