UPDATES

സ്ഥാനാര്‍ത്ഥിയെ അറിയാം

അന്ന് ഈ പയ്യന്നൂർക്കാരൻ കയറിക്കൂടിയത് കോഴിക്കോടുകാരുടെ മനസ്സിലേക്ക് കൂടിയായിരുന്നു; എം കെ രാഘവനെ അറിയാം

അറിയപ്പെടുന്ന ഒരു സഹകാരി കൂടിയാണ് എം കെ രാഘവൻ. കേരളത്തിൽ സഹകരണ മേഖലയിൽ ആരംഭിച്ച ആദ്യത്തെ എയ്‌ഡഡ്‌ ആർട്സ് & സയൻസ് കോളേജിന്റെ (മാടായി ആർട്സ് & സയൻസ് കോളേജ്) മുഖ്യ ശില്പി രാഘവനായിരുന്നു.

കെ എ ആന്റണി

കെ എ ആന്റണി

രണ്ടാം ബാർദോളി എന്നറിയപ്പെടുന്ന പയ്യന്നൂരിൽ നിന്നെത്തി കോഴിക്കോടിന്റെ മനസ്സിൽ ഇടം പിടിച്ച ആളാണ് എം കെ രാഘവൻ എന്ന എം കെ ആർ. 2009ൽ ചോദിച്ച വയനാട് സീറ്റ് കിട്ടാതെ വന്നപ്പോൾ ഇനി മത്സരിരിക്കേണ്ടെന്നു തീരുമാനിച്ച എം കെ ആറിനെ എ കെ ആന്‍റണിയോടടുപ്പമുള്ള ചില നേതാക്കൾ ചേർന്ന് നിർബന്ധിച്ചു കോഴിക്കോട് മത്സരിപ്പിക്കുകയായിരുന്നു. പാതിമനസോടെ മത്സരരംഗത്തിറങ്ങിയ എം കെ ആറിന് പക്ഷെ നിരാശപ്പെടേണ്ടി വന്നില്ല. സി പി എമ്മിലെ മുഹമ്മദ് റിയാസിനോട് കഷ്ടിച്ചാണെങ്കിലും ജയിച്ചു കയറി (838 വോട്ടിന്റെ ഭൂരിപക്ഷം). അന്ന് ഈ പയ്യന്നൂർക്കാരൻ കയറിക്കൂടിയത് കോഴിക്കോടുകാരുടെ മനസ്സിലേക്ക് കൂടിയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി പി എമ്മിലെ തന്നെ എ വിജരാഘവനെതിരെ നേടിയ 15,883 വോട്ടിന്റെ തിളക്കമാർന്ന വിജയം ഇതിനു അടിവരയിടുന്നു. അതുകൊണ്ടു കൂടിയാണ് 2019ലെ തിരെഞ്ഞെടുപ്പിൽ കോഴിക്കോട് നിന്നും ആര് മത്സരിക്കണമെന്ന ചോദ്യത്തിന് എം കെ രാഘവന്റെ പേര് ഏകകണ്ഠമായി ഉയർന്നുവന്നതും.

എം കെ രാഘവന്റെ ജനകീയ പ്രതിച്ഛായ അറിയണമെങ്കിൽ കോഴിക്കോട് മണ്ഡലത്തിലെ വോട്ടർമാരോട് തന്നെ ചോദിച്ചാൽ മതിയാകും.’ഏതാവശ്യത്തിനും എപ്പോൾ വേണമെങ്കിലും സമീപിക്കാൻ പറ്റിയ എം പി. പഞ്ചായത്ത്‌ പ്രസിഡന്റിനെ കണ്ടു കാര്യങ്ങൾ ധരിപ്പിക്കുന്നതിനേക്കാൾ എളുപ്പമാണ് എം പിയോട് കാര്യങ്ങൾ പറയാൻ. പാർട്ടിയോ കൊടിയോ നോക്കാതെ എല്ലാവരുടെയും പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്നയാൾ’. ഇങ്ങനെയൊക്കെ പോകുന്നു എം കെ രാഘവനെക്കുറിച്ചു കോഴിക്കോട് കാർക്ക് പറയാനുള്ള നല്ല വാക്കുകൾ.

എം കെ രാഘവൻ കോഴിക്കോടുകാരെ സംബന്ധിച്ചിടത്തോളം എത്രകണ്ട് ജനകീയനാണോ അത്ര തന്നെയോ അതിലേറെയോ ജനകീയനായ ആളാണ് കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ സിറ്റിംഗ് എം എൽ എയും ഇത്തവണ മുഖ്യ എതിരാളിയുമായ എ പ്രദീപ്‌കുമാർ. ഈ തിരെഞ്ഞെടുപ്പിൽ എം കെ ആറിന് മുന്നിലുള്ള പ്രധാന വെല്ലുവിളിയും പ്രദീപ്‌കുമാറിന്റെ ജനകീയ പരിവേഷം തന്നെയാണ്. മറ്റൊന്ന് മണ്ഡലത്തിലെ ഏഴ് മണ്ഡലങ്ങളിൽ കോഴിക്കോട് സൗത്ത് ഒഴികെയുള്ള ആറ് മണ്ഡലങ്ങളിൽ നിന്നും കഴിഞ്ഞ അസംബ്ലി തിരെഞ്ഞെടുപ്പിൽ വിജയിച്ചത് എൽ ഡി എഫ് സ്ഥാനാര്‍ത്ഥികളായിരുന്നു എന്നതും. മണ്ഡലത്തിൽ കാര്യമായ സ്വാധീനമുള്ള എം പി വീരേന്ദ്രകുമാറിന്റെ എൽ ജെ ഡി ഇക്കുറി എൽ ഡി എഫിനൊപ്പമാണെന്നതും വലിയ വെല്ലുവിളി തന്നെയാണ് ഉയർത്തുന്നത്. എങ്കിലും തന്റെ ജനകീയ പരിവേഷം ഈ പ്രതികൂല ഘടകങ്ങളെ മറികടക്കാൻ സഹായിക്കും എന്ന ആത്‌മവിശ്വാസത്തിൽ തന്നെയാണ് രാഘവൻ.

കെ പി സി സി മുൻ ജനറൽ സെക്രട്ടറി കൂടിയായ എം കെ ആർ മുൻപ് രണ്ടു തവണ കേരള നിയമസഭയിലേക്ക് മത്സരിച്ചു തോറ്റിട്ടുണ്ട്. 1987 ൽ പയ്യന്നൂരിൽ നിന്നും സി പി എമ്മിലെ സി പി നാരായണനെതിരെയും 91ൽ തളിപ്പറമ്പിൽ നിന്നും സി പി എമ്മിലെ തന്നെ പാച്ചേനി കുഞ്ഞിരാമനെതിരെയും. രണ്ടും ഉറച്ച കമ്മ്യൂണിസ്റ്റ് കോട്ടകൾ. പിന്നീട് പല തിരഞ്ഞെടുപ്പുകൾ നടന്നെങ്കിലും പാർട്ടിയിലെ താപ്പാനകളുടെയും സീറ്റുമോഹികളുടെയും മുന്നിൽ രാഘവൻ തഴയപ്പെട്ടു. എങ്കിലും 2009ൽ തന്റെ കന്നി ലോക്സഭ പോരാട്ടത്തിനിറങ്ങിയ രാഘവൻ എല്ലാ പ്രതികൂല ഘടകങ്ങളെയും (കോഴിക്കോടെ സീറ്റ് മോഹികളുടെ പാരയടക്കം ) മറികടന്നാണ് വിജയം വെട്ടിപ്പിടിച്ചത്‌.

അറിയപ്പെടുന്ന ഒരു സഹകാരി കൂടിയാണ് എം കെ രാഘവൻ. കേരളത്തിൽ സഹകരണ മേഖലയിൽ ആരംഭിച്ച ആദ്യത്തെ എയ്‌ഡഡ്‌ ആർട്സ് & സയൻസ് കോളേജിന്റെ (മാടായി ആർട്സ് & സയൻസ് കോളേജ്) മുഖ്യ ശില്പി രാഘവനായിരുന്നു. ഇത് കൂടാതെ കണ്ണൂർ കാസർകോട് ജില്ലകളിലായി സഹകരണ മേഖലയിൽ 30 ഓളം ചകിരി ഉൽപാദന കേന്ദ്രങ്ങൾ തുറക്കുന്നതിനു മുൻകൈ എടുത്തതും രാഘവൻ തന്നെ. ഉഷാകുമാരിയാണ് 1952 ഏപ്രിൽ 21നു കൃഷ്ണൻ നമ്പ്യാരുടെയും ജാനകി അമ്മയുടെയും മകനായി പയ്യന്നൂരിൽ ജനിച്ച എം കെ രാഘവന്റെ ഭാര്യ.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍