ഇന്ത്യൻ അന്തർവാഹിനിയെ ആക്രമിക്കാൻ തങ്ങൾ ശ്രമിച്ചില്ലെന്നും അത് ചെയ്യാതിരുന്നത് സമാധാനമാണ് ആവശ്യമെന്ന പാകിസ്താന്റെ നയം മുൻനിർത്തിയാണെന്നും പാക് നേവി പറഞ്ഞതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സമുദ്രാതിർത്തി മുറിച്ചു കടക്കാനുള്ള ഇന്ത്യൻ അന്തർവാഹിനിയുടെ ശ്രമം പാകിസ്താൻ നാവികസേന തടഞ്ഞെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാക് നേവി വൃത്തങ്ങളെ ഉദ്ധരിച്ചാണ് tribune.com.pk വാർത്താ പോർട്ടൽ ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാകിസ്താൻ ആർമി തങ്ങളുടെ സമുദ്രത്തെ പ്രതിരോധിക്കാൻ സർവ്വസജ്ജമാണെന്നതിന് തെളിവാണ് ഇന്ത്യൻ അന്തർവാദിനിയുടെ നീക്കത്തെ തടഞ്ഞ സംഭവമെന്ന് പാക് നേവി പറഞ്ഞതായി ദി എക്സ്പ്രസ്സ് ട്രിബ്യൂൺ റിപ്പോർട്ടിലുണ്ട്.
2016 നവംബർ മാസത്തിൽ ഇന്ത്യൻ അന്തർവാഹിനി സമാനമായ മറ്റൊരു ശ്രമം നടത്തിയിരുന്നെന്ന് പാക് നേവി അവകാശപ്പെട്ടതായി റിപ്പോർട്ട് വിശദീകരിക്കുന്നു. ഇന്ത്യൻ അന്തർവാഹിനിയെ ആക്രമിക്കാൻ തങ്ങൾ ശ്രമിച്ചില്ലെന്നും അത് ചെയ്യാതിരുന്നത് സമാധാനമാണ് ആവശ്യമെന്ന പാകിസ്താന്റെ നയം മുൻനിർത്തിയാണെന്നും പാക് നേവി പറഞ്ഞതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അതെസമയം തങ്ങൾ അന്തർവാഹിനി തടഞ്ഞതിന്റെ ചിത്രങ്ങളോ വീഡിയോകളോ പാക് നാവികസേന നൽകിയിട്ടില്ല. മാധ്യമവാര്ത്തകളിൽ ഒരു അന്തർവാഹിനിയുടെ ചിത്രമുണ്ടെങ്കിലും പാക് നാവികസേന നടത്തിയെന്ന് അവകാശപ്പെടുന്ന ദൗത്യവുമായി ബന്ധപ്പെട്ടതല്ല. ഫയൽ ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത്.
സമാധാനമാണ് നയമെന്ന് പ്രഖ്യാപിച്ച് നയതന്ത്രതലത്തിൽ ഇന്ത്യയെ പ്രതിരോധത്തിലാക്കാൻ പാകിസ്താൻ ശ്രമിക്കുന്നതിനിടെയാണ് ഈ വാർത്ത പാക് മാധ്യമങ്ങളിൽ വരുന്നത്. ഇതിൽ ഇന്ത്യയുടെ പ്രതികരണം ഇതുവരെ വന്നിട്ടില്ല.