കൈകള്‍ വിടര്‍ത്തി അശ്ലീല ആക്ഷന്‍ കാണിച്ചായിരുന്നു ഈ പ്രസംഗം
ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അധിക്ഷേപിച്ച് സംസാരിച്ചതിന്റെ പേരില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് വിവാദത്തിലായിരിക്കുകയാണ്. അതേസമയം വിജയരാഘവന് രമ്യയ്ക്കെതിരെ ഇത് ആദ്യമായല്ല അധിക്ഷേപ പ്രസംഗം നടത്തുന്നത്. വിജയരാഘവന് കോഴിക്കോട് നടത്തിയ പ്രസംഗത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
രമ്യ ഹരിദാസ് കുഞ്ഞാലിക്കുട്ടിക്കൊപ്പം ഇരിക്കുന്ന ചിത്രം കണ്ട് താന്‍ അന്തം വിട്ടുപോയെന്നാണ് വിജയരാഘവന് കോഴിക്കോട് പറഞ്ഞത്. ഐഎന്‍എല്‍-നാഷണല്‍ സെക്കുലര്‍ കോണ്‍ഫ്രന്‍സ് ലയന സമ്മേളനത്തിലായിരുന്നു വിവാദ പരാമര്‍ശം.
‘തെരഞ്ഞെടുപ്പ് വന്നാല്‍ കോണ്‍ഗ്രസുകാരെല്ലാം പാണക്കാട്ടേക്ക് പോകും. സ്ഥാനാര്‍ത്ഥി മുരളി പാണക്കാട്ട്, ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ പാണക്കാട്ടെത്തി കുഞ്ഞാലിക്കുട്ടിയുടെ മുന്നിലിരിക്കുന്ന ഫോട്ടോ കണ്ട് താന്‍ അന്തം വിട്ടു നിന്ന് പോയി’ എന്നാണ് മാര്‍ച്ച് മുപ്പതിന് നടത്തിയ പ്രസംഗത്തില്‍ വിജയരാഘവന് പറഞ്ഞത്. കൈകള്‍ വിടര്‍ത്തി അശ്ലീല ആക്ഷന്‍ കാണിച്ചായിരുന്നു ഈ പ്രസംഗം.
വിജയരാഘവന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം തെരഞ്ഞെടുപ്പ് ആയുധമാക്കുകയാണ് യുഡിഎഫ്. വിജയരാഘവന്റെ പരാമര്‍ശത്തിനെതിരെ നിയമനടപടി എടുക്കാനാണ് രമ്യ ഹരിദാസിന്റെ തീരുമാനം. തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാന്‍ കെപിസിസിയും തീരുമാനിച്ചു.