UPDATES

വിദേശം

അടിയന്തരാവസ്ഥ ഭരണഘടനാ വിരുദ്ധമെന്ന് റിപ്പബ്ലിക്കൻ വിമതർ; വീറ്റോ പ്രയോഗിക്കുമെന്ന് ട്രംപ്

ദേശീയ അടിയന്തിരാവസ്ഥയ്‌ക്കെതിരെ സെനറ്റിൽ നിന്നും 67 വോട്ടുകളെങ്കിലും വന്നാൽ മാത്രമേ ട്രംപിന്റെ വീറ്റോ അധികാരത്തെ അട്ടിമറിക്കാനാവൂ.

അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനെതിരെ യു എസ് സെനറ്റിൽ നിന്നും തിരിച്ചടികൾ നേരിടുമ്പോൾ, തന്റെ വീറ്റോ അധികാരം ഉപയോഗിച്ചും അതിനെ പ്രതിരോധിക്കുമെന്ന് പരസ്യ പ്രഖ്യാപനം നടത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കോൺഗ്രസിന്റെ വിസമ്മതത്തെ മറികടക്കാൻ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് അതിർത്തിയിൽ മതിൽ പണിയാൻ ഫണ്ടുകൾ ഒഴുക്കാനുള്ള ട്രംപിന്റെ നീക്കത്തെ തകിടം മറിക്കാൻ സെനറ്റ് വോട്ടിങ് നടക്കുകയായിരുന്നു. എന്നാൽ വേണ്ടി വന്നാൽ പ്രസിഡന്റ്റിന്റെ സവിശേഷാധികാരമായ വീറ്റോ ഉപയോഗിച്ചും അതിനെ ചെറുക്കും എന്നാണ് ട്രംപ് വെല്ലുവിളിക്കുന്നത്. മതിൽ പണിയാതിരിന്നാൽ യു എസ് -മെക്സിക്കൻ അതിർത്തി ക്രിമിനലുകൾക്കും മയക്കു മരുന്ന് മാഫിയകൾക്കും തുറന്നു കൊടുക്കുന്നത് പോലെ ആകും എന്ന് പറഞ്ഞാണ് ട്രംപ് തന്റെ വീറ്റോയെ ന്യായീകരിക്കുന്നത്. മതിലിനായി താൻ ഏതറ്റം വരെയും പോകുമെന്നും അത് രാജ്യത്തിൻറെ സുരക്ഷയുടെ പ്രശ്നമാണെന്നുമാണ് ട്രംപ് ട്വീറ്റ് ചെയ്യുന്നത്. 

മുഴുവൻ ഡെമോക്രാറ്റുകളും 12 റിപ്പബ്ലിക്കൻ വിമതരും ട്രംപിനെതിരായി വോട്ടു ചെയ്തു. 59-41 എന്ന സെനറ്റ് വോട്ടെടുപ്പ് കഴിഞ്ഞ് അല്പസമയത്തിനു ശേഷം ട്രംപ് “വീറ്റോ” എന്ന് ട്വീറ്റ് ചെയ്യുകയായിരുന്നു. അതിർത്തിയിലെ സുരക്ഷിതത്വത്തെക്കുറിച്ച് വാചാലനായ ട്രംപ് രാജ്യത്തിനെ കരുതി വോട്ടു ചെയ്ത റിപ്പബ്ലിക്കുകളെ അഭിനന്ദിക്കുകയും ചെയ്തു.

ട്രംപ് പ്രസിഡന്റ് കാലയളവിലെ ആദ്യത്തെ വീറ്റോ ഇപ്പോൾ പ്രയോഗിക്കുകയാണെങ്കിൽ അതിനെ മറികടക്കാൻ സെനറ്റിലെ മൂന്നിൽ രണ്ട് പേരുടെ വോട്ടുകളുടെ ഭൂരിപക്ഷം ആവിശ്യമാണ്. അതായത് ദേശീയ അടിയന്തിരാവസ്ഥയ്‌ക്കെതിരെ സെനറ്റിൽ നിന്നും 67 വോട്ടുകളെങ്കിലും വന്നാൽ മാത്രമേ ട്രംപിന്റെ വീറ്റോ അധികാരത്തെ അട്ടിമറിക്കാനാവൂ.

മതിലിനായി പണമൊഴുക്കാനും കോൺഗ്രസിന്റെ അധികാരത്തെ പരിമിതപ്പെടുത്താനും ശ്രമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ട്രംപിനെതിരെ വോട്ട് ചെയ്ത ഭൂരിഭാഗം റിപ്പബ്ലിക്കൻ വിമതരുടെയും അഭിപ്രായം. ദേശീയ അടിയന്തിരാവസ്ഥ വരുന്നത് അംഗീകരിക്കാനാകില്ല എന്നാണ് അവരുടെ പക്ഷം.

“ഇത്തരമൊരു അവസ്ഥയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനാ ശിൽപികൾ ഭയന്നത് ഇപ്പോൾ സംഭവിച്ചിരിക്കുന്നു” ട്രംപിനെതിരായി വോട്ടു ചെയ്ത റിപ്പബ്ലിക്കൻ പാർട്ടിയിലെ ജെറി മോറോൻ ദി ഗാർഡിയനോട് പറയുന്നു. ഇന്ന് എനിക്കെതിരായി ചെയ്യുന്ന ഓരോ വോട്ടും നാൻസി പെലോസിക്കും കുറ്റകൃത്യങ്ങൾക്കും ഡെമോക്രാറ്റുകൾക്കും നൽകുന്ന അംഗീകാരമാണെന്നായിരുന്നു വോട്ടെടുപ്പിന് തൊട്ടുമുൻപ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍