UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുസ്ലിം ലീഗിനെ വൈറസ് എന്നധിക്ഷേപിക്കുന്ന യോഗിയുടെ ട്വീറ്റ് ട്വിറ്റർ നീക്കം ചെയ്തു

കോൺഗ്രസ്സിനെ ‘പച്ചവൈറസ്’ പിടികൂടിയിരിക്കുകയാണെന്നായിരുന്നു യോഗിയുടെ ട്വീറ്റ്.

മുസ്ലിം ലീഗിനെ ‘വൈറസ്’ എന്നധിക്ഷേപിക്കുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വീറ്റ് ട്വിറ്റർ നീക്കം ചെയ്തു. തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദ്ദേശത്തെത്തുടർന്നാണ് നടപടി. യോഗിയുടെ പരാമർശത്തിനെതിരെ മുസ്ലിം ലീഗ് പരാതി നൽകിയിരുന്നു. ഇത്തരം സംഭവങ്ങളിൽ മൗനം പാലിക്കുന്ന കമ്മീഷനെ ചോദ്യം ചെയ്ത് സുപ്രീംകോടതി രംഗത്തെത്തിയതോടെയാണ് നടപടിക്ക് വഴിയൊരുങ്ങിയത്.

കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ഉൾപ്പെടെയുള്ള നേതാക്കൾ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് സമാനമായ ട്വീറ്റുകൾ ചെയ്തിരുന്നു. ഇവയെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശത്തെ തുടർന്ന് നീക്കം ചെയ്തിട്ടുണ്ട്. ആകെ 31 നേതാക്കളുടെ ട്വീറ്റുകൾ നീക്കം ചെയ്തതായാണ് അറിയുന്നത്.

കേരളത്തിലെ വയനാട്ടിൽ രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചപ്പോൾ നടന്ന റാലിയിലെ മുസ്ലിം ലീഗ് പതാകകളെ ചൂണ്ടിക്കാട്ടി യോഗി നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. കോൺഗ്രസ്സിന്റെ ഒരു പതാക പോലും അവിടെയില്ലെന്നും കോൺഗ്രസ്സിനെ ‘പച്ചവൈറസ്’ പിടികൂടിയിരിക്കുകയാണെന്നുമായിരുന്നു യോഗിയുടെ ട്വീറ്റ്.

അതെസമയം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രചാരണ വിലക്ക് നേരിടുന്ന യോഗി ആദിത്യനാഥ് ക്ഷേത്രദർശനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ന് അദ്ദേഹം അയോധ്യയിലെ പള്ളിക്കടുത്ത് സ്ഥാപിച്ചിട്ടുള്ള താൽക്കാലിക ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്നലെ ലഖ്നൗവിലെ ഹനുമാൻ സേതു ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. മാധ്യമങ്ങളുടെ സാന്നിധ്യത്തിലാണ് ക്ഷേത്രദർശനം, പൂജകൾ, മന്ത്രം ചൊല്ലൽ തുടങ്ങിയവ യോഗി നടത്തിക്കൊണ്ടിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍