രോഹിത് വെമുലയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ പത്തുമിനിറ്റു മാത്രം ദൈര്‍ഘ്യമുള്ള ഒരു ഷോര്‍ട്ട്ഫിലിമായാണ് ഈ ചിത്രം തുടങ്ങിയത്
പത്തുമിനിറ്റു മാത്രം ദൈര്‍ഘ്യമുള്ള ഒരു ഷോര്‍ട്ട് ഫിലിമായി തുടങ്ങിയ ചിത്രം, പിന്നീട് ഒരു മണിക്കൂര്‍ നാല്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രമായി വളര്‍ന്നു. മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡും നേടി. റബ്ബർ ടാപ്പിങ് തൊഴിലാളി കൂടിയായ ഷെരീഫ് ഈസ നിർമാണവും സംവിധാനവും നിർവഹിച്ച ‘കാന്തൻ-ദ ലവർ ഓഫ് കളറി’നാണ് മികച്ച സിനിമയ്ക്കുള്ള ഇത്തവണത്തെ സംസ്ഥാന അവാർഡ് ലഭിച്ചത്.
“രോഹിത് വെമുലയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ പത്തുമിനിറ്റു മാത്രം ദൈര്‍ഘ്യമുള്ള ഒരു ഷോര്‍ട്ട്ഫിലിമായാണ് ഈ ചിത്രം തുടങ്ങിയത്. ദളിതരുടെ പ്രശ്‌നമായിരുന്നു ചിത്രത്തിന് വിഷയം. പിന്നീട് ആ ചിത്രം ഞങ്ങളറിയാതെ 20 മിനിറ്റായി വളര്‍ന്നു. അതിനിടയില്‍ വയനാട്ടിലെ ആദിവാസികളുമായി ഇട പഴകാന്‍ കഴിഞ്ഞപ്പോഴാണ് അവരുടെ പ്രശ്‌നങ്ങള്‍ അടുത്തറിയാന്‍ കഴിഞ്ഞത്. പിന്നീട് അവരുടെ പ്രശ്‌നങ്ങളും ആചാരങ്ങളും ഈ ചിത്രത്തിന്റെ ഭാഗമായപ്പോള്‍ ഒരുമണിക്കൂര്‍ നാല്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രമായത് വളരുകയായിരുന്നു.” ഷെരീഫ് മാതൃഭൂമിയോട് പറഞ്ഞു.
സൗഹൃദക്കൂട്ടായ്മയില്‍ നിര്‍മാണം തുടങ്ങിയ ചിത്രം കൂടുതൽ വളർന്നപ്പോൾ സാമ്പത്തിക ബാധ്യതയും കൂടി, ഒപ്പം നിന്ന പലരും പിന്മാറി. റബ്ബർ ടാപ്പിങ് ചെയ്യുമ്പോഴും ഷെരീഫിന്റെ മനസ്സിൽ സിനിമ മാത്രമായിരുന്നു. കടം എങ്ങനെ വീട്ടുമെന്നും ജീവിതം എങ്ങനെ മുന്നോട്ടുപോകുമെന്നും ആശങ്കയുണ്ടെങ്കിലും സിനിമയോടുള്ള പ്രണയം അവസാനിപ്പിക്കാൻ ഷെരീഫ് തയ്യാറല്ല.കാന്തൻ-ദ ലവർ ഓഫ് കളർ’ എന്ന സിനിമയ്ക്കായി 25 ലക്ഷത്തോളം രൂപയാണ് ചെലവായത്. ബാങ്കിൽനിന്ന് വായ്പയെടുത്തതു ഭാര്യയുടെ ആഭരണങ്ങൾ പണയം വെച്ചു കൂടാതെ സുഹൃത്തുക്കളിൽനിന്ന് കടം വാങ്ങിയും പണം കണ്ടെത്തി. പിന്നീട് ചിത്രത്തിൽ ഛായാഗ്രാഹകനായി പ്രിയനും സംഗീതസംവിധായകനായി സച്ചിന്‍ബാബുവുംചേര്‍ന്നു. ഇരുപത്തയ്യായിരം രൂപയ്ക്ക് തുടങ്ങിയ ചിത്രം അങ്ങനെ പൂര്‍ത്തിയായപ്പോള്‍ 25 ലക്ഷമായി.
ആദിവാസി-ദളിത് മേഖലയിലെ പ്രമുഖ സാമൂഹിക പ്രവർത്തക ദയാബായിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. കവിയും കഥാകൃത്തുമായ പ്രമോദ് കൂവേരി കഥയും തിരക്കഥയും ഒരുക്കി. വയനാട് തിരുനെല്ലി നെങ്ങറ കോളനിയിലെ അടിയവിഭാഗത്തിൽപ്പെട്ട മനുഷ്യരുടെ നിലനിൽപ്പിനായുള്ള പോരാട്ടത്തിന്റെ കഥയാണ് ചിത്രം പങ്കുവെക്കുന്നത്.