UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വയനാട് തൊവരിമലയിൽ ഭൂസമരക്കാരെ ഒഴിപ്പിക്കുന്നു; മാധ്യമങ്ങള്‍ക്ക് വിലക്ക്

തിര‍ഞ്ഞെടുപ്പ് കൊട്ടിക്കലാശം നടന്ന ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് നൂറ് കണക്കിന് ആദിവാസി സ്ത്രീകൾ ഉൾപ്പെടെ ആയിരത്തോളം ഭൂരഹിത കുടുബങ്ങൾ തൊവരിമലയിൽ അവകാശം സ്ഥാപിച്ചുകൊണ്ട് കുടിൽ കെട്ടി സമരമാരംഭിച്ചത്.

വയനാട് സുൽത്താൻ ബത്തേരിയിലെ തൊവരിമലയിൽ കുടിൽ കെട്ടി സമരം നടത്തുന്നവരെ ഒഴിപ്പിക്കുന്നു. മാധ്യമങ്ങൾക്ക് ഉൾപ്പെടെ വിലക്കേർപ്പെടുത്തിക്കൊണ്ടാണ് പോലീസിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തിൽ ഒഴിപ്പിക്കൽ‌ നടപടി പുരോഗമിക്കുന്നതെന്ന് എഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. തിര‍ഞ്ഞെടുപ്പ് കൊട്ടിക്കലാശം നടന്ന ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് നൂറ് കണക്കിന് ആദിവാസി സ്ത്രീകൾ ഉൾപ്പെടെ ആയിരത്തോളം ഭൂരഹിത കുടുബങ്ങൾ തൊവരിമലയിൽ അവകാശം സ്ഥാപിച്ചുകൊണ്ട് കുടിൽ കെട്ടി സമരമാരംഭിച്ചത്. ഇവരെയാണ് വോട്ടെടുപ്പ് നടന്നതിന് തൊട്ടടുത്ത ദിവസം ഒഴിപ്പിക്കാനുള്ള നീക്കം നടക്കുന്നത്.

‘ ഞങ്ങളുടെ നേതാവ് കുഞ്ഞിക്കണാരനെ കാണാനില്ല. അദ്ദേഹത്തെ പോലീസ് എവിടേക്കോ മാറ്റിയിട്ടുണ്ട്. കുറേ പേരെ മേപ്പാടി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ട് പോയി. ഇവിടെ മുഴുവന്‍ പോലീസ് അതിക്രമം നടക്കുകയാണ്. സ്ത്രീകളേയും കുട്ടികളേയും ഉള്‍പ്പെടെയുള്ളവരെ പോലീസ് അതിക്രമിക്കുന്നു. ഭൂമിയില്‍ കയറിയവരില്‍ പലരും പോലീസിനെ കണ്ട് ചിതറിയോടി. ചിലര്‍ കാട്ടില്‍ ഒളിച്ചിരിക്കുകയാണ്. സമരക്കാരായ ആദിവാസികളുടെയുള്‍പ്പെടെ മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുക്കുകയും വലിച്ചെറിയുകയും ചെയ്തു.’ സമരക്കാരില്‍ ഒരാള്‍ അഴിമുഖത്തോട് പറഞ്ഞു. പോലീസും വനംവകുപ്പ് അധികൃതരും തൊവരിമലയില്‍ തുടരുകയാണ്.

തൊവരിമലയിലെ ഹാരിസൺ മലയാളം പ്ലാന്റേഷനിൽ നൂറിൽ പരം ഹെക്ടർ വരുന്ന മിച്ചഭൂമിയിലാണ് 1970 ൽ അച്ചുത മേനോൻ സർക്കാർ നിയമനിർമ്മാണം നടത്തി നിന്നും തിരിച്ചുപിടിച്ചത്. ഇവിടെയാണ് ഭൂസമരസമിതിയുടെ നേതൃത്വത്തിൽ ഭൂസമരമാരംഭിച്ചത്. അഖിലേന്ത്യാ വിപ്ലവ കിസാൻ സഭ യുടേയും ആദിവാസി ഭാരത് മഹാസഭ (ABM) യുടേയും നേതൃത്വത്തിലാണ് ഭൂസമര സമിതി സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

നെന്മേനി പഞ്ചായത്തിലാണ് എടക്കൽ ഗുഹയിൽ നിന്നും വെറും 4 കി.മിറ്റർ മാത്രം അകലത്തുള്ള തൊവരിമല ഭൂമി. ഹാരിസൺ, ടാറ്റ ഉൾപ്പെടെ തോട്ടം കുത്തകകൾ നിയമവിരുദ്ധമായും ഭരണഘടനാവിരുദ്ധമായും കയ്യടക്കി വെച്ചിരിക്കുന്ന അഞ്ചേകാൽ ലക്ഷം ഏക്കർ ഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ ഉടൻ നിയമനിർമ്മാണം നടത്തുക, തോട്ടം തൊഴിലാളികൾക്കും ആദിവാസികളുൾപ്പെടെ മുഴുവൻ ഭൂരഹിതർക്കും കൃഷിഭൂമി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഭൂസമരത്തിന് തുടക്കം ക്കുറിച്ചിരിക്കുന്നത്.

എന്നാൽ, തീർത്തു രഹസ്യമായ നീക്കത്തിലൂടെയാണ് ഇവിടെ ഒഴിപ്പിക്കാനുള്ള നീക്കം നടക്കുന്നത്. തൊവരിമലയിലേക്കുള്ള വഴിയിൽ നാലു കിലോമീറ്റർ‌ അകലെ വച്ച് തന്നെ മാധ്യമങ്ങളെ തടഞ്ഞതും ഇതിന്റ ഭാഗമായാണെന്നാണ് റിപ്പോർട്ടുകൾ.

Also Read: നിലപാടുള്ള ദളിത് നേതാക്കളെ ബിജെപി ഉപേക്ഷിക്കുന്നു? സീറ്റ് നിഷേധിച്ചത് അഞ്ച് എംപിമാര്‍ക്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍