കള്ളവോട്ടിന്റെ പേരിൽ വോട്ട് നഷ്ടപ്പെട്ട യുവതിക്ക് ബാലറ്റിൽ വോട്ട് ചെയ്യാൻ അനുവദിക്കാമെന്ന് പ്രിസൈഡിംഗ് ഓഫീസർ അറിയിച്ചു.
സംസ്ഥാനത്തെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ കൊല്ലത്ത് കള്ളവോട്ട് നടന്നതായി പരാതി. കൊല്ലം പട്ടത്താനം സ്കൂളിൽ ബൂത്ത് നമ്പർ 50 ലാണ് കള്ളവോട്ട് നടന്നത്. മാടൻ നട സ്വദേശി മഞ്ജു വോട്ട് ചെയ്യാനെത്തിയപ്പോഴേക്കും വോട്ട് മറ്റാരോ ചെയ്യുകയായിരുന്നു. പോളിംഗ് ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കള്ള വോട്ട് നടന്നെന്ന് വ്യക്തമാവുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പോളിംഗ് ബൂത്തില്‍ ആളുകള്‍ പ്രതിഷേധിച്ചു.
സംഭവം ഗൗരവതരമെന്ന് കൊല്ലം കളക്ടര്‍ പ്രതികരിച്ചു. വിഷയം പരിശോധിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. കള്ളവോട്ട് ചെയ്ത ആളെ കണ്ടെത്താനുള്ള പൊലീസ് അന്വേഷണവും ഇതിനോടകം ആരംഭിച്ചു. അതേസമയം, കള്ളവോട്ടിന്റെ പേരിൽ വോട്ട് നഷ്ടപ്പെട്ട യുവതിക്ക് ബാലറ്റിൽ വോട്ട് ചെയ്യാൻ അനുവദിക്കാമെന്ന് പ്രിസൈഡിംഗ് ഓഫീസർ അറിയിച്ചു. ഈ ബൂത്തിൽ രണ്ടാമതായി വോട്ടു ചെയ്ത യുവതിയാണു കള്ളവോട്ട് ചെയ്തതെന്നാണു സംശയം. ഇവരെക്കുറിച്ചു പോളിങ് ഏജന്റ് സംശയം പ്രകടിപ്പിച്ചെങ്കിലും ഉദ്യോഗസ്ഥർ വോട്ടു ചെയ്യാൻ അനുവദിക്കുകയായിരുന്നു.
അതിനിടെ, ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലേക്ക് നടക്കുന്ന വോട്ടെടുപ്പിന്റെ ആദ്യമണിക്കൂറിൽ വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് വ്യാപകമായ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തു. തകരാറുകളെ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ വിമര്‍ശിച്ചു.
വിവി പാറ്റ് മിഷ്യനുള്ളിൽ പാമ്പിനെകണ്ടെത്തിയത് ഭീതി പരത്തി. മോക്ക് പോൾ സമയത്താണ് കണ്ടത്. മയ്യിൽ കണ്ടങ്കൈ എൽ പി സ്കൂളിലെ 145 നമ്പർ ബൂത്തിൽ വിവി പാറ്റ് മിഷ്യനുള്ളിലായിരുന്നു പാമ്പിന്റെ വാസം. ഇതിനെ നീക്കം ചെയ്താണ് തിരഞ്ഞെടുപ്പ് തുടങ്ങാനായത്.