അഴിമുഖം പ്രതിനിധി
രജനികാന്തിന്റെ റോബോട്ടിന്റെ രണ്ടാം ഭാഗത്തില്‍ വില്ലന്‍ വേഷം കമല്‍ ഹാസന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ കമല്‍ ആ വാഗ്ദാനം നിരസിച്ചു. ഒരു സാഹചര്യത്തിലും ഈ സിനിമയുടെ ഭാഗമാകില്ലെന്ന് കമല്‍ പറഞ്ഞു. ഒരു നെഗറ്റീവ് റോളായ അതില്‍ ഒന്നും ചെയ്യാനില്ലെന്ന് കമല്‍ വിശദീകരിക്കുന്നു. ഇതിന് മുമ്പ് പലതവണ നെഗറ്റീവ് റോളുകളില്‍ അഭിനയിച്ചിട്ടുണ്ട്. റോബോട്ടിലെ റോള്‍ ഏറ്റെടുക്കുന്ന ചോദ്യമുദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കമലിന് പകരം ആ റോളില്‍ അഭിനയിക്കുന്നത് ബോളിവുഡ് താരം അക്ഷയ് കുമാറാണ്.
ഈ സിനിമയിലോ റോളിലോ ഒന്നും ചെയ്യാനില്ലെന്നതാണ് കമല്‍ ഈ വേഷത്തോട് നോ പറയാന്‍ കാരണം. എങ്കിലും രജനിയും കമലും തമ്മിലൊരു കരാറുണ്ട്. ഇരുവരും ഒരുമിച്ച് ഒരു സിനിമ ചെയ്യുമ്പോള്‍ അത് രണ്ടുപേരിലൊരാള്‍ നിര്‍മ്മിക്കുമെന്നതാണ് ആ കരാര്‍. തങ്ങളുടെ ആരാധകരെ നിരാശരാക്കാതിരിക്കാനുള്ള ഏക വഴിയിതാണെന്ന് കമല്‍ പറയുന്നു.
2010-ല്‍ തമിഴില്‍ എന്തിരന് എന്ന പേരില്‍ ഇറങ്ങിയ സിനിമ റോബോട്ട് എന്ന പേരില്‍ ഹിന്ദിയിലും ഇറങ്ങിയിരുന്നു. ഇന്ത്യന്‍ സിനിമയില്‍ അന്ന് വരെയുള്ള സിനിമകളില്‍ ഏറ്റവും ചെലവേറിയ നിര്‍മ്മാണമായിരുന്നു റോബോട്ട്.