ജെറ്റ് എയര്‍വേയ്സ് മേധാവി നരേഷ് ഗോയല്‍, ദാവൂദ് ഇബ്രാഹിം, തട്ടിപ്പ് പശ്ചാത്തലമുള്ള റൊമേഷ് ശര്‍മ്മ തുടങ്ങിയവരെയും സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിരുന്നു
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയി്ചതിന് പിന്നില്‍ അനില്‍ അംബാനിക്കെതിരായ സുപ്രിംകോടതി വിധി തിരുത്തിയവരാണെന്ന് സത്യവാങ്മൂലം. അംബാനിക്ക് അനുകൂലമായി സുപ്രിംകോടതി വിധി തിരുത്തിയതിന് രണ്ട് കോര്‍ട്ട് മാസ്റ്റര്‍മാരെ പുറത്താക്കിയിരുന്നു. ഇവരാണ് ഒത്തുകളിച്ചതെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.
സുപ്രിംകോടതിയില്‍ അഭിഭാഷകനായ ഉത്സവ് ബെയിന്‍സ് രഹസ്യരേഖയായി നല്കിയ സത്യവാങ്മൂലത്തിലാണ് ഈ വിവരമുള്ളത്. സിബിഐ, ഇന്റലിജന്‍സ് ബ്യൂറോ, ഡല്‍ഹി പോലീസ് മേധാവികളോട് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുക്കാന്‍ സുപ്രിംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സത്യവാങ്മൂലമായി നല്കാന് അഭിഭാഷകനോടും കോടതി നിര്‍ദ്ദേശിച്ചു. പീഡനാരോപണത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ കേസെടുത്ത കോടതി കേസ് ഇന്ന് വീണ്ടും പരിഗണിക്കും.
സുപ്രിംകോടതിയിലെ ചില ജഡ്ജിമാരില്‍ നിന്നും അനുകൂല വിഝി സമ്പാദിക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന് ഇടനിലക്കാരെന്ന് അവകാശപ്പെട്ട ചിലര്‍ പറഞ്ഞതായി സത്യവാങ്മൂലത്തില്‍ പറയുന്നു. അത്തരം ഇടനിലക്കാര്‍ക്ക് ജുഡീഷ്യല്‍ സംവിധാനത്തില്‍ സ്ഥാനമില്ലെന്നും അതീവ ഗുരുതരമായ ഈ ആരോപണം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ജഡ്ജിമാരായ അരുണ്‍ മിശ്ര, റോബിന്റന്‍ നരിമാന്, ദീപക് ഗുപ്ത എന്നിവരുള്‍പ്പെട്ട ബഞ്ച് വ്യക്തമാക്കി. ആരോപണത്തെക്കുറിച്ച് കോടതി അന്വേഷണത്തിന് ഉത്തരവിടും.
റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്(ആര്‍കോം) ചെയര്മാന് അനില്‍ അംബാനിക്ക് അനുകൂലമായി കോടതിയുത്തരവ് തിരുത്തിയതിന് തപന്‍ കുമാര്‍ ചക്രവര്‍ത്തി, മാനവ് ശര്‍മ്മ എന്നിവരാണ് രണ്ട് മാസം സുപ്രിംകോടതിയില്‍ നിന്നും പുറത്താക്കപ്പെട്ടത്. ഇവരും മറ്റുചിലരുമാണ് ഗൂഢാലോചന നടത്തിയതെന്നാണ് ബെയിന്‍സിന്റെ സത്യവാങ്മൂലം. പീഡനാരോപണം ഉന്നയിച്ച കോടതി മുന്‍ ജീവനക്കാരി ഹാജരാകാനും പത്രസമ്മേളനം സംഘടിപ്പിക്കാനും തനിക്ക് ഒന്നര കോടി രൂപ വാഗ്ദാനം ചെയ്തെന്നും കഴിഞ്ഞ ദിവസം ഇദ്ദേഹം സത്യവാങ്മൂലം നല്‍കിയിരുന്നു. ജെറ്റ് എയര്‍വേയ്സ് മേധാവി നരേഷ് ഗോയല്‍, ദാവൂദ് ഇബ്രാഹിം, തട്ടിപ്പ് പശ്ചാത്തലമുള്ള റൊമേഷ് ശര്‍മ്മ തുടങ്ങിയവരെയും സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നായിരുന്നു ബെയിന്‍സിന്റെ നിലപാട്.
സത്യവാങ്മൂലം സമര്‍പ്പിച്ച ബെയിന്‍സിനെ സുപ്രിംകോടതിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. അറ്റോണി ജനറല്‍ തന്നെ വ്യക്തിപരമായി ആക്രമിച്ചുവെന്ന് ബെയിന്‍സ് ആരോപിച്ചപ്പോള്‍ അദ്ദേഹത്തെ ബഹുമാനിച്ചില്ലെങ്കില്‍ താങ്കളെ പുറത്താക്കുമെന്ന് ജസ്റ്റിസ് ആര്‍എഫ് നരിമാന് പ്രതികരിച്ചു. എന്നാല്‍ അതിന് മുമ്പ് താന്‍ സ്വയം പുറത്തുപൊക്കാളാമെന്ന് ബെയിന്‍സ് വ്യക്തമാക്കി. ഇതോടെ ജസ്റ്റിസ് അരുണ്‍ മിശ്ര ഇടപെട്ട് ബെയിന്‍സിനെ അനുനയിപ്പിച്ചു. വളരെ സുപ്രധാനമായ ഒരു കാര്യമാണ് താങ്കള്‍ ചെയ്യുന്നതെന്നും ബെയിന്‍സിനോട് മിശ്ര പറഞ്ഞു. ചില വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന ബെയിന്‍സിന്റെ നിലപാടിനെയാണ് എജി ചോദ്യം ചെയ്തത്.
ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗികാരോപണത്തില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ അതിന്റെ അടിവേര് വരെ അന്വേഷിച്ച് കണ്ടെത്തുമെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ചീഫ് ജസ്റ്റിസിനെതിരെ നീങ്ങാന്‍ ചിലര്‍ തന്നെ സമീപിച്ചെന്ന അഡ്വ. ഉത്സവ് സിംഗ് ബെയിന്‍സിന്റെ വെളിപ്പെടുത്തല്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ ക്ഷമിക്കില്ലെന്നും കോടതി മുന്നറിയിപ്പ് നല്കി.