1796 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. വിവാഹിതനാകുന്ന സമയത്ത് നെപ്പോളിയന് 26 വയസ്സായിരുന്നു. ആ സമയത്ത് ജോസഫൈൻ വിവാഹമോചിതയും രണ്ട് കുട്ടികളുടെ അമ്മയുമായ 32കാരിയായിരുന്നു.
‘ഒരു കത്ത് പോലും അയക്കുന്നില്ലല്ലോ മാന്യ സുഹൃത്തെ നീ. നീ നിന്റെ ഭർത്താവിനെ മറന്നു. പലവിധ ഭരണകാര്യങ്ങളും വ്യാപാരവും കൊണ്ട് ആകെ ക്ഷീണിച്ച് അവശനായ ഭർത്താവിനെ നീ മറന്നു. അയാളോ തിരക്കുകൾക്കിടയിലും നിന്നെ മാത്രം ഓർത്തുകൊണ്ടിരിക്കുന്നു. നിന്നെ മാത്രം മോഹിക്കുന്നു. ഞാൻ ആകെ ഏകനാണ്. നീ എന്നെ മറന്നു.’ പ്രിയതമയുമായുള്ള വിരഹ വേദന ഇത്തരത്തിൽ കുറിച്ച് വെയ്ക്കുന്നത് ലോകത്തെ വിറപ്പിച്ച നെപ്പോളിയൻ ബോണപ്പാർട്ടാണെന്നത് കൗതുകകരമാണ്.
പ്രണയത്തിലാകുമ്പോൾ ഏത് വീര ചക്രവർത്തിയും ലോല ഹൃദയനാകുമെന്ന ഈ കൗതുകം കൊണ്ടാണ് നെപ്പോളിയന്റെ പ്രണയ ലേഖനങ്ങൾ ലേലത്തിൽ വെച്ചപ്പോൾ അത് വാങ്ങാൻ ആളുകൾ മത്സരിച്ചത്. ഒടുവിൽ ഫ്രഞ്ച് മഹാസാമ്രാജ്യം കെട്ടിപ്പടുത്ത ഈ പോരാളിയുടെ പ്രണയലേഖനങ്ങൾ വിറ്റു. ചക്രവർത്തിയുടെ എഴുത്തുകൾ വിറ്റത് നിസ്സാര തുകയ്ക്കല്ല. 513,000 യൂറോയ്ക്ക്. അതായത് നാലു കോടി രൂപയ്ക്ക് ..!
തിരക്കുകൾക്കിടയിൽ നെപ്പോളിയൻ പ്രണയം തുളുമ്പുന്ന കത്തുകൾ എഴുതിരുന്നത് അദ്ദേഹത്തിന്റെ ആദ്യ ഭാര്യയായിരുന്ന ജോസഫൈൻ ഡി ബ്യുഹർനൈസിനെയായിരുന്നു. മക്കളുണ്ടാകാത്തതിന്റെ പേരിൽ ഇരുവരും പിന്നീട് വിവാഹ മോചിതരായെങ്കിലും ജോസഫൈനോടുള്ള നെപ്പോളിയന്റെ പ്രണയം അവസാനിച്ചിരുന്നില്ല. മരണത്തിനു കീഴടങ്ങുന്നതിനു തൊട്ടുമുൻപ് നെപ്പോളിയൻ അവസാനമായി ഒരു മന്ത്രം പോലെ ഉച്ചരിച്ചത് ജോസഫൈൻ എന്ന വാക്കായിരുന്നു.
1796 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. വിവാഹിതനാകുന്ന സമയത്ത് നെപ്പോളിയന് 26 വയസ്സായിരുന്നു. ആ സമയത്ത് ജോസഫൈൻ വിവാഹമോചിതയും രണ്ട് കുട്ടികളുടെ അമ്മയുമായ 32കാരിയായിരുന്നു. ‘നീ കത്തുകളയയ്ക്കുന്നില്ല’ എന്ന് നെപ്പോളിയൻ പരിഭവം പറയുന്ന കാലഘട്ടത്തിൽ ജോസെഫൈൻ മറ്റൊരാളുമായി പ്രണയത്തിലായിരുന്നുവെന്നാണ് ചില രേഖകൾ തെളിയിക്കുന്നത്. ജോസെഫൈൻ തനിക്ക് വേണ്ട പരിഗണന നല്കാത്തതിൽ ചക്രവർത്തി വളരെ ദുഖിതനാണെന്ന് തെളിയിക്കുന്നതായിരുന്നു 1804 കാലഘട്ടത്തിൽ നെപ്പോളിയൻ എഴുതിയ കത്തുകൾ. ഫ്രഞ്ച് അഡറും അഗുറ്റസ് ഹൗസും സംയുക്തമായാണ് നെപ്പോളിയന്റെ എഴുത്തുകൾ ലേലം ചെയ്തത്.