അഴിമുഖം പ്രതിനിധി
ലോകപ്രശസ്ത നാടകകൃത്തും കവിയുമായ വില്യം ഷേക്സ്പിയറുടെ നാനൂറാം ചരമ വാര്‍ഷികത്തില്‍ ഇംഗ്ലണ്ട് ഒരുവര്‍ഷം നീളുന്ന പരിപാടികള്‍ ഒരുക്കുന്നു. സമീപഭാവിയില്‍ ഇംഗ്ലണ്ട് സന്ദര്‍ശിക്കാനൊരുങ്ങുന്ന, അല്ലെങ്കില്‍ ഇപ്പോള്‍ ഇംഗ്ലണ്ടിലുള്ളയാളാണു നിങ്ങളെങ്കില്‍ ഷേക്സ്പിയറുടെ ജീവിതത്തെയും കൃതികളെയും അടുത്തറിയാന്‍ നിങ്ങള്‍ക്കു ചെയ്യാവുന്ന ചില കാര്യങ്ങള്‍, കാണാവുന്ന സ്ഥലങ്ങള്‍ എന്നിവ ഇവയാണ്:
ന്യൂ പ്ലേസ്, ഷേക്സ്പിയറുടെ കുടുംബവീട്, സ്ട്രാറ്റ്ഫോഡ് അപ്ഓണ്‍ അവണ്
ഇംഗ്ലണ്ടിന്റെ സാഹിത്യ പാരമ്പര്യ കിരീടത്തിലെ രത്നം എന്നു വിശേഷിപ്പിക്കപ്പെടുന്നതും ഷേക്സ്പിയറുടെ പാരമ്പര്യത്തെ ഓര്മപ്പെടുത്തുന്നതില് ഏറ്റവും പ്രധാനവുമായത് ന്യൂ പ്ലേസാണ്. ഷേക്സ്പിയര് ജീവിതത്തിലെ അവസാന 19 വര്‍ഷങ്ങള്‍ ചെലവിട്ടതും 26 നാടകങ്ങള്‍ എഴുതിയതും ഇവിടെയാണ്. പുനരുദ്ധാരണത്തിനുശേഷം ജൂലൈയില്‍ തുറക്കുന്ന ഇവിടെ കവിയുടെ കാല്‍പ്പാടുകള്‍ പിന്തുടരാന് സന്ദര്‍ശകര്‍ക്കു കഴിയും. ഇവിടത്തെ പ്രമുഖ പൗരനെന്നതിനൊപ്പം ഷേക്സ്പിയറിലെ വ്യക്തിപരമായ ഘടകങ്ങളും – ഭര്‍ത്താവ്, പിതാവ്, സംരംഭകന് – അടുത്തറിയാന്‍ സാധിക്കും.
ഷേക്സ്പിയറുടെ സ്കൂള്മുറിയും ഗില്ഡ്ഹാളും, സ്ട്രാറ്റ്ഫോഡ് അപ്ഓണ്‍ അവണ്
വില്യം ഷേക്സ്പിയറിന്റെ ജീവിതത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ പ്രധാന പങ്കുവഹിച്ച, ഭാവനയ്ക്കു ചിറകുകള് നല്കിയ സ്കൂളും ഈ മാസം പൈതൃക കേന്ദ്രമെന്ന നിലയില്‍ തുറന്നുകൊടുക്കും. ജന്മസ്ഥലത്തുനിന്ന് അധികം അകലെയല്ല ഇത്. 1418 – 1420 കാലഘട്ടത്തില്‍ നിര്‍മിക്കപ്പെട്ട സ്കൂള്‍ കാര്യമായ നവീകരണപ്രവര്ത്തനങ്ങള്ക്കുശേഷമാണ് തുറക്കുന്നത്. ഇന്ററാക്ടീവ് ഡിസ്പ്ലേകള്‍, ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ ഇവിടെയുണ്ടാകും. 18ാം നൂറ്റാണ്ടിലെ ക്ലാസ് മുറി എങ്ങനെയായിരുന്നു എന്നതിന്റെ പുനരാവിഷ്കരണങ്ങളും കാണാം.
ഷേക്സ്പിയറിന്റെ പാതയിലൂടെ, ഒക്ടോബര്‍ 7 -11, തുടക്കം ലണ്ടനില്‍നിന്ന്
ഷേക്സ്പിയറുടെ കടുത്ത ആരാധകര്‍ക്കുവേണ്ടിയുള്ള നാലു രാത്രി നീളുന്ന പരിപാടിയാണിത്. ലണ്ടനിലെ സൗത്ത് ബാങ്കിലുള്ള ഗ്ലോബ് തിയറ്ററില്‍നിന്ന് സ്ട്രാറ്റ്ഫോഡ് അപ്ഓണ്‍ അവണ് വരെയുള്ള 235 കിലോമീറ്റര്‍ ദൂരം പിന്നിട്ട് ആഡംബരബസില്‍ നടത്തുന്ന യാത്ര ഒരു പ്രഫഷനല്‍ ഷേക്സ്പിയര് അഭിനേതാവാകും നയിക്കുക. തിയറ്ററുകളിലെ പിന്നണിരംഗങ്ങളുടെ സന്ദര്‍ശനം, ‘ ദ് മര്‍ച്ചന്റ് ഓഫ് വെനീസ്’, ‘ കിങ് ലീയര്‍’ എന്നിവയുടെ പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.