UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിജയ് മല്ല്യ; പാര്‍ലമെന്റില്‍ നിന്നും പുറത്താക്കപ്പെടുന്ന 15-ാമന്‍

അഴിമുഖം പ്രതിനിധി

വിവാദ മദ്യ വ്യവസായി വിജയ് മല്ല്യയെ രാജ്യസഭയില്‍ നിന്നും പുറത്താക്കാന്‍ എത്തിക്‌സ് കമ്മിറ്റി തീരുമാനിക്കുകയും മല്ല്യയുടെ ഭാഗം കേള്‍ക്കാന്‍ ഒരാഴ്ച സമയം അനുവദിക്കുകയും ചെയ്തു. തീരുമാനം നടപ്പിലാകുകയാണെങ്കില്‍ പുറത്താക്കപ്പെടുന്ന 15-ാമത്തെ എംപിയാകും വിജയ് മല്ല്യ.

ഇതുവരെ 1951 മുതല്‍ രാജ്യസഭയില്‍ നിന്നും ലോകസഭയില്‍ നിന്നും 14 എംപിമാരെ പുറത്താക്കിയിട്ടുണ്ട്. പുറത്താക്കപ്പെട്ടവരുടെ പട്ടികയില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയും കഴിഞ്ഞ ദിവസം രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത സുബ്രഹ്മണ്യന്‍ സ്വാമിയും ഉള്‍പ്പെടുന്നു. 1977 നവംബറില്‍ ലോകസഭയില്‍ നിന്നും ഇന്ദിരയെ പുറത്താക്കിയെങ്കിലും പിന്നീട് ആ തീരുമാനം പിന്‍വലിക്കപ്പെട്ടു.

ലോകസഭയില്‍ ഉന്നയിക്കപ്പെട്ട ഒരു ചോദ്യത്തിലുള്ള ഉത്തരം തയ്യാറാക്കുന്നതിനായി വിവരം ശേഖരിക്കുകയായിരുന്ന ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തിയതിനും ഭീഷണിപ്പെടുത്തിയതിനും അപമാനിച്ചതിനും തെറ്റായ കേസുകള്‍ നല്‍കിയതിനുമാണ് ഇന്ദിരയെ പുറത്താക്കിയത്.

സഭയുടെ മാന്യതയ്ക്ക് നിരക്കാത്ത പെരുമാറ്റമുണ്ടായിയെന്ന് പാര്‍ലമെന്ററി കമ്മിറ്റി കണ്ടെത്തിയതിനെ തുടര്‍ന്ന് 1976-ല്‍ രാജ്യസഭയില്‍ നിന്ന് സ്വാമിയെ പുറത്താക്കുകയായിരുന്നു.

ലോകസഭയില്‍ നിന്നും പുറത്താക്കിയ എച്ച് ജി മുദ്ഗലാണ് ഈ പട്ടികയില്‍ ഒന്നാമന്‍. കൈക്കൂലി കേസിലാണ് മുദ്ഗല്‍ പുറത്താകുന്നത്.

ഒരുമിച്ച് ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയത് പണം വാങ്ങി പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചുവെന്ന സംഭവമാണ്. ഒരു സ്വകാര്യ ടിവി ചാനല്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷനിലൂടെയാണ് ഈ സംഭവം പുറത്തു കൊണ്ടു വന്നത്. പതിനൊന്നു പേരെയാണ് ഈ സംഭവത്തില്‍ 2006ല്‍ പുറത്താക്കിയത്. ഒരു രാജ്യസഭ എംപിയും മറ്റുള്ളവര്‍ ലോകസഭയില്‍ നിന്നുള്ളവരും.

മല്ല്യയെ പുറത്താക്കാനുള്ള തീരുമാനം എടുത്തത് കോണ്‍ഗ്രസ് എംപിയായ കരണ്‍ സിംഗ് അധ്യക്ഷനായ രാജ്യസഭ എത്തിക്‌സ് കമ്മിറ്റിയാണ്. മല്ല്യയ്ക്ക് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം അനുവദിച്ചിരിക്കുകയാണ്. ഇത് സാധാരണ നടപടിക്രമം മാത്രമാണ്.

9000 കോടി രൂപ ബാങ്കുകള്‍ക്ക് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട കേസിലാണ് മല്ല്യയെ രാജ്യസഭയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചത്. ബാങ്കുകളില്‍ നിന്നുള്ള രേഖകള്‍ കമ്മിറ്റി പരിശോധിച്ചിരുന്നു. മല്ല്യയെ പുറത്താക്കാനുള്ള തീരുമാനം ഏകകണ്ഠമായാണ് കമ്മിറ്റി എടുത്തത്. അന്തിമ തീരുമാനം എടുക്കാന്‍ അടുത്ത മാസം മൂന്നാം തിയതി കമ്മിറ്റി വീണ്ടും യോഗം ചേരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍