UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റാഫേല്‍ പുന:പരിശോധന ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്

ഹര്‍ജിക്കാരുടേയും കേന്ദ്ര സര്‍ക്കാരിന്റേയും വാദങ്ങള്‍ കേട്ട ശേഷം മാര്‍ച്ച് 14 വിധി പറയാനായി മാറ്റുകയായിരുന്നു.

റാഫേല്‍ കേസില്‍ പുനപരിശോധന ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. പുനപരിശോന ഹര്‍ജികളുമായി രംഗത്തെത്തിയവര്‍ സമര്‍പ്പിച്ച രേഖകള്‍ അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും ജസ്റ്റിസ് കെഎം ജോസഫും പ്രത്യേകം വിധി പറഞ്ഞേക്കാം എന്നാണ് സൂചന. ഇവരെ കൂടാതെ ജസ്റ്റിസ് സ്ഞ്ജയ് കിഷന്‍ കൗള്‍ ആണ് ബഞ്ചിലുള്ളത്. ഹര്‍ജിക്കാരുടേയും കേന്ദ്ര സര്‍ക്കാരിന്റേയും വാദങ്ങള്‍ കേട്ട ശേഷം മാര്‍ച്ച് 14 വിധി പറയാനായി മാറ്റുകയായിരുന്നു. മുന്‍ കേന്ദ്ര മന്ത്രിമാരും മുന്‍ ബിജെപി നേതാക്കളുമായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് ഹര്‍ജിക്കാര്‍.

ദ ഹിന്ദു പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ വിയോജിപ്പ് രേഖപ്പെടുത്തിയത്. ഈ രേഖകള്‍ അനധികൃതമായി ഫോട്ടോസ്റ്റാറ്റ് ചെയ്തതാണ് എന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ ആരോപിച്ചിരുന്നു. ഔദ്യോഗികരഹസ്യ നിയമത്തിന്റെ ലംഘനമാണ് നടന്നതെന്നാണ് എജി ആരോപിച്ചത്. ദേശസുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണിത് എന്ന് കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നു. 2018 ഡിസംബര്‍ 14ന് റാഫേല്‍ കേസില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളുകയായിരുന്നു.

റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ആര്‍ക്കെങ്കിലും സാമ്പത്തിക ലാഭമുണ്ടാക്കിക്കൊടുത്തതിന് തെളിവില്ലെന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്. അതേസമയം സിഎജി, പിഎസി പരിശോധനകളടക്കം ആദ്യം കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ വസ്തുതാപരമായി തെറ്റായിരുന്നു എന്നത് വലിയ വിവാദമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍