UPDATES

വാര്‍ത്തകള്‍

‘സഖ്യം പുതുക്കാന്‍ നിതീഷ് കുമാർ പലതവണ, പലരീതിയിൽ ശ്രമിച്ചു’: ലാലുവിന്റെ ആരോപണത്തെ ശരിവെച്ച് തേജസ്വി യാദവ്

ആരോപണങ്ങളെ പൂർണമായും തള്ളി ജെഡിയു രംഗത്തെത്തി.

തങ്ങളുമായുള്ള സഖ്യം പിരിഞ്ഞ് എൻ‌ഡിഎ സഖ്യത്തിലേക്ക് തിരിച്ചുപോയ ജെഡിയു നേതാവ് നിതീഷ് കുമാർ പിന്നീട് തിരിച്ചുവരാനുള്ള ശ്രമങ്ങൾ നടത്തിയെന്ന ലാലുപ്രസാദ് യാദവിന്റെ പ്രസ്താവനയെ ശരിവെച്ച് മകനും ആർജെഡി നേതാവുമായ തേജസ്വി യാദവ് രംഗത്ത്. പലതവണ, പലതരത്തിൽ നിതീഷ് കുമാർ തങ്ങളോട് ചേരാൻ ശ്രമങ്ങൾ നടത്തിയിരുന്നെന്നും പൂർണമായ ഉത്തരവാദിത്വത്തോടെയാണ് താനിത് പറയുന്നതെന്നും തേജസ്വി പറഞ്ഞു. എൻഡിഎയിൽ ചേർന്നതിനു ശേഷം ആറുമാസത്തിനുള്ളിലാണ് ഈ ശ്രമങ്ങളെല്ലാം നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ഈ ആരോപണങ്ങളെ പൂർണമായും തള്ളി ജെഡിയു രംഗത്തെത്തി. പ്രസക്തി നഷ്ടപ്പെട്ട ഒരു പാർട്ടി തങ്ങളെ നിലനിർത്താൻ പെടുന്ന പാടായിട്ടാണ് ലാലുവിന്റെയും തേജസ്വിയുടെയും പ്രസ്താവനയെ ജെഡിയു നേതാവ് പ്രശാന്ത് കിഷോർ വിശേഷിപ്പിച്ചത്.

ലോകസഭാ തെരഞ്ഞെടുപ്പ് ദിനങ്ങൾ അടുക്കുന്നതോടെ ബിഹാറിൽ വാദപ്രതിവാദങ്ങൾ കടുക്കുകയാണ്. നിതീഷ് കുമാറിന്റെ ഭരണം രാക്ഷസഭരണമായി മാറിയെന്ന് കഴിഞ്ഞദിവസം തേജസ്വി യാദവ് ആരോപിച്ചിരുന്നു. ഏഴാംക്ലാസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം സംസ്ഥാനത്തെ ഞെട്ടിച്ച സാഹചര്യത്തിലാണ് തേജസ്വിയുടെ ഈ പ്രസ്താവന. മുൻ ജെഡിയു നേതാവിന്റെ മകനാണ് ഈ ദുര്യോഗമുണ്ടായതെന്നതും ശ്രദ്ധേയമാണ്. സർക്കാരിന്റെ ഒരു എൻജിൻ കുറ്റകൃത്യങ്ങൾ ചെയ്യുകയും മറ്റേ എൻജിൻ അഴിമതി ചെയ്യുകയും ചെയ്യുന്നുവെന്നും തേജസ്വി കുറ്റപ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍