അഴിമുഖം പ്രതിനിധി
ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിജയ് മല്ല്യ ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്നു. ഫോര്‍മുല വണ്‍ ചാംപ്യന്‍ഷിപ്പിലെ ബ്രിട്ടീഷ് ഗ്രാന്‍ഡ്പ്രീ മത്സരത്തില്‍ മല്ല്യയുടെ ഉടമസ്ഥതിയിലുള്ള ഫോഴ്സ് ഇന്ത്യ മത്സരിക്കുന്നുണ്ട്. അതിനു മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തിലാണ് ഇന്ത്യയുടെ പിടികിട്ടാപ്പുള്ളിയെ കാണാനാകുക. ഫെരാരി, മക്ലാരന്, മെഴ്സിഡസ് തുടങ്ങിയവരുള്പ്പടെയുള്ള ടീമുകളുടെ പ്രതിനിധികളോടൊപ്പം ആണ് മല്ല്യയും പങ്കെടുക്കുക. കിങ് ഫിഷര്‍ എയര്‍ലൈന്‍സിനു വേണ്ടി ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപയുടെ വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ ബ്രിട്ടണിലേക്കുകടന്നതാണ് മല്ല്യ.
വായ്പ നല്കിയ പണം തിരിച്ചുപിടിക്കുന്നതിനായി മുംബൈയിലുള്ള മല്ല്യയുടെ കിങ്ഫിഷര്‍ ഹൗസ് ലേലത്തിനു വെച്ചിരുന്നെങ്കിലും വാങ്ങാന്‍ ആളുണ്ടായിരുന്നില്ല. അടിസ്ഥാന വില കുത്തനെ കുറച്ച് വീണ്ടും ലേല നടപടികളുമായി മുന്നോട്ടു പോവുകയാണ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം.
വായ്പ തിരിച്ചടക്കാനാകാത്തതോടെ ബാങ്കുകള്‍ കടുത്ത നടപടികളുമായി മുന്നോട്ടു വരുന്നതിനിടെ കഴിഞ്ഞ മാര്‍ച്ച് രണ്ടിന് മല്ല്യ രാജ്യം വിട്ടു. തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 1411 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു. പിന്നീട് പാസ്പോര്‍ട്ട് മരവിപ്പിച്ചതടക്കമുള്ള നടപടികളുമായി മുന്നോട്ടു പോയപ്പോള്‍ സര്‍ക്കാര്‍ തന്റെ കാര്യത്തില്‍ നീതിയുക്തമല്ലാത്ത അന്വേഷണമാണ് നടത്തുന്നതെന്ന് മല്ല്യ ആരോപിച്ചിരുന്നു.