തട്ടിക്കൊണ്ടു പോയ കാർ തമ്പാനൂർ ഭാഗത്തേക്ക് പോയിട്ടുണ്ടെന്നാണ് സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അനുമാനിക്കുന്നത്.
കരമനയിൽ നിന്നും അക്രമിസംഘം തട്ടിക്കൊണ്ടു പോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ കൊഞ്ചിറവിള സ്വദേശിയായ അനന്തു ഗിരീഷിന്റെ മൃതദേഹമാണ് കരമനയിലെ കൈമനത്തുള്ള ബൈക്ക് ഷോറൂമിനടുത്ത് നിന്ന് കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് അനന്തുവിനെ കാറിലെത്തിയ ഒരു അക്രമി സംഘം തട്ടിക്കൊണ്ട് പോയത്. കരമനയിലേക്ക് ബൈക്കിൽ വരികയായിരുന്ന അനന്തുവിനെ രണ്ടംഗ സംഘം വഴി തടഞ്ഞ് കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നുവെന്നാണ് സീസീ ടിവി ദൃശ്യങ്ങൾ തെളിയിക്കുന്നത്.
കൊഞ്ചിറവിളയിലെ ഒരു ഉത്സവത്തിനോടനുബന്ധിച്ച് നടന്ന സംഘർഷമാണ് അനന്തുവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടത്താനുള്ള കാരണമായി പോലീസ് പറയുന്നത്. മറ്റ് കാരണങ്ങളെക്കുറിച്ച് അന്വേഷിച്ചു വരുന്നതേയുള്ളൂ. അനന്ദുവിനെ തട്ടികൊണ്ട് പോകാൻ ശ്രമങ്ങൾ നടക്കുന്നതിനിടയിൽ ഇയാളുടെ ഫോണിലേക്ക് വിളിച്ച ഒരു സുഹൃത്താണ് അനന്ദു അപകടത്തിലാണെന്ന് ആദ്യം അറിയിക്കുന്നത്. തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു.
തട്ടിക്കൊണ്ടു പോയ കാറിനെ കുറിച്ച് കൂടുതൽ അന്വേഷിച്ച് വരികയാണെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ട് വരാതെ മരണത്തെകൊലപാതകത്തെ കുറിച്ച് കൂടുതലൊന്നും പറയാനാകില്ലെന്നുമാണ് പോലീസ് പ്രതികരിക്കുന്നത്. തട്ടിക്കൊണ്ടു പോയ കാർ തമ്പാനൂർ ഭാഗത്തേക്ക് പോയിട്ടുണ്ടെന്നാണ് സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അനുമാനിക്കുന്നത്.
“വളരെ ആസൂത്രിതമായി നടന്ന കൊല തന്നെയാണെന്നാണ് കരുതുന്നത്. അധികമാരും എത്തിപ്പെടാത്ത കുറ്റിക്കാട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഈ പരിസരത്തെ കുറിച്ച് നല്ല ധാരണയുള്ളവർക്ക് മാത്രമേ ഇവിടെ എത്തിപ്പെടാൻ പറ്റൂ. ചിലപ്പോൾ ഇത് ഈ അക്രമികളുടെ സ്ഥിരം താവളമായിരുന്നിരിക്കണം.” നഗരസഭാ കൗൺസിലർ ആശ നാഥ് അഴിമുഖത്തോട് പറയുന്നു. നന്ദുവിന്റെ മൃതദേഹത്തിൽ മുറിവുകളും ചതവുകളും ഉണ്ടെന്നാണ് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തുന്നത്.