പ്രമോദ് പുഴങ്കര
സി പി ഐ എമ്മിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു; കോണ്‍ഗ്രസ് എന്ന ഭൂതം. വാസ്തവത്തില്‍ കോണ്‍ഗ്രസിനെ ചൊല്ലി കോണ്‍ഗ്രസിനകത്ത് പോലും പ്രതീക്ഷയുടെയോ ശക്തിപ്രകടനത്തിന്റെയോ ശബ്ദങ്ങള്‍ അധികമൊന്നും ഉയരാത്ത, ചരിത്രത്തിലെ ഏറ്റവും ദുര്‍ബലവും ദയനീയവുമായ തെരഞ്ഞെടുപ്പ് പരാജയവും സംഘടനാ ദൌര്‍ബല്യവും അതിനെ തുറിച്ചുനോക്കുന്ന അവസരത്തിലാണ് സി പി ഐ എമ്മില്‍ കോണ്‍ഗ്രസുമായുള്ള ബാന്ധവത്തെച്ചൊല്ലി കലഹവും അലമുറയും ഉയരുന്നത് എന്നത് വേണമെങ്കില്‍ കോണ്‍ഗ്രസിന് തങ്ങളിപ്പോഴും ശക്തരാണ് എന്നൊരു വ്യാജബോധമുണ്ടാക്കാന്‍ സഹായിച്ചേക്കാം. എന്നാല്‍ സി പി ഐ എമ്മിനത് നഷ്ടക്കച്ചവടമാവുകയാണ്.
സി പി ഐ എം കേന്ദ്രസമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയനേതാവുമായ, ഹരിയാനയില്‍ നിന്നുള്ള ജാഗ്മതി സാംഗ്വാന്‍, പാര്‍ടിയുടെ ബംഗാള്‍ ഘടകം ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുണ്ടാക്കിയ ധാരണ പാര്‍ടിയുടെ രാഷ്ട്രീയ അടവുനയത്തിനും പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ക്കും വിരുദ്ധമാണെന്നും അതുകൊണ്ടുതന്നെ ആ തീരുമാനത്തിനെതിരെ നടപടിയെടുക്കാത്ത, അതിനെ അംഗീകരിക്കുന്ന രീതിയില്‍ നിലപാടെടുക്കുന്ന പാര്‍ടി കേന്ദ്ര കമ്മിറ്റി തീരുമാനത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് തിങ്കളാഴ്ച്ച കേന്ദ്ര കമ്മിറ്റി യോഗത്തിനിടെ പരസ്യപ്രസ്താവനയിലൂടെ കേന്ദ്ര കമ്മിറ്റിയില്‍ നിന്നും രാജിവെച്ചു. സ്വാഭാവികമായും കടുത്ത അച്ചടക്കലംഘനം ആരോപിച്ച് പാര്‍ട്ടി അവരെ അല്‍പസമയത്തിനുള്ളില്‍ പുറത്താക്കുകയും ചെയ്തു.
ഒരു കേന്ദ്ര കമ്മിറ്റി അംഗം ഇത്തരത്തില്‍ പാര്‍ടിയുടെ രാഷ്ട്രീയ-അടവുനയം നടപ്പാക്കുന്നതില്‍ വന്ന വീഴ്ച്ചയെച്ചൊല്ലി രാജിവെക്കുന്നത് അടുത്തകാലത്തുണ്ടായിട്ടില്ല. രാജിവെച്ച ഒരാളെ പുറത്താക്കുന്നത് അസ്വാഭാവികമല്ലെങ്കിലും. (പുറത്തുപോയ ആളെ പുറത്താക്കുന്നത് ഒരു സംഘടനാശരിയായി മാത്രം കണ്ടാല്‍ മതി, ഇല്ലെങ്കില്‍ കുഴങ്ങും). കോണ്‍ഗ്രസും ബിജെപിയും നവ-ഉദാരവത്കരണ നയങ്ങള്‍ നടപ്പാക്കുന്നതില്‍ ഒരേ നിലപാടുകാരാണെന്ന കാര്യത്തില്‍ സി പി ഐ എമ്മിനു സംശയമൊന്നുമില്ല. എന്നാല്‍ മതനിരപേക്ഷതയുടെ കാര്യത്തില്‍ ഇരുകക്ഷികളും തമ്മില്‍ ചെറുതല്ലാത്ത വ്യത്യാസമുണ്ട്. എന്നാല്‍ ഇത് ഒരു തെരഞ്ഞെടുപ്പ് സഖ്യം കോണ്‍ഗ്രസുമായി ഉണ്ടാക്കാന്‍ മാത്രം പ്രസക്തമായ ഒന്നായി സി പി ഐ എം കാണുന്നില്ല. തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍ക്കണ്ട് ഉണ്ടാക്കുന്ന കൂട്ടുകെട്ടുകള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെന്ന ലക്ഷ്യത്തെ സഹായിക്കില്ല എന്നും സി പി ഐ എം കരുതുന്നുണ്ട്. മുന്‍കാലങ്ങളില്‍ പലപ്പോഴും ഇത്തരത്തില്‍ പ്രാദേശിക ബൂര്‍ഷ്വാ കക്ഷികളുമായുണ്ടാക്കിയ കൂട്ടുകെട്ടുകള്‍ പാര്‍ട്ടി സംഘടന വളര്‍ത്താനോ ബി ജെ പിക്കും കോണ്‍ഗ്രസിനും എതിരായ ഇടതുപക്ഷ ജനാധിപത്യ ബദല്‍ കെട്ടിപ്പടുക്കാനോ സഹായിച്ചില്ല എന്നു മാത്രമല്ല പാര്‍ട്ടിയെ സംഘടനാപരമായി ദുര്‍ബലപ്പെടുത്തുകയാണ് ഉണ്ടായതെന്നും സി പി ഐ എം അടുത്തകാലത്ത് വിലയിരുത്തിയിരുന്നു. അതുകൊണ്ടാണ് ദീര്‍ഘകാലത്തേക്ക് ലക്ഷ്യം വെച്ചുള്ള ഇടതുജനാധിപത്യ സഖ്യങ്ങള്‍ തെരഞ്ഞെടുപ്പിനപ്പുറമുള്ള ജനകീയ രാഷ്ട്രീയപ്രശങ്ങള്‍ കേന്ദ്രീകരിച്ച് രൂപപ്പെടണമെന്ന് പാര്‍ട്ടി കരുതിയത്.
ഇതൊക്കെ പ്രാദേശിക കക്ഷികളുമായുള്ള കൂട്ടുകെട്ടിലെ പ്രശ്നങ്ങളാണ്. കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ട് ചിത്രത്തിലേ വരുന്നില്ല എന്നര്‍ത്ഥം. അപൂര്‍വമായി ഏതെങ്കിലും ചിലയിടങ്ങളില്‍ അതും സി പി ഐ എം അത്ര ഗണിക്കപ്പെടാവുന്ന ശക്തിയല്ലാത്ത ഇടങ്ങളില്‍ മറ്റുകക്ഷികളുമായുള്ള കൂട്ടുകെട്ടിന്റെ വാലില്‍പ്പിടിച്ച് ചില കോണ്‍ഗ്രസ് സഹായം നേടിയിരിക്കാം എന്നതൊഴിച്ചാല്‍ സി പി ഐ എമ്മിനു കോണ്‍ഗ്രസുമായി ഒരു തെരഞ്ഞെടുപ്പ് സംബന്ധവും ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം; ഇക്കഴിഞ്ഞ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരെ.
പക്ഷേ, 34 വര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തിനുശേഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞു ഭരണത്തില്‍നിന്നും പുറത്തായ സി പി ഐ എമ്മിന് ആ ആഘാതത്തില്‍ നിന്നും ബംഗാളില്‍ നടുനിവര്‍ത്താനായിട്ടില്ല. ലോകസഭാ, തദ്ദേശ ഭരണ തെരഞ്ഞെടുപ്പുകളിലെല്ലാം പാര്‍ട്ടി കീഴോട്ട് പോയി. പാര്‍ട്ടി സമ്മേളനങ്ങള്‍ പോലും നടത്താനാകാത്ത രീതിയില്‍ പ്രാദേശിക ഘടകങ്ങള്‍ പലതും ഒലിച്ചുപോയി. ജില്ലാ തലത്തില്‍ മാത്രമല്ല സംസ്ഥാന നേതാക്കളില്‍ ചിലര്‍ പോലും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേക്കേറി. അന്നേവരെ സി പി ഐ എം നിയന്ത്രിച്ചിരുന്ന കൈക്കരുത്ത് രാഷ്ട്രീയത്തിന്റെ ജനാധിപത്യവിരുദ്ധ സംവിധാനത്തെ തൃണമൂല്‍ കൈക്കലാക്കി. അതോടൊപ്പം വന്‍ ഭൂരിപക്ഷവും കൂടിയായപ്പോള്‍ സി പി ഐ എം പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് വലിയ തോതില്‍ ആക്രമിക്കപ്പെട്ടു എന്നതും വാസ്തവമാണ്.
തുടര്‍ന്ന് അഞ്ചു വര്‍ഷത്തെ തൃണമൂല്‍ ഭരണത്തിനുശേഷം നടന്ന 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധവികാരം വിഭജിച്ചു പോകാതിരിക്കാന്‍ കോണ്‍ഗ്രസിനൊപ്പം കൂടേണ്ടത് ഒരടവെന്ന രീതിയില്‍ അത്യന്താപേക്ഷിതമാണെന്ന് ബംഗാള്‍ സംസ്ഥാന ഘടകം നിശ്ചയിച്ചു. പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ-അടവ് നയത്തിന് വിരുദ്ധമാണ് ഈ നിലപാടെങ്കിലും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഈ നയത്തിന് അനുകൂലമായ നിലപാടെടുത്തു. ബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം കണ്ട സിലിഗുഡി മാതൃകയാണ് ഇതിനായി ബംഗാള്‍ ഘടകം പൊക്കിപ്പിടിച്ചത്. താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുടെ വികാരം ഈ സഖ്യത്തിന് അനുകൂലമാണെന്ന പ്രചാരണവും പാര്‍ട്ടിക്കുള്ളില്‍ ശക്തമായിരുന്നു. എന്തായാലും തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലൊക്കെ ഒരു ഭരണമാറ്റത്തിന്റെ തോന്നല്‍ വരെ അത് പലരിലുമുണ്ടാക്കി. പക്ഷേ, എല്ലാ പ്രതീക്ഷകളേയും നിലംപരിശാക്കി മമത ബാനര്‍ജിയുടെ ടിഎംസി പടുകൂറ്റന്‍ ഭൂരിപക്ഷത്തോടെ രണ്ടാം തവണയും അധികാരത്തിലെത്തി. സീറ്റുകളുടെ എണ്ണവും വോട്ടുശതമാനവും അവര്‍ക്ക് കൂടി. ഇടതുമായി സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസിനും സീറ്റുകള്‍ കൂടി. എന്നാല്‍ സി പി ഐ എം സീറ്റുകള്‍ മുന്‍ തെരഞ്ഞെടുപ്പിനെക്കാള്‍ ഏതാണ്ട് പകുതി കുറഞ്ഞു. വോട്ടുവിഹിതം കുത്തനെ താഴ്ന്നു. നിയമസഭയില്‍ കോണ്‍ഗ്രസിനും പിന്നിലായ ഇടതുമുന്നണി മുഖ്യപ്രതിപക്ഷം പോലും അല്ലാതായി. എന്നാലും സഖ്യപരീക്ഷണം പരാജയപ്പെട്ടു എന്ന്‍ ബംഗാള്‍ ഘടകം സമ്മതിക്കുന്നില്ല എന്നു മാത്രമല്ല സഖ്യം തുടരും എന്നും സൂചിപ്പിക്കുന്നു.
എന്നാല്‍ പാര്‍ടി കേന്ദ്ര കമ്മിറ്റി ഈ നിലപാടിനെ വീണ്ടും തള്ളിയിരിക്കുന്നു. ബംഗാള്‍ ഘടകത്തിനു പറ്റിയ പാളിച്ചയും അതില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയാതിരുന്ന ജനറല്‍ സെക്രട്ടറിയുടെ ജാഗ്രതക്കുറവും പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അത് പോളിറ്റ് ബ്യൂറോയെ ചുമതലപ്പെടുത്തിയിരിക്കുന്നു.
അതേ സമയം, ബംഗാള്‍ ഘടകത്തിനെതിരെയും ഒരുവേള ജനറല്‍ സെക്രട്ടറിക്കെതിരെയും നടപടി ആവശ്യപ്പെട്ടാണ് ജാഗ്മതി സാംഗ്വാന്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തുപോകുന്നത്. എന്നാല്‍ ബംഗാള്‍ പരാജയം കേവലം കോണ്‍ഗ്രസ് ബാന്ധവത്തിന്റെയോ രാഷ്ട്രീയ-അടവ് നയം നടപ്പാക്കുന്നതിലെ പാളിച്ചയോ മാത്രമല്ലെന്നാണ് വാസ്തവം. അതുകൊണ്ടുതന്നെ ജാഗ്മതിയുടെ പുറത്തുപോക്കിന്റെ അടിയന്തര കാരണത്തെക്കാളേറെ അത്തരമൊരു കാരണം സൃഷ്ടിക്കാനിടയായ കാര്യം കോണ്‍ഗ്രസ് ബന്ധമല്ല, ആ സഖ്യത്തിലേക്കെത്തിച്ച സി പി ഐ എമ്മിന്റെ രാഷ്ട്രീയ, സംഘടനാ തകര്‍ച്ചയാണ് പ്രശ്നം.
ബംഗാളിലെ തുടര്‍ച്ചയായ കൂറ്റന്‍ പരാജയങ്ങളുടെ കണക്കുകള്‍ ആവര്‍ത്തിക്കേണ്ടതില്ല. അവിടുത്തെ പാര്‍ട്ടി സംഘടനയുടെ തകര്‍ച്ചയും ഒരു രഹസ്യമല്ല. എന്നാല്‍ അതിനുള്ള കാരണങ്ങള്‍ കണ്ടെത്തുന്നതില്‍ സി പി ഐ എം നേതൃത്വം പരാജയപ്പെടുകയാണ്. അല്ലെങ്കില്‍ ഈ പാര്‍ട്ടി ആ പരാജയകാരണങ്ങളെ അഭിമുഖീകരിക്കാന്‍ ഒട്ടും പ്രാപ്തമല്ല എന്നും വരുന്നു. നവ-ഉദാരവത്കരണ നയങ്ങളുടെ, ഇന്ത്യയിലെ ഉപരിവര്‍ഗ, മുതലാളി, ഭൂപ്രഭു വര്‍ഗത്തിന്റെ രാഷ്ട്രീയ കക്ഷിയായ കോണ്‍ഗ്രസുമായി കൂട്ടുകെട്ടുണ്ടാക്കാന്‍ സി പി ഐ എമ്മിനെ പ്രേരിപ്പിച്ചത് ഈ നവ-ഉദാരവത്കരണ നയങ്ങളും കര്‍ഷക വിരുദ്ധ നയങ്ങളും നടപ്പാക്കാന്‍ പാര്‍ട്ടി നടത്തിയ ശ്രമങ്ങള്‍ക്കേറ്റ കനത്ത ജനകീയ തിരിച്ചടിയുടെ ആഘാതത്തില്‍ നിന്നും കരകയറാനാണ് എന്നതാണു വൈരുദ്ധ്യം. സി പി ഐ എം ഈ തകര്‍ച്ചയെ ഒരു സംഘടനാ പ്രശ്നമായി ചുരുക്കുന്നതിലൂടെ ജനങ്ങളുടെ രാഷ്ട്രീയ ബോധത്തെയാണ് അപഹസിക്കുന്നത്.
ബംഗാളിലെ രാഷ്ട്രീയം എത്രയോ പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് വിരുദ്ധമായ രാഷ്ട്രീയത്തിന് മേല്‍ക്കൈ ഉള്ള ഒന്നാണ് എന്നുള്ളത് ആ സഖ്യത്തിന്റെ അപ്രായോഗികതയിലെ ഒരു പ്രായോഗികഘടകമാണ്. അതാകട്ടെ സി പി ഐ എം ഏറെക്കാലമായി പറഞ്ഞു ഫലിപ്പിച്ചതുമാണ്. അതിനൊക്കെ മുമ്പും സ്വാതന്ത്ര്യസമരകാലഘട്ടത്തില്‍ തുടങ്ങി കോണ്‍ഗ്രസില്‍ നിന്നും വിഭിന്നമായ ദേശീയ, വിപ്ലവ രാഷ്ട്രീയത്തിന് ബംഗാളില്‍ വലിയ സ്വാധീനം ഉണ്ടായിരുന്നു. ഇത് ഇടതു രാഷ്ട്രീയത്തിന്റെ വളര്‍ച്ചക്കും കാരണമായിട്ടുണ്ട്. 1972-77 കാലത്ത് സിദ്ധാര്‍ത്ഥ ശങ്കര്‍ റേയുടെ അര്‍ദ്ധ-ഫാസിസ്റ്റ് ഭരണത്തിനു കീഴില്‍ നക്സലൈറ്റുകളും സി പി ഐ എം പ്രവര്‍ത്തകരും അടക്കമുള്ള ഇടതുപക്ഷം അതിഭീകരമായ ഭരണകൂട വേട്ടക്ക് വിധേയമായ ചരിത്രവും ബംഗാളിന്റെ ഇടത് ചരിത്രത്തിന്റെ ചോര നിറഞ്ഞ പാഠമാണ്. അതേ കോണ്‍ഗ്രസിനെ, സി പി ഐ എം കൂട്ടുപിടിക്കുമ്പോള്‍ ജനം തൊട്ടടുത്ത ഇടത് ബദലല്ല മറിച്ച് വലതു ബദലാണ് തേടുക എന്നത് ചരിത്രത്തില്‍ ഏറെ സമാനതകളുള്ള ആവര്‍ത്തനമാണ്. എന്നിട്ടും പുറമേക്കെങ്കിലും ഇടതുമുദ്രാവാക്യങ്ങള്‍ കടമെടുത്ത് ജനങ്ങളെ പറ്റിക്കുന്ന മമതാ ബാനര്‍ജിയാണ് അധികാരത്തില്‍ വരുന്നത് എന്നതിനര്‍ത്ഥം ബംഗാള്‍ പൂര്‍ണമായി വലതുപാളയത്തില്‍ എത്തിയിട്ടില്ല എന്നാണ്.
ബംഗാളില്‍ 1977-ല്‍ ജനതാപാര്‍ട്ടിയുമായുള്ള സഖ്യത്തില്‍ രണ്ടാം കക്ഷിയാകാന്‍ സി പി ഐ എം തയ്യാറായിരുന്നു. ചില്ലറ സീറ്റുകള്‍ക്കായുള്ള തര്‍ക്കത്തിലാണ് ഇടതുമുന്നണിയായി മത്സരിക്കുന്നതും വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്നതും. തുടര്‍ന്ന് ഭാഗികമായ തോതില്‍ ഭൂപരിഷ്കരണവും മറ്റ് സാമൂഹ്യ ക്ഷേമ ഇടപെടലുകളും നടത്തിയ ഇടതുമുന്നണി ആ മേഖലകളിലെല്ലാം തന്നെ ഒരു പതിറ്റാണ്ടിനുശേഷം ജഡാവസ്ഥയിലാവുകയായിരുന്നു. ഭൂരഹിതരായ കര്‍ഷക തൊഴിലാളികള്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതിലൊക്കെ ഗുരുതരമായ പാളിച്ചയാണ് സംഭവിച്ചത്. വന്‍കിട ജന്മിമാരുടെ സ്വാധീനം കുറവായിരുന്നെങ്കിലും ഇടത്തരം ഭൂവുടമുകളുടെ നേതൃത്വത്തിലും അവരുടെ താത്പര്യത്തിലുമായിരുന്നു കര്‍ഷക സംഘത്തിന്റെ പ്രവര്‍ത്തനം വരെ. വിശാല കര്‍ഷക (ഭൂവുടമ) ഐക്യത്തിന്റെ പേരില്‍ കര്‍ഷക തൊഴിലാളി സംഘം ഉണ്ടാക്കേണ്ട എന്നുവരെ ബംഗാള്‍ ഘടകം തീരുമാനിച്ചിരുന്നു. ഭൂപരിഷ്കരണത്തിന്റെ ഗുണങ്ങള്‍ ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികളിലേക്ക് കുറഞ്ഞ അളവിലാണ് എത്തിയത്. ഇതുതന്നെ പല ജില്ലകളിലും വ്യത്യസ്തമായ തോതിലാണ്. ബങ്കുറ പോലെ ഇന്ത്യയിലെത്തന്നെ ഏറ്റവും ദരിദ്രമായ ജില്ലകളൊക്കെ ഇതിന്റെ ഏറ്റവും അടിത്തട്ടിലാണ്. ഇതേ തോതിലാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൃത്യമായി നടന്നിരുന്ന സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ പ്രാതിനിധ്യവും ഉണ്ടായിരുന്നത്. ഭൂരഹിതരും അതിദരിദ്രരുമൊക്കെ അത്തരം സംവിധാനങ്ങളില്‍ കേവലം നാമമാത്രമായ പ്രാതിനിധ്യം മാത്രമാണു നേടിയത്.
ദേശീയതലത്തില്‍ നോക്കിയാല്‍പ്പോലും ബംഗാളില്‍ ഭൂരഹിതരുടെ എണ്ണം 21-ആം നൂറ്റാണ്ടിന്റെ ആദ്യദശകത്തിലെത്തവെ വര്‍ദ്ധിച്ചുവരികയായിരുന്നു. അതായത് ബംഗാളിലെ ഗ്രാമീണ ജനതയുടെ പകുതിയോളം കുടുംബങ്ങള്‍ ഭൂരഹിതരായ അവസ്ഥയിലെത്തി എന്നായി കാര്യങ്ങള്‍. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും ഇടതുഭരണത്തിന്റെ ആദ്യദശക നേട്ടങ്ങളില്‍ നിന്നും സംസ്ഥാനം പിറകോട്ടു പോകാന്‍ തുടങ്ങിയിരുന്നു. (നാഷണല്‍ സാമ്പിള്‍ സര്‍വെ, പശ്ചിമ ബംഗാള്‍ ആസൂത്രണ കമ്മീഷന്‍ തുടങ്ങി നിരവധി സ്രോതസുകള്‍ വിശദമായ കണക്കുകള്‍ നല്‍കും) എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ ഈ നേട്ടങ്ങളുടെ പലിശയായി ജനങ്ങള്‍ തങ്ങളെ വിജയിപ്പിക്കും എന്ന മൌഢ്യവുമായാണ് സി പി ഐ എം മുന്നോട്ടുപോയത്.
ഈ ഘട്ടത്തില്‍ത്തന്നെ സോഷ്യലിസം ഒരു മണ്ടന്‍ ആശയമാണെന്നും മനുഷ്യമുഖമുള്ള മുതലാളിത്തമാണ് വേണ്ടതെന്നുമുള്ള നിലപാട് പാര്‍ട്ടിക്കുള്ളില്‍ പറയാതെ പറഞ്ഞു തുടങ്ങിയിരുന്നു. അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയാകട്ടെ അതത്ര ഒളിച്ചുവെച്ചുമില്ല. ഉദാരവത്കരണത്തിന്റെ, സ്വകാര്യവത്കരണത്തിന്റെ അവസരം പുരോഗതിയിലേക്കുള്ള അവസാന ബസാണ് എന്നുവരെ അദ്ദേഹം പറഞ്ഞുകളഞ്ഞു. സ്വകാര്യമൂലധനത്തിന് സര്‍വസ്വ്വതന്ത്ര്യം നല്‍കുന്ന സ്വതന്ത്ര സാമ്പത്തിക മേഖലകള്‍ക്കായി സര്‍ക്കാര്‍ ശ്രമം. അവര്‍ക്ക് എന്തിളവ് നല്‍കാനും ഇടതുമുന്നണി സര്‍ക്കാര്‍ തയ്യാറായി. വ്യവസായവത്കരണമാണ് പുരോഗതിയിലേക്കുള്ള ഏകമാര്‍ഗമെന്നും അതിനു സ്വകാര്യ മൂലധനത്തെ ആനയിക്കണമെന്നും അതിനായി കൃഷി ഭൂമി ഏറ്റെടുക്കെണ്ടിവരുമെന്നും വന്‍പ്രചാരണം നടത്തി. ഇതിന്റെ തുടര്‍ച്ചയായാണ് സിംഗൂരിലെ ഭൂമി ഏറ്റെടുക്കലും തുടര്‍ന്നുള്ള ജനകീയ പ്രതിഷേധവും. നന്ദിഗ്രാമില്‍ വ്യാവസായിക സമുച്ചയത്തിനായി കൃഷി ഭൂമി ബലമായി ഏറ്റെടുക്കുകയും തുടര്‍ന്നുള്ള ജനകീയ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ പാര്‍ട്ടി ഗുണ്ടകളും സംസ്ഥാന പോലീസും ചേര്‍ന്ന് നടത്തിയ നരനായാട്ടിലും വെടിവെപ്പിലും 14 പേര്‍ കൊല്ലപ്പെടുകയും ചെയ്തതോടെ ബംഗാളിലെ ഗ്രാമങ്ങളില്‍ സി പി ഐ എം ഒരു നികൃഷ്ടപദമായി മാറുകയായിരുന്നു. മാവോവാദിവിരുദ്ധ വേട്ടയും സകല മനുഷ്യാവകാശങ്ങളെയും ചവിട്ടിമെതിച്ച ആ കാടത്തത്തിന് ഇടതുസര്‍ക്കാര്‍ കേന്ദ്രത്തോടൊപ്പം ചേര്‍ന്ന് കൂട്ടുനിന്നതും മമത ബാനര്‍ജി പ്രചാരണായുധമാക്കി മാറ്റുകയും ചെയ്തു. (തുടര്‍ന്ന് അധികാരത്തിലെത്തിയപ്പോള്‍ മമത ആദ്യം ചെയ്തത് മാവോവാദികളെ കൊന്നൊടുക്കുകയായിരുന്നു എന്നത് മാവോവാദികള്‍ ദണ്ഡകാരണ്യത്തില്‍ ചര്‍ച്ച ചെയ്ത് തലപുകച്ച വിഷയമാണ്, ആ കൂട്ടുകെട്ടില്‍ പറ്റിയ രാഷ്ട്രീയ ബുദ്ധിശൂന്യതയും!)
ഭൂപരിഷ്കരണത്തിന്റെ ഗുണഫലങ്ങള്‍ ഗ്രാമീണ മേഖലയിലെ പകുതിയോളം പേര്‍ക്കും വേണ്ടരീതിയില്‍ കിട്ടാത്ത, ദാരിദ്ര്യം അക്ഷരാര്‍ത്ഥത്തില്‍ അനുഭവിക്കുന്ന നിരവധി പ്രദേശങ്ങളുള്ള ഒരു സംസ്ഥാനത്ത് നവ-ഉദാരവത്കരണത്തിന്റെ കയ്യാളുകളായി മാറിയ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ജനം തൂത്തെറിഞ്ഞതാണ് പിന്നെയുള്ള ബംഗാള്‍ ചരിത്രം. എന്നാല്‍ ആ നയങ്ങളില്‍ ഒരു മാറ്റവും വരുത്താന്‍ പാര്‍ട്ടി തയ്യാറായിട്ടില്ല എന്നതിന്റെ സൂചനയാണ് അതേ നയങ്ങളുടെ പ്രവാചകരായ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുന്നതാണ് രാഷ്ട്രീയ പുനരുജ്ജീവനത്തിനുള്ള ഔഷധം എന്നു കണ്ടെത്തുന്നതിലൂടെ സി പി ഐ എം നല്‍കുന്ന സന്ദേശം. അത് നാട്ടുകാര്‍ക്ക് മനസിലായി എന്നതാണ് നിയമസഭതെരഞ്ഞെടുപ്പിലെ ദയനീയ പരാജയം തെളിയിക്കുന്നതും.
ബംഗാളില്‍ പാര്‍ട്ടി നേരിടുന്ന കനത്ത അസ്തിത്വ പ്രതിസന്ധിയുടെ കാരണം ഈ നയങ്ങളാണ്. രാജ്യത്തെവിടെയും മൂലധന ഭീകരതക്കെതിരായ സമരത്തില്‍ ഐക്യപ്പെടാതെ, അത്തരം സമരങ്ങള്‍ ഏറ്റെടുക്കാതെ നില്‍ക്കുന്ന സി പി ഐ എമ്മിനെ കാത്തിരിക്കുന്ന അനിവാര്യ ദുരന്തമാണിത്. സിംഗൂരിലും നന്ദിഗ്രാമിലുമൊക്കെ സ്വകാര്യ മൂലധനതാത്പര്യം സരക്ഷിക്കാന്‍ ജനങ്ങളെ ശത്രുപക്ഷത്താക്കി സംസ്ഥാന പാര്‍ട്ടി ഘടകം ഉറഞ്ഞുതുള്ളുമ്പോള്‍ അതിനു സകല ന്യായീകരണവും കണ്ടെത്തിയ അന്നത്തെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടൊക്കെ ഇപ്പോഴത്തെ കോണ്‍ഗ്രസ് സഖ്യത്തിനെതിരെ, രാഷ്ട്രീയ-അടവ് നയത്തിന്റെ പേരില്‍ താത്വിക പോരാട്ടം നടത്തുന്നത് കൌതുകമുള്ള കാഴ്ച്ചയാണ്. സി പി ഐ എം നേരിടുന്ന പ്രശ്നം അതിന്റെ രാഷ്ട്രീയസ്വഭാവം തീര്‍ത്തും വര്‍ഗസഹകരണത്തിന്റെയും അതുംകടന്ന് മൂലധന താത്പര്യത്തിന്റെയും ആയി മാറുന്നു എന്നതാണ്. എന്താണ് വികസനം എന്ന കാര്യത്തില്‍ മുതലാളിത്ത യുക്തികളെയാണ് അത് ആശ്രയിക്കുന്നതും സ്വീകരിക്കുന്നതും. വ്യവസായവത്കരണം ഒരു സ്വകാര്യ മൂലധന അജണ്ടയായി മാറ്റുന്ന തട്ടിപ്പിന് അണികളെ മാപ്പുസാക്ഷികളാക്കാനാണ് അവര്‍ ശ്രമിച്ചത്. അത് പാളിപ്പോയി. ഈ തട്ടിപ്പ് അവസാനിപ്പിക്കുകയും ഇന്ത്യയിലെ ചെറുതും വലുതുമായ ജനകീയ സമരങ്ങളോടൊപ്പവും അതിന്റെ നേതൃത്വത്തിലും വരാന്‍ പാര്‍ട്ടി തയ്യാറാവുകയും ചെയ്യുമോ എന്നാണ് ചോദ്യം.
എന്നാല്‍ കേരളത്തില്‍ അധികാരത്തിലെത്തിയ ഇടത് ജനാധിപത്യ മുന്നണിയുടെ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ഗണനകളെല്ലാം കഴിഞ്ഞ സര്‍ക്കാരിന്റെ നവ-ഉദാരവത്കരണ പദ്ധതികളെ സംരക്ഷിക്കലാണ് എന്ന്‍ അദ്ദേഹം തന്നെ വ്യക്തമാക്കിയതിലൂടെ ഇത്തരത്തിലൊരു സമരസജ്ജമായ ശരീരത്തിലേക്ക് കൂടുമാറാന്‍ സി പി ഐ എം തയ്യാറല്ല എന്നുവേണം താത്ക്കാലത്തേക്കെങ്കിലും കരുതാന്‍. പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുകയും പരിസ്ഥിതി ചൂഷണം വിനാശകരമായ രീതിയില്‍ നടത്തുകയും ചെയ്യുന്ന, അടിമുടി അഴിമതിയില്‍ കുളിച്ച, നരേന്ദ്ര മോദിയുടെ ഇഷ്ടവ്യവസായി അദാനിയുമായി യു ഡി എഫ് സര്‍ക്കാര്‍ ഉണ്ടാക്കിയ വിഴിഞ്ഞം കരാര്‍ പുന:പരിശോധിക്കില്ല, പരിസ്ഥിതി നാശം ഏറെയുണ്ടാക്കുന്ന അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി തുടങ്ങാന്‍ ശ്രമിക്കും, കുടിയൊഴിപ്പിക്കലിന്റെ പേരില്‍ എതിര്‍പ്പുകള്‍ നേരിടുന്ന 45 മീറ്റര്‍ ദേശീയപാത വികസനം ചുങ്കപ്പാത മാതൃകയില്‍ തുടരും എന്നൊക്കെയുള്ള പിണറായി വിജയന്റെ പ്രഖ്യാപനങ്ങള്‍ സി പി ഐ എം അതിന്റെ ബംഗാള്‍ പരാജയത്തെ വെറുമൊരു അടവുപാളിച്ചയായാണ് കാണുന്നത് എന്ന നിര്‍ഭാഗ്യകരമായ വസ്തുതയാണ് തെളിയിക്കുന്നത്.
പകരം പാര്‍ട്ടി, രാജ്യത്തെ തങ്ങളുടെ അസാന്നിധ്യത്തിലേക്കാണ് കണ്ണു തുറക്കേണ്ടത്. ആഗോളവത്കരണവും പ്രാഥമിക വിഭവങ്ങളുടെ കൊള്ളയില്‍ അധിഷ്ഠിതമായ മൂലധന ഭീകരതയും അതിന്റെ ഏറ്റവും ആസുരമായ ഭാവം പ്രദര്‍ശിപ്പിക്കുന്ന മേഖലകളില്‍ ഒന്നുംതന്നെ സി പി ഐ എം അതിനെതിരായ സമരങ്ങളില്‍ ഇല്ല. ആദിവാസികളടക്കമുള്ള ലക്ഷക്കണക്കിനു മനുഷ്യരെ നിലവിലെ ദുരിതമയമായ ജീവിതത്തില്‍ നിന്നും ജീവിക്കാനുള്ള അവകാശം തന്നെ നിഷേധിക്കുന്ന തരത്തിലാണ് രാജ്യത്തെ മിക്കയിടങ്ങളിലും മൂലധനക്കൊള്ള നടക്കുന്നത്. കൊല്ലത്തിലൊരിക്കല്‍ ഒരു ദേശീയ പണിമുടക്ക് നടത്തി (അതിലെ തൊഴിലാളികളുടെ രാഷ്ട്രീയത്തെ കുറച്ചു കാണുന്നില്ലെങ്കിലും) വിശ്രമിക്കാന്‍ പോകാവുന്ന സാഹചര്യമല്ല നാട്ടില്‍. എന്നാല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട അധികാരവും അത്തരം ഒരധികാരം കിട്ടിയാല്‍ ബംഗാളിലേതുപോലെ പൊതുസമൂഹത്തിന്റെ ജനാധിപത്യ ബോധത്തിനെ അവഗണിക്കുന്ന തരത്തില്‍ നിലനിര്‍ത്തിയിരിക്കുന്ന ഒരു പാര്‍ട്ടി ഘടനയും മാത്രം ശേഷിപ്പുള്ള ഒരു രാഷ്ട്രീയസംഘമായി മാറിക്കൊണ്ടിരിക്കുന്ന സി പി ഐ എമ്മിനു ഈ സമരങ്ങളുടെ വിപ്ലവരാഷ്ട്രീയത്തെ തിരിച്ചറിയാനുള്ള ശേഷിയില്ലാതെ പോകുന്നു എന്നതാണ് വാസ്തവം.
ജാഗ്മതി സാംഗ്വാന്റെ രാജിയും പുറത്താക്കലും സി പി ഐ എമ്മില്‍ ഇതുമായി ബന്ധപ്പെട്ട ചില ചര്‍ച്ചകള്‍ വീണ്ടും ഉയര്‍ത്തിയേക്കാമെങ്കിലും അതൊക്കെ പാര്‍ട്ടിയെ നവ-ഉദാരവത്കരണത്തിനെതിരായ, മൂലധന ഭീകരതക്കെതിരായ ജനകീയ പോരാട്ടങ്ങളുടെ മുന്നണിയിലേക്ക് കൊണ്ടുവരാന്‍ തക്ക ശക്തിയുള്ളതാകും എന്നു ഇപ്പോള്‍ കരുതുക വയ്യ.
കാരണം കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി അത്തരം സമരങ്ങളെയെല്ലാം ചിട്ടപ്പടി ആചാരങ്ങളാക്കി മാറ്റിയ പാര്‍ട്ടിയും അത്തരമൊരു പാര്‍ട്ടിയെ നിലനിര്‍ത്താന്‍ വേണ്ട മധ്യവര്‍ഗ ആര്‍ത്തിയുടെ മൂല്യബോധമുള്ള നിരവധി അംഗങ്ങളും അനുഭാവികളും ജനകീയപ്രതിഷേധങ്ങളെ രൂപപ്പെടുത്താനും നയിക്കാനും പ്രാപ്തിയില്ലാത്ത പൂതലിച്ച ശരീരമാണ്. എങ്കില്‍പ്പോലും സി പി ഐ എമ്മിനെ പോലെ ഇന്ത്യയിലെ ഇടതുബോധത്തിനകത്ത് സ്ഥാനം കണ്ടെത്തിയ ഒരു കക്ഷിയെ കപടമായ വാചകമടിയില്‍ ഒളിച്ചിരിക്കാന്‍ വിടുന്നതും ഒരു തെറ്റാണ്. അതുകൊണ്ടു ഈ നിലപാടുകളേയും മുഖ്യധാര ഇടതുപക്ഷത്തെയും നിരന്തരമായി ജനമധ്യത്തില്‍ വിചാരണ ചെയ്യുന്നതും ഒരു ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. സി പി ഐ എമ്മിന് അകത്തും പുറത്തുമുള്ള ഇടതുരാഷ്ട്രീയത്തെ അത് മുന്നോട്ടുകൊണ്ടുപോകും.
(കോളമിസ്റ്റും രാഷ്ട്രീയനിരീക്ഷകനുമാണ് ലേഖകന്‍. ന്യൂഡല്‍ഹിയില്‍ താമസം)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)