UPDATES

കെ എ ആന്റണി

കാഴ്ചപ്പാട്

Political Column

കെ എ ആന്റണി

ട്രെന്‍ഡിങ്ങ്

അനന്തമായ കാത്തിരിപ്പ് വിരസവും അത്യന്തം വേദനാജനകവും അതിലേറെ അസംബന്ധവുമാണ്; തനിക്ക് ഹാംലറ്റ് സിന്‍ഡ്രോമല്ലെന്ന് രാഹുല്‍ തെളിയിക്കണം

വ്യത്യസ്ത വാദങ്ങളും അവ സമര്‍ഥിക്കാനുള്ള ചേരുവകളും എല്ലാം പാകത്തിന് തന്നെ ഉണ്ട്. ഇനിയിപ്പോള്‍ അറിയേണ്ടത് രാഹുല്‍ജി വയനാട്ടിലേക്ക് വരുമോ ഇല്ലയോ എന്നത് മാത്രമാണ്. അത് തീരുമാനിക്കേണ്ടത് അദ്ദേഹം തന്നെയാണ്.

കെ എ ആന്റണി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്റെ സ്ഥിരം മണ്ഡലമായ അമേഥിക്കു പുറമെ കേരളത്തിലെ വയനാട്ടില്‍ നിന്നുകൂടി ഇക്കുറി ജനവിധി തേടുമെന്ന വാര്‍ത്ത പരന്നത് ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു. അതൊരു വെറും കരക്കമ്പി ആയിരുന്നില്ല. ഡല്‍ഹിയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സാക്ഷാല്‍ ഉമ്മന്‍ചാണ്ടി തന്നെയാണ് ‘കേരളത്തിന് ഒരു സന്തോഷ വാര്‍ത്തയുണ്ട്’ എന്ന മുഖവുരയോടെ ഇക്കാര്യം പുറത്തു വിട്ടത്. എഐസിസി അധ്യക്ഷന്‍ തന്നെ നേരിട്ട് മത്സരിക്കാനെത്തുമ്പോള്‍ നിയുക്ത സ്ഥാനാര്‍ഥിക്കു പിന്നെന്തു പ്രസക്തി. ഏറെ പാടുപെട്ടിട്ടാണ് വയനാട് സീറ്റ് സംഘടിപ്പിച്ചതെങ്കിലും രാഹുല്‍ ഗാന്ധിയുടെ വരവ് സംബന്ധിച്ച വാര്‍ത്ത അറിഞ്ഞയുടന്‍ സിദ്ദിഖ് കളമൊഴിഞ്ഞു, ഒട്ടുമേ പരിഭവം പ്രകടിപ്പിക്കാതെ തന്നെ. ഉമ്മന്‍ ചാണ്ടി പറഞ്ഞത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആവര്‍ത്തിച്ചതോടെ യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ നേതാക്കളും രാഹുലിന്റെ വരവിനെ സ്വാഗതം ചെയ്തു രംഗത്തെത്തി. വടകരയിലെന്നപോലെ തന്നെ വയനാട്ടിലും അപ്രതീക്ഷിത ട്വിസ്റ്റെന്ന് മാധ്യമങ്ങള്‍. വയനാട്ടിലെ മാത്രമല്ല കേരളത്തിലെ മൊത്തം യുഡിഎഫ് പ്രവര്‍ത്തകരും ആവേശക്കൊടുമുടിയിലായി.

എന്നാല്‍ മൂന്നു ദിവസം കഴിഞ്ഞിട്ടും രാഹുല്‍ ഗാന്ധി മനസ്സ് തുറന്നിട്ടില്ല. അത് മാത്രമല്ല സസ്‌പെന്‍സ് നിലനിര്‍ത്തികൊണ്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പന്ത്രണ്ടാമത് ലിസ്റ്റ് വന്നിട്ടും കേരളത്തിലെ വയനാട്ടിലും വടകരയിലും ആരാണ് മത്സരിക്കുന്നതെന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. എന്തിനാണ് ഇത്ര നീണ്ടു പോകുന്ന സസ്‌പെന്‍സ് എന്നത് ആര്‍ക്കും കൃത്യമായി ഉത്തരം നല്കാനാവാത്ത ഒരു ചോദ്യമായി അവശേഷിക്കുന്നു. എഐസിസിസി ആസ്ഥാനത്തെ മലയാളി മുഖങ്ങളില്‍ ഒന്നായ പിസി ചാക്കോ പറയുന്നത് കേരളത്തിലെ ഗ്രൂപ്പ് കളിയില്‍ രാഹുല്‍ജി തികച്ചും അസംതൃപ്തനാണെന്നാണ്. വയനാട്ടിലും വടകരയിലും മുകളില്‍ നിന്നും പ്രഖ്യാപനം വരുന്നതിനും മുന്‍പേ സ്വന്തം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന്റെ പ്രത്യാഘാതമാണ് ഇതെന്നുമൊക്കെയാണ്. കേരളത്തില്‍ ഇത്തവണ മത്സരിക്കാന്‍ സീറ്റ് കിട്ടാതെ വന്നപ്പോള്‍ സ്വന്തമായി ഗ്രൂപ്പില്ലാത്ത ചാക്കോ നടത്തുന്ന ഒരു ദുഷ്പ്രചാരണമായി വേണമെങ്കില്‍ ഇതിനെ കരുതാം. വയനാട്ടില്‍ ചെന്നിത്തല തന്നാലാവും വിധം ശ്രമിച്ചിട്ടും ഷാനിമോള്‍ ഉസ്മാനെ ആലപ്പുഴയിലേക്ക് തട്ടി സ്വന്തം ഗ്രൂപ്പുകാരനായ ടി സിദ്ദിഖിനെ വയനാട്ടിലേക്ക് അയച്ച ഉമ്മന്‍ ചാണ്ടിക്കുള്ള മറുപടിയായും വേണമെങ്കില്‍ ഇതിനെ വായിക്കാം. ഇപ്പറഞ്ഞതത്രയും ചാക്കോ പറഞ്ഞതുവെച്ചുള്ള ചില നിഗമനങ്ങള്‍ മാത്രമാണ്. എങ്കിലും ഒരു സര്‍പ്രൈസ് എന്ന നിലയില്‍ ബഹളങ്ങള്‍ ഒന്നുമേ ഇല്ലാതെ അവസാന നിമിഷം വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ജി കരുതിയിരുന്നുവെങ്കിലോ! അങ്ങനെയെങ്കില്‍ തന്റെ മനസ്സിലിരിപ്പ് താന്‍ പോലും അറിയാതെ പുറത്തുവിട്ടവര്‍ വരുത്തിവെച്ച വിന കണ്ട് മനം മടുത്ത രാഹുല്‍ജി ഒരു പക്ഷെ വയനാട് സംബന്ധിച്ച സ്പെന്‍സ് നീട്ടികൊണ്ടുപോകുന്നതും അതുകൊണ്ടാകാം എന്നും വേണമെങ്കില്‍ കരുതാം.

ഇനി അതല്ല രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നു മത്സരിക്കുന്നത് നല്‍കുന്ന തെറ്റായ സന്ദേശം സംബന്ധിയായ സിപിഎം, സിപിഐ കേന്ദ്ര നേതൃത്വത്തിന്റെ പ്രതികരണം കണക്കിലെടുത്താണെന്നു തന്നെ വെക്കുക. ഒരു കാര്യം ശരിയാണ് നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ബിജെപിക്കുമെതിരെ കോണ്‍ഗ്രസിനെപ്പോലെ തന്നെ ശക്തമായി പോരാടുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും. പോരെങ്കില്‍ ബിജെപിക്കെതിരെ ഒന്നും രണ്ടും യുപിഎ സര്‍ക്കാരുകള്‍ രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത് കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ ആയിരുന്നുവെന്നതും വാസ്തവം. അപ്പോള്‍ പിന്നെ അവര്‍ നേതൃത്വം നല്‍കുന്ന മുന്നണി ഭരിക്കുന്ന കേരളത്തില്‍ വന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മത്സരിക്കുമ്പോള്‍ അത് മോദി വിരുദ്ധ പോരാട്ടമായി വിലയിരുത്തപ്പെടുകയില്ല എന്ന വാദത്തില്‍ അല്പം കഴമ്പുണ്ടെന്ന് സമ്മതിക്കാതെ തരമില്ലെന്നു വന്നേക്കാം.

രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നു മത്സരിച്ചാല്‍ ദക്ഷിണേന്ത്യയിലാകെ വലിയ തരംഗം ഉണ്ടാകുമെന്നും കേരളത്തിലെ ഇരുപതില്‍ ഇരുപതു സീറ്റും യുഡിഎഫ് നേടുമെന്നുമാണ് ഉമ്മന്‍ ചാണ്ടിയും സംഘവും പറയുന്നത്. മുസ്ലിം ലീഗും ഇത് തന്നെ ആവര്‍ത്തിക്കുന്നുണ്ട്. യുഡിഎഫിന്റെ കുത്തക സീറ്റ് എന്ന് അവര്‍ തന്നെ വിലയിരുത്തുന്ന വയനാട്ടില്‍ രാഹുല്‍ മത്സരിച്ചാല്‍ ദക്ഷിണേന്ത്യ മുഴുവന്‍ കിടുങ്ങി വിറക്കുമോ? പോട്ടെ കേരളത്തിലെ മൊത്തം ജനവിധി വയനാട് എന്ന ഒരൊറ്റ മണ്ഡലത്തില്‍ ആര് മത്സരിക്കുന്നു എന്നതിനെ മാത്രം ആശ്രയിച്ചാണോ നില്‍ക്കുന്നത് എന്നതൊക്കെ മറ്റൊരു വലിയ ചോദ്യമാണ്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ വന്നാല്‍ മുസ്ലിം ലീഗ് ചില്ലറ രാഷ്ട്രീയ നേട്ടങ്ങള്‍ സ്വപ്നം കാണുന്നുണ്ട് എന്നത് ശരി തന്നെ. പൊന്നാനിയിലും മറ്റും ഇടഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രസുകാരെ ചൊല്‍പ്പിടിയില്‍ കൊണ്ടുവന്നു അവിടെ വിജയം ഉറപ്പിക്കാം എന്നത് മാത്രമല്ല അത്. രാഹുല്‍ജിക്ക് വയനാട്ടിലേക്ക് വഴിയൊരുക്കിയതും തിളക്കമാര്‍ന്ന വിജയം സമ്മാനിച്ചതും തങ്ങളാണെന്ന് സ്ഥാപിച്ച് കേരളത്തിലെ യുഡിഎഫില്‍ അപ്രമാദിത്യം സ്ഥാപിക്കാനും അതുവഴി ഒട്ടേറെ നേട്ടങ്ങള്‍ കൈവരിക്കാനും കഴിയും എന്ന വ്യാഖ്യാനവും ഉണ്ട്.

അതിനിടയില്‍ അമേഥി കൂടാതെ രാഹുല്‍ വയനാട്ടിലും മത്സരിക്കുന്നു എന്നുകേട്ട ഉടന്‍ തന്നെ അമേഥിയില്‍ പരാജയം ഉറപ്പായതിനെ തുടര്‍ന്നുള്ള ഒളിച്ചോട്ടമാണെന്ന വ്യാഖ്യാനവും വന്നു കഴിഞ്ഞു. പിന്നില്‍ പ്രധാനമായും ബിജെപി തന്നെ. വയനാട്ടില്‍ രാഹുലിനെതിരെ സ്മൃതി ഇറാനിയെ തന്നെ ഇറക്കുമെന്ന ഭീഷണിയും കേരളത്തിലെ ബിജെപി നേതൃത്വം വക ഉണ്ടായി. അതിന്റെ ഭാഗമായി നേരത്തെ ബി ഡി ജെ എസ്സിന് നല്‍കിയ വയനാട് സീറ്റ് ശ്രീധരന്‍ പിള്ളയും കൂട്ടരും പിടിച്ചുവെച്ചിരിക്കുകയുമാണ്. തൃശ്ശൂരില്‍ മത്സരിക്കണമോ വേണ്ടയോ എന്ന് ഇനിയും തീരുമാനിച്ചിട്ടില്ലാത്ത തുഷാര്‍ വെള്ളാപ്പള്ളി ഇത് വീണു കിട്ടിയ ഒരു അവസരമായി കണ്ടിരിക്കുന്നു എന്നതാണ് ഇതിന്റെ തമാശ.

അങ്ങനെ വ്യത്യസ്ത വാദങ്ങളും അവ സമര്‍ഥിക്കാനുള്ള ചേരുവകളും എല്ലാം പാകത്തിന് തന്നെ ഉണ്ട്. ഇനിയിപ്പോള്‍ അറിയേണ്ടത് രാഹുല്‍ജി വയനാട്ടിലേക്ക് വരുമോ ഇല്ലയോ എന്നത് മാത്രമാണ്. അത് തീരുമാനിക്കേണ്ടത് അദ്ദേഹം തന്നെയാണ്. എന്നാല്‍ തീരുമാനം ഇനിയും നീണ്ടു പോകുന്നത് യുഡിഎഫിനെ സംബന്ധിച്ചെടത്തോളം അത്ര ശുഭകരമായ ഒന്നല്ല. തീരുമാനം നീട്ടികൊണ്ടുപോകുന്ന രാഹുല്‍ ഗാന്ധിയുടെ മനസ്സിലിരിപ്പ് എന്ത് തന്നെയായാലും അദ്ദേഹം അത് ഉടനെ വെളിപ്പെടുത്തേണ്ടതുണ്ട്. അല്ലെങ്കില്‍ ഉറച്ച തീരുമാനം എടുക്കാനാവാതെ ഉഴലുന്ന മറ്റൊരു ഹാംലെറ്റ് രാജകുമാരനായി അദ്ദേഹം വിലയിരുത്തപ്പെടും. ‘യെസും കുസും പള്ളിക്ക് പുറത്തു റോസെ കെട്ടാന്‍ മനസ്സാണോ’ എന്ന് പണ്ടൊരു പള്ളീലച്ചന്‍ പരിഷ്‌കാരിയായ ഒരു നസ്രാണി യുവാവിനോട് മനസമ്മത വേളയില്‍ ചോദിച്ചത് പോലെ വയനാടിനെ വരിക്കാന്‍ ഒരുക്കമാണോ ഇല്ലയോ എന്ന് രാഹുല്‍ജി മനസ് തുറന്നേ തീരു.

അല്ലെങ്കിലും അനന്തമായ കാത്തിരിപ്പ് തീര്‍ച്ചയായും വിരസവും അത്യന്തം വേദനാജനകവും അതിലേറെ അര്‍ഥശൂന്യവും അസംബന്ധവുമാണ്. ഇതിനു സമാനമായ ഒരു അവസ്ഥ സാമുവല്‍ ബെക്കറ്റ് ‘ഗോദോയെ കാത്ത്’ (Waiting for Godot) എന്ന തന്റെ നാടകത്തിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. തങ്ങളെ കാണാന്‍ ഗോദോ വരുമെന്ന അറിയിപ്പ് ലഭിക്കുന്ന വ്‌ളാദിമിര്‍, എക്‌സ്ട്രഗോണ്‍ എന്ന രണ്ടുപേര്‍ വിജനമായ ഒരു പ്രദേശത്ത് ഗോദോയെ കാത്തിരിക്കുന്നതും ഒടുവില്‍ നിരാശരാവുന്നതുമാണ് നാടകത്തിന്റെ ഇതിവൃത്തം. കാത്തിരിപ്പ് അസഹനീയമായി മാറുന്ന അവസ്ഥയില്‍ അവര്‍ ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിക്കുന്നുണ്ട്, അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ പോലും. ഇക്കാര്യം കൂടി തീരുമാനം നീട്ടികൊണ്ടുപോകുന്ന കോണ്‍ഗ്രസ് തറവാട്ടിലെ പുതിയ തമ്പുരാന്‍ ഓര്‍ത്താല്‍ നന്ന്. ©

വേനൽചൂടും തെരഞ്ഞെടുപ്പ് ചൂടും ഒന്നിച്ച് വന്നാൽ പിന്നെ വാർത്തകൾക്കെങ്ങനെ ചൂട് പിടിക്കാതിരിക്കും. കൂടുതൽ വാർത്തകൾക്ക് അഴിമുഖം സന്ദർശിക്കൂ

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍