ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)
വെള്ളിയാഴ്ച്ച രാത്രി അക്രമികള്‍ ധാക്കയിലെ ഒരു സമ്പന്ന പ്രദേശത്തെ ഭക്ഷണശാലയില്‍ ആക്രമണം നടത്തി. വെടിയുതിര്‍ക്കുകയും ഗ്രനേഡുകള്‍ എറിയുകയും ചെയ്തു. ഏതാണ്ട് ഇരുപതോളം പേരെ ബന്ദികളാക്കി. ആറോ എട്ടോ തോക്കുധാരികള്‍ സ്ഥാപനത്തിനകത്തുണ്ടെന്നാണ് ആദ്യവാര്‍ത്തകള്‍. തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ഇരുപത് വിദേശികള്‍ കൊല്ലപ്പെട്ടു എന്നാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത. ആറ് തീവ്രവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്.
നയതന്ത്രപ്രതിനിധികളും ധനികരും താമസിക്കുന്ന ഗുല്‍ഷാന്‍ ജില്ലയുടെ തെരുവുകളില്‍ അര്‍ദ്ധസൈനിക വിഭാഗമായ ദ്രുതകര്‍മ്മ സേന നിറഞ്ഞിട്ടുണ്ട്. ആക്രമണത്തിനിരയായ ഭക്ഷണശാല പകല്‍ ഒരു പലഹാരക്കടയും രാത്രിയില്‍ ഒരു സ്പാനിഷ് ഭക്ഷണശാലയുമായാണ് പ്രവര്‍ത്തിക്കുന്നത്.
അല്‍-ക്വെയ്ദയുടെ തെക്കനേഷ്യന്‍ വിഭാഗവും ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ബംഗ്ലാദേശിലെ തീവ്രവാദി സംഘങ്ങളുടെ മുകളിലാണ് ഉടനടിയുള്ള സംശയം. കഴിഞ്ഞ രണ്ടുവര്‍ഷക്കാലമായി, ഹിന്ദുക്കള്‍, ബുദ്ധിജീവികള്‍, മതേതര എഴുത്തുകാര്‍, ബ്ലോഗെഴുത്തുകാര്‍ എന്നിവര്‍ക്കെതിരെ സ്വയംപ്രഖ്യാപിത ഇസ്ലാമികവാദികള്‍ ആക്രമണ അഴിച്ചുവിടുകയാണ്.
ഒരു കണക്കനുസരിച്ച് പാകിസ്താനിലോ അഫ്ഗാനിസ്ഥാനിലോ ഉള്ളതിനെക്കാള്‍ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബംഗ്ലാദേശില്‍ ഇസ്ലാമിക് സ്റ്റേറ്റ് തങ്ങളുടെ മാധ്യമ വിഭാഗത്തിലൂടെ ഏറ്റെടുക്കുന്നുണ്ട്. വിശുദ്ധമാസമായ റമദാനില്‍ എളുപ്പമുള്ള ലക്ഷ്യങ്ങള്‍ക്ക് നേരെ ആക്രമണം നടത്താന്‍ തങ്ങളുടെ പോരാളികളോടും അനുഭാവികളോടും അവര്‍ ആഹ്വാനം ചെയ്തിരുന്നു.
പ്രശ്നത്തെ നേരിടാന്‍ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബുദ്ധിമുട്ടുകയാണ്. ഇസ്ലാമിക് സ്റ്റേറ്റിന് രാജ്യത്തു സ്വാധീനമുണ്ടെന്ന് സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. സുരക്ഷാപ്രതിസന്ധിയിലെ തങ്ങളുടെ വീഴ്ച്ചയെ മറച്ചുവെക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതും.
ആഭ്യന്തര പ്രശ്നങ്ങളല്ല, ഇസ്രയേലി ഗൂഢാലോചനയാണ് സംഘര്‍ഷം വര്‍ധിക്കാന്‍ കാരണമെന്നാണ് കഴിഞ്ഞ മാസം ഒരു മുതിര്‍ന്ന മന്ത്രി പറഞ്ഞത്. പോലീസ് നടപടികളില്‍ ഏതാണ്ട് 12,000 പേരെ തടവിലാക്കി. എന്നാലിതിലേറെയും ചെറുകിട കുറ്റവാളികളും പ്രതിപക്ഷകക്ഷികളുടെ പ്രവര്‍ത്തകരുമാണ്.
രാജ്യത്തു പടരുന്ന ഇസ്ളാമിക അക്രമത്തിന് തടയിടുന്നതിന് പകരം തങ്ങളുടെ അധികാരം ഉറപ്പിക്കാനും എതിരാളികളെ അടിച്ചമര്‍ത്താനുമാണ് ഹസീന സര്‍ക്കാര്‍ കൂടുതല്‍ ഊര്‍ജം ചെലവാക്കുന്നതെന്ന് ഭീകരവാദ വിരുദ്ധ വിദഗ്ധര്‍ പറയുന്നു. പൊതുവേ മതേതരവും മധ്യ-ഇടതെന്ന് വിളിക്കാവുന്നതുമായ ഹസീനയുടെ അവാമി ലീഗിന്റെ അടിച്ചമര്‍ത്തല്‍ നടപടികളും പക്ഷം പിടിക്കുന്ന കോടതികളും കൂടുതല്‍ തീവ്രവാദി അക്രമങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കും വഴിവെക്കുമെന്ന് International Crisis Group അടുത്തിടെ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.
“ഒട്ടും സമയം കളയാനില്ല,” റിപ്പോര്‍ട്ട് ഇങ്ങനെ ഉപസംഹരിക്കുന്നു. “മുഖ്യധാര വിമതശബ്ദങ്ങളെ തടഞ്ഞാല്‍, അക്രമവും തീവ്രവാദ സംഘങ്ങളും തങ്ങളുടെ ഏക പോംവഴിയാണെന്ന് സര്‍ക്കാരിന്റെ എതിരാളികള്‍ കരുതും.”
മുഖ്യമായും ജമാ അത്ത് ഇസ്ലാമിയും, ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും അടങ്ങുന്ന രാഷ്ട്രീയ പ്രതിപക്ഷത്തെയാണ് രാജ്യത്തെ തീവ്രവാദ സംഘര്‍ഷത്തിന് പ്രധാനമന്ത്രി കുറ്റപ്പെടുത്തുന്നതെന്ന് വുഡ്രോ വില്‍സണ്‍ സെന്റര്‍ തെക്കനേഷ്യ വിദഗ്ധന്‍ മൈക്കല്‍ കുഗെല്‍മാന്‍ എഴുതുന്നു. “ഈ ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമല്ല… എന്നാല്‍, ധാക്കയിലെ പ്രധാന പ്രതിപക്ഷകക്ഷികള്‍ക്ക് പുറമെ ആരും ബംഗ്ലാദേശിലെ പെരുകുന്ന തീവ്രവാദി സംഘര്‍ഷങ്ങള്‍ക്ക് പിറകിലില്ല എന്നു കരുതുന്നത് ഒരേസമയം ബാലിശവും അപകടകരവുമാണ്.”
തീവ്രവാദ ഭീഷണിയുടെ നിഴലില്‍ ഷേഖ് ഹസീന സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ ശൈലി ശക്തമാകുന്നതായി ആരോപണം ഉയരുന്നുണ്ട്. രാഷ്ട്രീയ സാഹചര്യം ബംഗ്ലാദേശില്‍ അതിനുള്ള അരങ്ങൊരുക്കുന്നുന്നുണ്ട്.
“ബംഗ്ലാദേശിലെ അതീവഗുരുതരമായ തലത്തിലേക്കുയര്‍ന്ന തീവ്രവാദി ആക്രമണങ്ങളെ തള്ളിക്കളയുന്നത് വഴി സര്‍ക്കാര്‍ രാജ്യത്തെ വലിയ കുഴപ്പത്തിലേക്കാണ് തള്ളിയിടുന്നത്,” കുഗെല്‍മാന്‍ എഴുതുന്നു. “ഇത് ബംഗ്ലാദേശിന്റെ സ്ഥാപനമൂല്യങ്ങളായ ബഹുസ്വര, മതേതര രാഷ്ട്രം എന്ന സ്വഭാവത്തെ അപകടപ്പെടുത്തും.”
ബംഗ്ലാദേശ് അമേരിക്കന്‍ ശ്രദ്ധയില്‍ അത്ര പെടാത്ത രാജ്യമാണ്. മദ്ധ്യേഷ്യയിലെ പല രാജ്യങ്ങളെക്കാളും കൂടുതലായി ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ മുസ്ലീം ജനസംഖ്യയുള്ള രാജ്യങ്ങളില്‍ ഒന്നാണ് ബംഗ്ലാദേശ് എന്ന് യു.എസില്‍ അധികമാര്‍ക്കും അറിയില്ല. പക്ഷേ ഇസ്താംബുള്‍ ഭീകരാക്രമണത്തോടെ ഇസ്ലാമിക് സ്റ്റേറ്റിന്റെയും അവര്‍ക്കുവേണ്ടി പ്രവര്‍ത്തികുന്നവരുടെയും തെരഞ്ഞെടുത്ത ലക്ഷ്യങ്ങള്‍ക്ക് മേല്‍ ശ്രദ്ധ പതിയുന്നുണ്ട്. ധാക്കയിലെ ധനിക, അധികാര കേന്ദ്രമായ ഗുല്‍ഷാനില്‍ നടന്ന ആക്രമണം ഈ ഭീകര സംഘടനയുടെ തന്ത്രങ്ങളുടെ എല്ലാ സ്വഭാവവും പ്രദര്‍ശിപ്പിക്കുന്ന ഒന്നാണ്.