എന്‍വി രമണ സമിതിയിലുണ്ടാകുന്നതിനെതിരെ പരാതിക്കാരി കത്ത് നല്‍കിയിരുന്നു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയിക്കെതിരായ ലൈംഗിക പീഡന പരാതി അന്വേഷിക്കുന്ന ആഭ്യന്തര സമിതിയില്‍ നിന്ന് ജസ്റ്റിസ് എന്‍ വി രമണ പിന്മാറി. സുപ്രീം കോടതിയിലെ മുന്‍ ജൂനിയര്‍ അക്കൗണ്ടന്റ് ആയ 35കാരിയാണ് ചീഫ് ജസ്റ്റിസ് തന്നെ റസിഡന്റ്സ് ഓഫീസില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിച്ച് സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് പരാതി നല്‍കിയത്. പരാതി പരിശോധിക്കാന്‍ ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ നേതൃത്വത്തിലാണ് മൂന്നംഗ സമിതിയെ നിയോഗിച്ചത്. ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജിയും എന്‍വി രമണയും ആയിരുന്നു ബോബ്ഡെയെ കൂടാതെ സമിതിയിലുണ്ടായിരുന്നത്.
സമിതിയുടെ ഘടനയില്‍ അതൃപ്തി അറിയിച്ച് അംഗങ്ങള്‍ക്ക് പരാതിക്കാരി കത്ത് നല്‍കിയിരുന്നു. വിശാഖ കേസിലെ സുപ്രീം കോടതി മാനദണ്ഡങ്ങള്‍ പാലിച്ചില്ല, ഇത്തരം കേസുകളില്‍ അന്വേഷണസമിതിയില്‍ ഭൂരിപക്ഷം വനിതകളായിരിക്കണം എന്നത് പാലിച്ചില്ല, ചീഫ് ജസ്റ്റിസുമായി അടുത്ത വ്യക്തിബന്ധമുള്ള, കുടുംബ സുഹൃത്തായ എന്‍വി രമണ സമിതിയിലുണ്ടാകുന്നത് അനൗചിത്യമാണ് തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി എതിര്‍പ്പുയര്‍ത്തിയത്.