UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്മൃതി ഇറാനിക്ക് മാനവശേഷി വകുപ്പ് നഷ്ടമായി

അഴിമുഖം പ്രതിനിധി

ഇന്നു നടന്ന മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായി നിലവിലുള്ള മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം. വകുപ്പ് മാറ്റത്തിലെ ഏറ്റവും ശ്രദ്ധേയമായത് സ്മൃതി ഇറാനിക്കുണ്ടായിരിക്കുന്നതാണ്. അവരെ ഏറെ പ്രധാനപ്പെട്ട എച്ച് ആര്‍ വകുപ്പില്‍ നിന്നും താരതമ്യേന അപ്രധാനമായ ടെക്‌സറ്റൈല്‍സ് വകുപ്പിലേക്കാണ് മാറ്റിയിരിക്കുന്നത്. ഇന്നു കാബിനറ്റ് റാങ്കിലേക്ക് ഉയര്‍ത്തപ്പെട്ട പ്രകാശ് ജാവദേക്കര്‍ ആണ് പുതിയ മാനവശേഷി വകുപ്പ് മന്ത്രി. വനംപരിസ്ഥി വകുപ്പ് അനില്‍ ദാവെയെ ഏല്‍പ്പിച്ചു.

ഹൈദരാബാദ് സര്‍വകലാശാല, ജെഎന്‍യു അടക്കം വിദ്യാര്‍ത്ഥി സമരങ്ങളും അതിനോട് സ്മൃതി ഇറാനി കൈക്കൊണ്ട നിലപാടുകളും കുറച്ചൊന്നുമല്ല മോദി മന്ത്രിസഭയെ പ്രതിസന്ധിയലെത്തിച്ചത്. പലപ്പോഴും ഏറ്റവും കൂടുതല്‍ പരിഹാസങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നതും സ്മൃതിക്കായിരുന്നു. രാജ്യത്തെ വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെപ്പറ്റിയുള്ള വിമര്‍ശനങ്ങളും ഫലത്തില്‍ മോദിക്കായിരുന്നു ക്ഷീണം ഉണ്ടാക്കിയിരുന്നത്. 

അതേസമയം സ്മൃതി ഇറാനിയെ തഴഞ്ഞതല്ലെന്നും അവരെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ചുമതലകളിലേക്ക് നീക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ഇതെന്നുമുള്ള സംസാരവും ഉയരുന്നുണ്ട്. അടുത്തവര്‍ഷമാണ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സ്മൃതി ഇറാനിയുടെ പേരും പറഞ്ഞു കേള്‍ക്കുന്നുണ്ട്.

വാര്‍ത്താവിനിമയ വകുപ്പ് പാര്‍ലമെന്ററി കാര്യ മന്ത്രിയായ വെങ്കയ്യ നായിഡുവിനു നല്‍കിയപ്പോള്‍ നിലവില്‍ ആ വകുപ്പ് കൈകാര്യം ചെയ്തിരുന്ന രവിശങ്കര്‍ പ്രസാദിന് നിയമവകുപ്പ് അനുവദിച്ചു. ഇന്നു ചുമതലയേറ്റ വിജയ് ഗോയല്‍ കായിക വകുപ്പ് മന്ത്രിയാകും. എം ജെ അക്ബര്‍ വിദേശകാര്യ സഹമന്ത്രിയാകുമ്പോള്‍ എസ് എസ് ആലുവാലിയക്ക് കൃഷിവകുപ്പിലാണ് സ്ഥാനം കൊടുത്തിരിക്കുന്നത്.മന്ത്രിസഭയില്‍ നിന്നും പുറത്താകുമെന്നു കരുതിയിരുന്ന സദാനന്ദ ഗൗഡയെ തല്‍ക്കാലം നിലനിര്‍ത്തിയെങ്കിലും സ്റ്റാറ്റിസ്റ്റിക് വകുപ്പ് മന്ത്രിയായി വേണം മന്ത്രിസഭയില്‍ തുടരാന്‍.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍