ഒന്നും രണ്ടുമല്ല, 4,583 വോട്ടിങ് മെഷീനുകൾ പോളിങ് നടന്നുകൊണ്ടിരിക്കെ ശരിയായി പ്രവർത്തിച്ചില്ല എന്നാണ് ആന്ധ്രയിൽ നിന്നുള്ള വാർത്ത.
രാജ്യത്തെ വോട്ടെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത ഏതാണ്ട് തകര്‍ന്ന നിലയിലേക്ക് കാര്യങ്ങളെത്തിയെന്നാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ആന്ധ്രയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ കാണിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു വേണ്ടിയാണ് തെരഞ്ഞെടുപ്പു കമ്മീഷൻ പ്രവർത്തിക്കുന്നത് എന്ന ആരോപണങ്ങൾ പ്രതിപക്ഷ നേതാക്കളിൽ നിന്നും നിരന്തരമായി ഉയരുന്നു. പ്രധാനമന്ത്രി തന്നെയും തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടങ്ങളെ ലംഘിക്കുന്ന തരത്തിലുള്ള പ്രസ്താവനകളും പ്രവർത്തനങ്ങളും നിരന്തരമായി നടത്തുന്നു. ഇതിനിടയിലാണ് ആന്ധ്രയിൽ 40% വോട്ടിങ് മെഷീനുകളും തകരാറിലായെന്ന ഔദ്യോഗിക വിവരം പുറത്തു വരുന്നത്. പോളിങ് നടക്കുന്ന ഘട്ടത്തിൽ തന്നെ സംഭവത്തിന്റെ ഗൗരവം ലോകത്തെ ബോധ്യപ്പെടുത്തുന്ന വിധത്തിൽ തെലുഗുദേശം പാർട്ടിയിൽ നിന്നും പ്രതികരണമുണ്ടായി. ഇലക്ഷൻ കമ്മീഷന് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു കത്തെഴുതി. തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹം ഡൽഹിക്ക് വിമാനം കയറി. തെരഞ്ഞെടുപ്പു കമ്മീഷൻ ഓഫീസിലെത്തി ചർച്ചകൾ നടത്തി. കമ്മീഷന്റെ പ്രതികരണം ശരിയായ നിലയിലല്ലെങ്കില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് താക്കീത് നൽകി.
പ്രശ്നം ഏറെ ഗൗരവപ്പെട്ട ഒന്നാണെന്ന് സുപ്രീംകോടതിയെ ബോധ്യപ്പെടുത്താൻ പ്രതിപക്ഷം നേരത്തെ ശ്രമിച്ചിരുന്നതാണ്. പരിഹാരമായി പ്രതിപക്ഷം നിർദ്ദേശിച്ചത് 50% പോളിങ് ബൂത്തിലെയും വിവിപാറ്റ് (Voter Verifiable Paper Audit Trail) സ്ലിപ്പുകൾ എണ്ണുക എന്നതായിരുന്നു. ഒരു നിയമസഭാ മണ്ഡലത്തിലെ ഒരു ബൂത്തിലെ വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകൾ മാത്രം എണ്ണുക എന്നതായിരുന്നു തെരഞ്ഞെടുപ്പു കമ്മീഷന്റെ നിലപാട്. എന്നാൽ ഇത് മതിയാകില്ലെന്ന് പ്രതിപക്ഷം കോടതിയെ ബോധിപ്പിച്ചു. എന്നാൽ, വിവിപാറ്റ് സ്ലിപ്പുകൾ 50 ശതമാനവും എണ്ണിത്തീരാൻ 6 ദിവസമെങ്കിലും എടുക്കുമെന്നും, ഇതിനാവശ്യമായ പരിശീലനം നൽകിയിട്ടില്ലെന്നും, ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെന്നുമെല്ലാം ചൂണ്ടിക്കാട്ടിയുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശദീകരണത്തെ കോടതി മുഖവിലയ്ക്കെടുത്തു. ഒരു നിയമസഭാ മണ്ഡലത്തിലെ 5 ബൂത്തുകളില്‍ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്ന് കോടതി ഏപ്രിൽ 8ന് വിധിച്ചു.
എത്ര വിവിപാറ്റ് മെഷീനുകളിലെ സ്ലിപ്പുകൾ വോട്ടിങ് മെഷീൻ വോട്ടുകൾ എണ്ണുന്നതിനൊപ്പം എണ്ണുമെന്ന കാര്യത്തിൽ തെരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനമെടുത്തത് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു പഠനത്തിന്റെ അടിസ്ഥാനത്തിലാണ്. സാമ്പിളുകൾ എങ്ങനെ എടുക്കണമെന്നതായിരുന്നു പഠനത്തിന്റെ ഉദ്ദേശ്യം. ഇവരാണ് ഒരു നിയമസഭാ മണ്ഡലത്തിലെ ഒരു ബൂത്ത് എന്ന സാമ്പിൾ രീതി മതിയാകുമെന്ന് നിർദ്ദേശിച്ചത്. എന്നാൽ, വ്യാപകമായ അട്ടിമറി നടക്കുമ്പോൾ ഇത് പര്യാപ്തമാകില്ലെന്ന് പ്രതിപക്ഷം വാദിച്ചു. സ്റ്റാറ്റിസ്റ്റിക്കൽ സാമ്പിള്‍ എടുക്കേണ്ടത് എങ്ങനെയാകണമെന്ന് അതിൽ വൈദഗ്ധ്യമുള്ളവരാണ് തീരുമാനിക്കേണ്ടതെന്ന് തെരഞ്ഞെടുപ്പു കമ്മീഷനും കോടതിയിൽ വാദിക്കുകയുണ്ടായി. രാജ്യത്ത് ആകെ 10 ലക്ഷം പോളിങ് ബൂത്തുകളാണുള്ളത്. മൊത്തം 90 കോടി വോട്ടർമാരുമുണ്ട്. ആകെ വോട്ടർമാരിൽ 8.4 കോടി പേർ ആദ്യമായി വോട്ട് ചെയ്യുന്നവരാണ്.
തെരഞ്ഞെടുപ്പു കമ്മീഷൻ കോടതിയെ തെറ്റിദ്ധരിപ്പിച്ചു?
രാജ്യത്തെ 21 പ്രതിപക്ഷ പാർട്ടികൾ ചേർന്നാണ് മുൻ ഹരജി നൽകിയത്. ഇതേ പാർട്ടികൾ വീണ്ടും ഇതേ വിഷയത്തിൽ ഇന്ന് ഒത്തുചേർന്നിരിക്കുകയാണ്. 50 ശതമാനം വിവിപാറ്റുകളും എണ്ണണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്. തെരഞ്ഞെടുപ്പു കമ്മീഷൻ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വാദം. പ്രമുഖമായ മുഖ്യധാരാ പാർട്ടികൾ ഭൂരിഭാഗവും ഈ ഹരജിയിൽ ഉൾപ്പെടുന്നുവെന്നതിനാൽ കോടതിക്ക് അത്രയെളുപ്പത്തിൽ കാര്യങ്ങളെ തള്ളിക്കളയാനാകില്ലെന്നാണ് കരുതേണ്ടത്. ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവാണ് പ്രതിപക്ഷ സംഘത്തെ നയിക്കുന്നത്. അരവിന്ദ് കെജ്രിവാള്‍, അഖിലേ് യാദവ്, ശരദ് പവാര്‍, ഫാറൂഖ് അബ്ദുള്ള, ശരദ് യാദവ് തുടങ്ങിയ നേതാക്കളെല്ലാം സംഘത്തിലുണ്ട്. ഫലം വരാന്‍ ആറ് ദിവസം വൈകിയാലും കുഴപ്പമില്ല. തിരഞ്ഞെടുപ്പ് പ്രക്രിയ വിശ്വസനീയമായി നടക്കണം. സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുകയാണ് വേണ്ടത് എന്ന് പ്രതിപക്ഷം പറയുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി വോട്ടിംഗ് യന്ത്രങ്ങള്‍ സംബന്ധിച്ച് ഐഎസ്‌ഐ (ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്) നേരത്തെ നടത്തിയ പഠനത്തിലും റിപ്പോര്‍ട്ടിലും പ്രതിപക്ഷ പാര്‍ട്ടികള്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ പഠനത്തെയാണ് സുപ്രീംകോടതിയിൽ വാദത്തിന് തെരഞ്ഞെടുപ്പു കമ്മീഷൻ ആധാരമാക്കിയത്. 479 ഇവിഎമ്മുകളുടെ വിവിപാറ്റ് ആണ് ഐഎസ്ഐ സാമ്പിളുകളായി പരിശോധിച്ചത്. വോട്ടിംഗ് യന്ത്രങ്ങള്‍ 99.99 ശതമാനം കൃത്യതയുള്ളവയാണ് എന്നായിരുന്നു ഇവരുടെ റിപ്പോര്‍ട്ട്.
543 മണ്ഡലങ്ങളില്‍ ആറാഴ്ചയിലധികം സമയത്തില്‍ പൂര്‍ത്തിയാകുന്ന തെരഞ്ഞെടുപ്പിനെ ഒറ്റയടിക്ക് നടക്കുന്ന ഒരു പ്രക്രിയയായി കണ്ടാണ് ഇത്തരത്തില്‍ 479 സാമ്പിളുകളെടുത്തത് എന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. വിവിപാറ്റ് സ്ലിപ്പുകള്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടാൻ സാധിക്കുമെന്നും ഇതുവഴി രണ്ടര ദിവസം കൊണ്ട് വിവിപാറ്റ് സ്ലിപ്പുകൾ എണ്ണിത്തീര്‍ക്കാന്‍ കഴിയും എന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ വാദിക്കുകയുണ്ടായി.
ഇപ്പോൾ പ്രതിപക്ഷം വാദിക്കുന്നതെന്ത്?
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ ഉപയോഗിച്ചുള്ള വോട്ടെടുപ്പിന്റെ വിശ്വാസ്യത പൂർണമായും നഷ്ടപ്പെട്ടെന്നാണ് ഈ പ്രശ്നത്തിൽ പ്രതിപക്ഷ പാർട്ടികളെ നയിക്കുന്ന തെലുഗുദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡു പറയുന്നത്. പേപ്പർ ബാലറ്റുകൾ തിരിച്ചു കൊണ്ടുവരണം. ഏറെ സാമൂഹിക-സാമ്പത്തിക പുരോഗതി നേടിക്കഴിഞ്ഞിട്ടുള്ള രാജ്യങ്ങൾ പലതും വോട്ടിങ് മെഷീനുകൾ ഉപേക്ഷിച്ചു കഴിഞ്ഞതായി നായിഡു ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പറയുകയുണ്ടായി. ജർമനിയെയാണ് ഒരുദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. “2005-09 കാലത്ത് അവർ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ ഉപയോഗിച്ചു. പിന്നീടവർ ആ പദ്ധതി പാടെ ഉപേക്ഷിച്ച് പേപ്പർ ബാലറ്റിലേക്ക് കടന്നു. 1990 മുതൽ 2007 വരെ നെതർലാൻഡ്സും ഇവിഎമ്മുകളാണ് ഉപയോഗിച്ചിരുന്നത്. ഈ സംവിധാനത്തിന്റെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അവരും പേപ്പർ ബാലറ്റുകളിലേക്ക് മടങ്ങി. 2002-2004 കാലഘട്ടത്തിൽ വോട്ടിങ് മെഷീൻ ഉപയോഗിച്ച അയർലാൻഡും പിന്നീട് ആ തീരുമാനം തിരുത്തി.” -നായിഡു പ്രതിപക്ഷ നേതാക്കളുടെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഒന്നും രണ്ടുമല്ല, 4,583 വോട്ടിങ് മെഷീനുകൾ പോളിങ് നടന്നുകൊണ്ടിരിക്കെ ശരിയായി പ്രവർത്തിച്ചില്ല എന്നാണ് ആന്ധ്രയിൽ നിന്നുള്ള വാർത്ത. ഇതിനോട് തെരഞ്ഞെടുപ്പു കമ്മീഷനുള്ള പ്രതികരണത്തിൽ നായിഡു അങ്ങേയറ്റം അസ്വസ്ഥനാണ്. “ഇത്രയും നിരുത്തരവാദപരമായി പെരുമാറുന്ന, യാഥാർഥ്യബോധമില്ലാത്ത, പാഴ് തെരഞ്ഞെടുപ്പു കമ്മീഷനെ ഞാൻ ഒരുകാലത്തും കണ്ടിട്ടില്ല. ഇലക്ഷൻ കമ്മീഷൻ ബിജെപിയുടെ ബ്രാഞ്ച് ഓഫീസ് ആയി മാറിയിരിക്കുകയാണ്.”
“നിങ്ങളുടെ മൊബൈൽ ഫോണുകൾ നേക്കൂ. ഓരോ ആറ് മാസത്തിലും നിങ്ങൾ മാറുന്നു. കാരണം, സാങ്കേതികത മാറുന്നു. കഴിഞ്ഞ നിരവധി വർഷങ്ങളായി ഒരുതരം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളാണ് ഉപയോഗിക്കുന്നത്. നമ്മൾ 9000 കോടി രൂപയാണ് വിവിപാറ്റ് മെഷീനുകൾക്കു വേണ്ടി നിക്ഷേപിച്ചത്.” -നായിഡു പറയുന്നു.