വിവരം പരീക്ഷാ ചീഫ് സൂപ്രണ്ടിനെയോ ഡെപ്യൂട്ടി സൂപ്രണ്ടുമാരെയോ അറിയിക്കാനും അധ്യാപിക തയ്യാറായില്ല.
അധ്യാപിക ശൗചാലയത്തില്‍ പോകാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് എസ് എസ് എല്‍ സി പരീക്ഷയ്ക്കിടെ വിദ്യാര്‍ഥി മലമൂത്രവിസര്‍ജനം നടത്തി. ചൊവ്വാഴ്ച കൊല്ലം കടയ്ക്കല്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലായിരുന്നു സംഭവം.
കെമിസ്ട്രീ പരീക്ഷ എഴുതുന്നതിനിടെ അസഹ്യമായ വയറുവേദന അനുഭവപ്പെട്ട വിദ്യാര്‍ഥി പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയോട് ശൗചാലയത്തില്‍ പോകാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചു. എന്നാല്‍ അധ്യാപിക അനുവാദം നല്‍കിയില്ല. വിവരം പരീക്ഷാ ചീഫ് സൂപ്രണ്ടിനെയോ ഡെപ്യൂട്ടി സൂപ്രണ്ടുമാരെയോ അറിയിക്കാനും അധ്യാപിക തയ്യാറായില്ല.
തുടര്‍ന്ന് പരീക്ഷയെഴുതാന്‍ കഴിയാത്തവിധം അവശനായ വിദ്യാര്‍ഥി പരീക്ഷാഹാളില്‍ തന്നെ മലമൂത്രവിസര്‍ജനം നടത്തുകയായിരുന്നു. പരീക്ഷാസമയം കഴിഞ്ഞശേഷമാണ് വിവരം സ്കൂള്‍ അധികൃതര്‍ അറിയുന്നത്. തുടര്‍ന്ന് വിദ്യാര്‍ഥിയെ വീട്ടിലേക്ക് അയയ്ക്കുകയായിരുന്നു.
വിദ്യാര്‍ഥി രക്ഷാകര്ത്താക്കളോട് വിവരം അറിയിച്ചില്ലെങ്കിലും ബുധനാഴ്ച സംഭവമറിഞ്ഞ രക്ഷിതാക്കള്‍ അധ്യാപികയ്ക്കെതിരേ കടയ്ക്കല്‍ പോലീസില്‍ പരാതി നല്കി. അധ്യാപികയുടെ നിലപാടുമൂലം പരീക്ഷാഹാളില്‍ കടുത്ത മാനസികസംഘര്‍ഷമനുഭവിച്ച മകന് വേണ്ടവിധം പരീക്ഷയെഴുതാനായില്ലെന്നും മികച്ച വിജയം നഷ്ടപ്പെടുത്തിയ അധ്യാപികയ്ക്കെതിരേ നടപടിയെടുക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്.