വെൽഡിങ്ങ് തൊഴിലാളിയായ യുവാവ് പിണംതോട്ടിലെ പെട്രോൾ പമ്പിൽ നൽകിയ 500 രൂപ നോട്ടിൽ നിന്നാണ് സംഭവത്തിന്റെ തുടക്കം.
കള്ളനോട്ട് പ്രിന്റ് ചെയ്ത കേസിൽ കോൺഗ്രസ് കന്യാകുമാരി ജില്ലാ ഭാരവാഹി അറസ്റ്റിൽ. കുലശേഖരത്തിന് സമീപത്തുള്ള ആറ്റൂർ പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന ജോർജ് (30) ആണ് ഇന്നലെ പോലീസ് പിടിയിലായത്. ഇയാളുടെ തിരുവട്ടാറിലെ വീട്ടിൽ നിന്നും വ്യാജ നോട്ടുകളും പ്രിന്ററുകളും പിടിച്ചെടുത്തത്. 500 രൂപയുടെ 11 വോട്ടുകളും 2000 രൂപയുടെ ഒമ്പതും വ്യാജ നോട്ടുകളാണ് പിടികൂടിയത്.
വെൽഡിങ്ങ് തൊഴിലാളിയായ യുവാവ് പിണംതോട്ടിലെ പെട്രോൾ പമ്പിൽ നൽകിയ 500 രൂപ നോട്ടിൽ നിന്നാണ് സംഭവത്തിന്റെ തുടക്കം. ഇത് വ്യാജ നോട്ടാണെന്ന് തിരിച്ചറിഞ്ഞ പമ്പ് ജീവനക്കാർ കുലശേഖരം പോലീസിൽ വിവരം അറിയിക്കുയായിരുന്നു. തുടർന്ന് പോലീസെത്തി ചോദ്യം ചെയ്തപ്പോൾ വെല്‍ഡിങ്ങ് ജോലിക്ക് കൂലിയായി തിരുവട്ടാറിലെ ജോർജ് നൽകിയതാണ് നോട്ടെന്ന് അറിയിച്ചു. തുടർന്ന് ജോർജിനെ വിളിച്ച് വരുത്തി ചോദ്യം ചെയ്യുകയായിരുന്നു.
എന്നാൽ പരസ്പര വിരുദ്ധമായ മൊഴികൾ നല്‍കിയ ജോർജിന്റെ നടപടിയിൽ സംശയം തോന്നിയ പോലീസ് അയാളുടെ വീട്ടിലും പരിസരങ്ങളിലും പരിശോധന നടത്തുകയായിരുന്നു. ഇതോടെയാണ് നോട്ട് പ്രിന്റ് ചെയ്യാനുള്ള കളർ പ്രിന്ററും വ്യാജ നോട്ടുകളും കണ്ടെത്തിയത്. തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.