അഴിമുഖം പ്രതിനിധി
ജിഷയുടെ ശരീരത്തില്‍ 38 മുറിവുകളുണ്ടായിരുന്നതായി അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പൊലീസ് സര്‍ജന്‍ ഡോക്ടര്‍ ലിസ ജോണിന്റെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ജിഷയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ വ്യക്തത വരുത്താന്‍ ആന്തരിക അവയവങ്ങളുടെ പരിശോധന നടത്തേണ്ടി വരും.
ജിഷ കൊല്ലപ്പെട്ട മുറിയില്‍ നിന്നും രണ്ട് വിരലടയാളം വിദഗ്ദ്ധര്‍ കണ്ടെത്തി. ഒരു വിരലടയാളം കുപ്പിയില്‍ നിന്നാണ് ലഭിച്ചത്.
ഇന്നലെ കണ്ണൂരില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്ത ജിഷയുടെ അയല്‍വാസി കുറ്റം നിഷേധിച്ചു. താന്‍ ഹെര്‍ണിയ ശസ്ത്രക്രിയക്കുശേഷം വിശ്രമത്തിലായിരുന്നുവെന്നാണ് ഇയാള്‍ പറയുന്നത്. പൊലീസ് പുറത്തു വിട്ട രേഖാ ചിത്രവുമായി ഇയാള്‍ക്ക് സാമ്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ എങ്കിലും ജിഷയുടെ വീട്ടില്‍ നിന്നും ലഭിച്ച വിരലടയാളവുമായി ഇയാളുടേത് ചേരുന്നില്ലെന്ന് പൊലീസ് പറയുന്നു. ഏപ്രില്‍ 28-ന് ഇയാള്‍ ജിഷയുടെ വീടിന് സമീപത്തുണ്ടായിരുന്നുവെന്ന് മൊബൈല്‍ ടവര്‍ പരിശോധനയില്‍ പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.
ജിഷ കൊല്ലപ്പെട്ടതിന് പിന്നാലെ ഇയാളെ നാട്ടില്‍ നിന്നും കാണാതാകുകയായിരുന്നു. എന്നാല്‍ ഏതാനും ദിവസം മുമ്പ് കഞ്ചാവ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതില്‍ മാനഹാനി കാരണം താന്‍ നാടു വിടുകയായിരുന്നുവെന്നാണ് ഇയാളുടെ മൊഴി.
ജിഷയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം പൊലീസ് അന്യ സംസ്ഥാന തൊഴിലാളിയിലേക്കും വ്യാപിപ്പിച്ചു. ജിഷയുടെ ഫോണിലേക്ക് വന്ന വിളികളുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ ഈ നീക്കം. അന്യ സംസ്ഥാന തൊഴിലാളിയും ജിഷയുടെ ഫോണിലേക്ക് വിളിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.