UPDATES

വാര്‍ത്തകള്‍

എനിക്ക് ഇന്നുവരെ പ്രധാനമന്ത്രി മോദിയുടെ ജാതി അറിയില്ല: പ്രിയങ്ക ഗാന്ധി

വികസനപ്രശ്‌നങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുന്നതെന്നും ജാതിയില്ലെന്നും പ്രിയങ്ക പറഞ്ഞു. “പ്രധാനമന്ത്രി മോദിയുടെ ജാതി ഏതാണ് എന്ന് എനിക്ക് ഇപ്പോളും അറിയില്ല”.

തനിക്ക് ഇന്ന് വരെ പ്രധാനന്ത്രി നരേന്ദ്ര മോദിയുടെ ജാതി ഏത് എന്നറിയില്ല എന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയും ബി എസ് പിയും കോണ്‍ഗ്രസും ജാതി രാഷ്ട്രീയം കളിക്കുകയാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി. വികസനപ്രശ്‌നങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുന്നതെന്നും ജാതിയില്ലെന്നും പ്രിയങ്ക പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ ജാതി ഏതാണ് എന്ന് എനിക്ക് ഇപ്പോളും അറിയില്ല – ബറൈച്ചില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പ്രിയങ്ക പറഞ്ഞു.

കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വികസന പ്രശ്‌നങ്ങളാണ് ഉന്നയിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ ഞങ്ങളാരും വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉന്നയിച്ചിട്ടില്ല. തന്നെ ജാതിയുടെ പേരില്‍ പ്രതിപക്ഷം ആക്രമിക്കുന്നു എന്ന് മോദി ആരോപിച്ചിരുന്നു. താന്‍ വളരെ പിന്നോക്കം നില്‍ക്കുന്ന സമുദായത്തില്‍ നിന്നുള്ളയാളാണ് എന്നും കോണ്‍ഗ്രസിനും എസ് പിക്കും ബി എസ് പിക്കും ജനങ്ങളുടെ പണം കവരുകയും ജാതിരാഷ്ട്രീയം കളിക്കുകയും മാത്രമാണ് പണിയെന്നും മോദി പറഞ്ഞിരുന്നു.

അതേസമയം തൊഴിലും വിദ്യാഭ്യാസവും ആരോഗ്യവുമെല്ലാമാണ് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എന്നും ദേശീയത കൊണ്ട് അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ബിജെപി ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കുന്നില്ല. ജനങ്ങള്‍ പ്രശ്‌നങ്ങള്‍ ഉന്നയിക്കുമ്പോള്‍ അവരെ അടിച്ചമര്‍ത്താന്‍ നോക്കുകയാണ്. ഇത് ജനാധിപത്യമോ ദേശീയതയോ അല്ല. രാജ്യത്തെ ജനങ്ങളാണ് രാജ്യം എന്ന് പറയുന്നത്. അവനവനോട് മാത്രം താല്‍പര്യമുള്ള മോദി എന്ത് തരം ദേശീയതയാണ് പറയുന്നത്. വരാണസിയിലെ ഒരു ഗ്രാമം പോലും അഞ്ച് വര്‍ഷത്തിനിടെ മോദി സന്ദര്‍ശിച്ചില്ല. ജനങ്ങളെ കണ്ട് അവരുടെ പ്രശ്‌നങ്ങള്‍ ന്തൊണ് എന്ന് ചോദിച്ചില്ല. ബിജെപിയുടെ നയങ്ങള്‍ ജനവിരുദ്ധമാണ്. അത് കര്‍ഷകര്‍ക്കും യുവാക്കള്‍ക്കുമെതിരാണ് – പ്രിയങ്ക ഗാന്ധി പറഞ്ഞു.

എസ് പി – ബി എസ് പി സഖ്യം ബിജെപിക്ക് വലിയ വെല്ലുവിളിയായ സാഹചര്യത്തിലാണ് മോദി ജാതി കാര്‍ഡ് ഇറക്കിയിരിക്കുന്നത്. അതേസമയം രാഷ്ട്രീയനേട്ടത്തിനായി ഒബിസിക്കാരനായ ആളാണ് മോദിയെന്ന് ബി എസ് പി അധ്യക്ഷ മായാവതി തിരിച്ചടിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍