UPDATES

തെരഞ്ഞെടുപ്പ് 2019

എന്തുകൊണ്ടാണ് ചട്ടലംഘനം തുടര്‍ക്കഥയാകുന്നതെന്ന് ചോദ്യം; തെരഞ്ഞെടുപ്പു കമ്മീഷന്റെ അധികാരങ്ങൾ പരിശോധിക്കാൻ സുപ്രീംകോടതി

എന്താണ് തെരഞ്ഞെടുപ്പു കമ്മീഷൻ ചെയ്തു കൊണ്ടിരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വാദം കേൾക്കവെ ചോദിച്ചു.

പെരുമാറ്റച്ചട്ടം നടപ്പാക്കാൻ എന്തെല്ലാം തെരഞ്ഞെടുപ്പു കമ്മീഷന് നൽകപ്പെട്ടിട്ടുള്ള അധികാരങ്ങളുടെ വ്യാപ്തി പരിശോധിക്കാൻ സുപ്രീംകോടതി തയ്യാറെടുക്കുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ നിരന്തരമായി ലംഘിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട ഹരജികൾക്കും റിപ്പോർട്ടുകൾക്കുമിടയിലാണ് സുപ്രീംകോടതിയുടെ ഈ നീക്കം. എന്തുകൊണ്ടാണ് പെരുമാറ്റച്ചട്ടങ്ങൾ നിരന്തരമായി ലംഘിക്കപ്പെടുന്നതെന്ന് ചൊവ്വാഴ്ച വ്യക്തമാക്കണമെന്ന് കമ്മീഷനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടക്കുന്ന വിദ്വേഷ പരാമർശങ്ങൾ തടയാൻ വേണ്ടത്ര അധികാരം കമ്മീഷന് നൽകിയിട്ടില്ലെന്ന് അവര്‍ക്കു വേണ്ടി ഹാജരായ വക്കീൽ അമിത് ശർമ കോടതിയെ ബോധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പു കമ്മീഷന് നൽകപ്പെട്ടിട്ടുള്ള അധികാരങ്ങൾ പരിശോധിക്കുന്നത്. മതവും ജാതിയും തെരഞ്ഞെടുപ്പു വിഷയമാക്കുന്ന രാഷ്ട്രീയ കക്ഷികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന ഹരജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.

എന്താണ് തെരഞ്ഞെടുപ്പു കമ്മീഷൻ ചെയ്തു കൊണ്ടിരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വാദം കേൾക്കവെ ചോദിച്ചു. ആരെങ്കിലും ചെയ്യാൻ പാടില്ലാത്തത് ചെയ്യുമ്പോൾ ഇടപെടാൻ ചുമതലപ്പെട്ടവരല്ലേ കമ്മീഷനെന്നും കോടതി ചോദിച്ചു. ഇതിന് മറുപടിയായി കമ്മീഷന്റെ വക്കീൽ പറഞ്ഞത്, തങ്ങൾ കാരണംകാണിക്കൽ നോട്ടീസ് അയച്ച് മറുപടി ആവശ്യപ്പെടും എന്നാണ്. എത്ര നോട്ടീസുകൾ നൽകിയെന്നും ആർക്കെല്ലാമാണ് നൽകിയതെന്നുമായി കോടതിയുടെ ചോദ്യം. യോഗി ആദിത്യനാഥിന്റെ പേര് വക്കീൽ പറഞ്ഞു. ഇതിൽ യോഗിക്കെതിരെ നടപടിയെടുത്തോയെന്ന കോടതിയുടെ ചോദ്യത്തിന് കേസ് ക്ലോസ് ചെയ്തു എന്നായിരുന്നു മറുപടി.

ഇതിനോട് രൂക്ഷമായ ഭാഷയിലാണ് സുപ്രീംകോടതി പ്രതികരിച്ചത്. “നിങ്ങൾക്ക് നിങ്ങളുടെ അധികാരങ്ങളെന്താണെന്ന് അറിയാമോ? നിങ്ങൾ ശരിയായ മറുപടി തന്നില്ലെങ്കിൽ ഇലക്ഷൻ കമ്മീഷണർ ഇവിടെ വന്ന് നിൽക്കും.” കോടതി പറഞ്ഞു. ഈ പ്രശ്നം വിശദമായി പരിശോധിക്കണമെന്നും തെരഞ്ഞെടുപ്പു കമ്മീഷനിൽ ഈ വിഷയത്തിൽ അറിവുള്ളയാൾ വന്ന് വിശദാംശങ്ങൾ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

കോൺഗ്രസ്സിനെ ‘പച്ച വൈറസ്’ ബാധിച്ചിരിക്കുകയാണെന്ന് മുസ്ലിം ലീഗുമായുള്ള സഖ്യത്തെ പരാമർശിച്ച് യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ മത്സരിക്കുന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെയായിരുന്നു യോഗിയുടെ മുസ്ലിം വിരുദ്ധ പരാമർശങ്ങൾ. സമാനമായ, വർഗീയതയും വിദ്വേഷവും പരത്തുന്ന പ്രസ്താവനകൾ വിവിധ ബിജെപി നേതാക്കളിൽ നിന്നും ഉണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും നിരന്തരമായി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നുവെന്ന പരാതിയും ഉയരുകയുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍