അഴിമുഖം പ്രതിനിധി
കേരളത്തിലേയും പശ്ചിമ ബംഗാളിലേയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുകയില്ലെന്ന് തീരുമാനിച്ചിരുന്ന ജെ എന്‍ യു എസ് യു പ്രസിഡന്റ് കനയ്യ കുമാറിന്റെ തീരുമാനത്തില്‍ മാറ്റം വരുത്തി. മെയ് രണ്ടാമത്തെ ആഴ്ച അദ്ദേഹം കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തും.
പട്ടാമ്പിയില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായ ജെഎന്‍യു വിദ്യാര്‍ത്ഥിയും എ ഐ എസ് എഫ് നേതാവുമായ മുഹസ്സിനുവേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചാണ് കനയ്യ എത്തുന്നത്.
രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായ കനയ്യ ജാമ്യത്തില്‍ ഇറങ്ങിയശേഷം ഇരു സംസ്ഥാനങ്ങളിലും പ്രചാരണത്തിന് എത്തുമെന്ന് ഇടതു നേതാക്കള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ താനൊരു വിദ്യാര്‍ത്ഥിയാണെന്നും ഒരു രാഷ്ട്രീയക്കാരനല്ലെന്നും അതിനാല്‍ പ്രചാരണത്തിന് ഇറങ്ങില്ലെന്നുമായിരുന്നു കനയ്യയുടെ നിലപാട്.
ആ നിലാപാടാണ് ഇപ്പോള്‍ കനയ്യ തിരുത്തിയത്. ജെഎന്‍യു വിവാദ സമയത്ത് തന്നോടൊപ്പം നിന്നയാളാണ് മുഹസ്സിന്‍ എന്ന് കനയ്യ പറയുന്നു.
ജെഎന്‍യുവില്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ മുഹസ്സിന്‍ എ ഐ എസ് എഫിന്റെ ജെഎന്‍യു വൈസ് പ്രസിഡന്റ് കൂടിയാണ്. ഫെബ്രുവരിയിലെ ജെഎന്‍യു സംഭവത്തില്‍ അറസ്റ്റിലായ കനയ്യയുടെ മോചനത്തിനായി സമരം ചെയ്തവരിലൊരാളാണ് മുഹസ്സിന്‍.
ജെഎന്‍യുവിലെ സംഘടനയുടെ പൂര്‍ണ പിന്തുണ മുഹസ്സിനുണ്ടെന്നും ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്റെ (ഐപിടിഎ) ജെഎന്‍യു ഘടകം മുഹസ്സിനുവേണ്ടി പ്രചാരണത്തിന് എത്തും. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സൗത്ത് ദല്‍ഹിയിലും സ്വന്തം സംസ്ഥാനമായ ബീഹാറിലെ നിയമസഭ തെരഞ്ഞെടുപ്പിലും പ്രചാരണം നടത്തിയ പരിചയം കനയ്യക്കുണ്ട്.