രാകേഷ് സനല്‍
വിഷ്ണുവിനു പഠിക്കാന്‍ വലിയ താത്പര്യമായിരുന്നു. ഏതൊരു വിദ്യാര്‍ത്ഥിയെയും പോലെ പഠിച്ചു നേടുന്നൊരു ജോലി വിഷ്ണുവിന്റെയും ലക്ഷ്യമായിരുന്നു. എന്നാല്‍ ആഗ്രഹിച്ചതുപോലെ പഠിക്കാന്‍ സാധിക്കാതെ പ്ലസ് ടു വിന്റെ പാതിയില്‍ പഠനം നിര്‍ത്തേണ്ടി വന്നു. കാരണം, വിഷ്ണു ഒരു ട്രാന്‌സ്‌ജെന്‍ഡര്‍ (മെയില്‍ ടു ഫീമെയില്‍) ആണ്. ഭയമായിരുന്നു വിഷ്ണുവിന്, അപമാനിക്കപ്പെടുന്നതിന്റെ, ഉപദ്രവിക്കപ്പെടുന്നതിന്റെ, ഭീഷണിപ്പെടുത്തുന്നതിന്റെയെല്ലാം ഭയം. ആ ഭയം താങ്ങാനാവാതെയാണ് വിഷ്ണു പഠനം ഉപേക്ഷിച്ചത്.
ഹൈസ്‌കൂള്‍ വരെ പലതും സഹിച്ചു. പ്ലസ്ടുവിന്റെ ലോകം കുറച്ചു കൂടി മുതിര്‍ന്നവരുടേതായിരുന്നു. അവിടെ പിടിച്ചു നില്‍ക്കാനായില്ല. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മുമ്പില്‍ ഒരത്ഭുത കഥാപാത്രം പോലെ നില്‍ക്കേണ്ടി വന്നു. കൂട്ടുകൂടാന്‍ ആരുമില്ല, കളിയാക്കാനും ഉപദ്രവിക്കാനും ചൂറ്റും ഒത്തിരിപ്പേര്‍. പരാതി പറയാന്‍ ചെന്നാല്‍ അധ്യാപകരുടെ കണ്ണിലും കുറ്റക്കാരന്‍ വിഷ്ണു തന്നെ. എല്ലായിടത്തു നിന്നും ഒറ്റപ്പെട്ടപ്പോഴാണ് പഠനം ഉപേക്ഷിക്കുന്നത്.
വിഷ്ണു സാങ്കല്‍പ്പിക കഥാപാത്രമല്ല. വിഷ്ണുവിന്റെ അവസ്ഥ ഒറ്റപ്പെട്ട ഒന്നായി കാണുകയുമരുത്. കേരളത്തില്‍ ഒത്തിരി വിഷ്ണുമാരുണ്ട്. അവരൊന്നും നമ്മുടെ ശ്രദ്ധയിലേക്കു വരുന്നില്ലെന്നു മാത്രം.
ഇവിടെയിപ്പോള്‍ വിഷ്ണുവിനെ ഓര്‍ക്കാന്‍ കാരണം, ധനമന്ത്രി ടി എം തോമസ് ഐസക്ക് ഇന്നവതരിപ്പിച്ച പൊതുബജറ്റാണ്. ഭിന്നലിംഗക്കാര്‍ക്ക് ആശ്വാസകരമായ ഏതാനും നടപടികള്‍ അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. 60 വയസുകഴിഞ്ഞ ഭിന്നലിംഗക്കാര്‍ക്ക് പെന്‍ഷന്‍, ഭിന്നലിംഗക്കാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് സഹായങ്ങള്‍, വിദ്യാഭ്യാസരംഗത്ത് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സഹായം എന്നിവയാണ് ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍.
രാജ്യത്ത് ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി പ്രഖ്യാപിച്ച കേരളം വീണ്ടും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ക്ഷേമത്തിനായി നടപടികള്‍ കൈക്കൊള്ളൂന്നൂവെന്നത് ലോകത്തിനു തന്നെ മാതൃകയാണ്.
എന്നാല്‍ ഇതേ കേരളത്തില്‍ തന്നെയാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഏറ്റവും അധികം ആക്രമിക്കപ്പെടുന്നതും മാറ്റിനിര്‍ത്തപ്പെടുന്നതുമെന്ന വൈരുദ്ധ്യം കഴിഞ്ഞദിവസം കൂടി ദൃശ്യമായതാണ്. പൊലീസിന്റെ അടിയേറ്റു വീഴുന്നവരും, ആണാണോ പെണ്ണാണോ എന്ന സംശയം തീര്‍ക്കാന്‍ ഉടുതുണിയിരിഞ്ഞുള്ള പരിശോധനയ്ക്ക് വിധേയരാകുന്നവരും, അശ്രീകരമെന്ന വിളികേള്‍ക്കാന്‍ മടിയുള്ളതുകൊണ്ട് മറ്റുള്ളവരുടെ കണ്‍മുന്നില്‍ പെടാതെ മാറിനില്‍ക്കേണ്ടിവരുന്നവരുമാണ് കേരളത്തിലെ ഭിന്നലിംഗക്കാരില്‍ ഭൂരിഭാഗവും. അതുകൊണ്ട് തന്നെ ധനമന്ത്രിയുടെ സാമ്പത്തിക പ്രഖ്യാപനങ്ങള്‍ എത്രകണ്ട് ഭിന്നലിംഗക്കാരെ സഹായിക്കുമെന്ന കാര്യത്തില്‍ സംശയമുണ്ട്.
ഭിന്നലിംഗക്കാര്‍ക്കും ബജറ്റില്‍ ഇടം നല്‍കിയ വകയില്‍ തോമസ് ഐസക്കും ഇടതു സര്‍ക്കാരും വലിയ പ്രശംസ നേടിക്കഴിഞ്ഞു. എന്നാല്‍ കേവലം കൈയടികള്‍ക്കു വേണ്ടിയുള്ള പ്രഖ്യാപനങ്ങള്‍ കൊണ്ട് കാതലായ മാറ്റങ്ങളൊന്നും ഭിന്നലിംഗക്കാരുടെ ജീവിതത്തില്‍ ഉണ്ടാവില്ല എന്നത് മനസിലാക്കണം. ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസിപോലും പ്രഖ്യാപിക്കപ്പെട്ടു എന്നല്ലാതെ അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊന്നും നടപ്പില്‍ വരുത്തിയിട്ടില്ല. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റി ആവശ്യപ്പെടുന്ന പ്രധാന കാര്യവും ഈ പോളിസി നടപ്പില്‍ വരുത്തുക എന്നതാണ്. ട്രാന്‍സ് പോളിസിയില്‍ ചൂണ്ടിക്കാണിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങളില്‍ ഒന്ന് വിദ്യാഭ്യാസ അവകാശം സംരക്ഷിക്കുക എന്നതാണ്. എല്ലാവരെയുംപോലെ പഠിക്കാനുള്ള അവകാശം തങ്ങള്‍ക്കും കിട്ടണമെന്നവര്‍ പറയുന്നു. പഠിക്കാനുള്ള അവകാശം ഒരു ട്രാന്‍സ്‌ജെന്‍ഡറിനുണ്ട്. കേരളത്തില്‍ നടത്തിയ, നാലായിരം പേര്‍ പങ്കെടുത്തൊരു സര്‍വേ പ്രകാരം ട്രാന്‍സ് കമ്യൂണിറ്റിയില്‍പ്പെട്ട 64 ശതമാനവും സ്‌കൂള്‍ ഡ്രോപ് ഔട്ട് ആണ്. അവരൊന്നും പഠിക്കാന്‍ താത്പര്യമില്ലാതെ നിര്‍ത്തിപ്പോയതല്ല, പഠിക്കാനുള്ള സാഹചര്യം നിഷേധിക്കപ്പെടുകയായിരുന്നു. കുട്ടികളില്‍ നിന്നും അധ്യാപകരില്‍ നിന്നും നിരന്തരം കേള്‍ക്കുന്ന പരിഹാസങ്ങള്‍, പീഡനങ്ങള്‍, തെറ്റു ചെയ്തില്ലെങ്കിലും കുറ്റക്കാരെന്നു പേരു കേള്‍ക്കേണ്ടി വരുന്നത്, ഇതെല്ലാം ഭിന്നലിംഗത്തില്‍പ്പെട്ടൊരാളെ പകുതിയില്‍ വിദ്യാഭ്യാസം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയാണ്.
നമ്മുടെ സ്‌കൂളുകളില്‍ ഒരു യൂണിഫോം രീതിയുണ്ട്. ആണ്‍കുട്ടികള്‍ക്ക് ഇരിക്കാനൊരിടം, പെണ്‍കുട്ടികള്‍ക്ക് മറ്റൊരിടം. ഓരോ തരം ഡ്രസ് കോഡ്. വിനോദങ്ങള്‍ പോലും തരംതിരിച്ചു നല്‍കിയിട്ടുണ്ട്. ട്രാന്‍സ്‌ജെന്‍ഡറിനോ? അയാള്‍ ആരുടെ ഭാഗത്തിരിക്കണം? ഏതു വേഷം ധരിക്കണം? കണ്ണെഴുതണമെന്നു തോന്നിയാല്‍, പൊട്ടുതൊടണമെന്നു തോന്നിയാല്‍ അത് കുറ്റമാകുമോ? ഇതെക്കുറിച്ചൊന്നും ആരും പറഞ്ഞു കേള്‍ക്കുന്നില്ല.
നമ്മുടെ വിദ്യാലയങ്ങളില്‍ ശരിയായ ലൈംഗികവിദ്യാഭ്യാസം നടക്കുന്നുണ്ടോ? സ്‌കൂളില്‍ ലൈംഗികതയോ? കേള്‍ക്കുന്നവര്‍ മുഖം പൊത്തുന്നു. കുട്ടികളോട് സെക്‌സിനെ കുറിച്ചു പറയുന്നത് കൊടുംപാപമാണത്രേ! ഇതേ കുട്ടികള്‍ ഇവിടെ നടത്തുന്ന ലൈംഗിക അതിക്രമങ്ങളോ? സെക്‌സിനെക്കുറിച്ച്, എതിര്‍ ലിംഗങ്ങളെക്കുറിച്ച് വ്യക്തമായ അവബോധം ഇല്ലാത്തതു തന്നെയാണ് നമ്മുടെ പ്രശ്‌നം. അതൊരു പാഠ്യഭാഗം തന്നെയാകണം. സെക്‌സ് എജ്യുക്കേഷന്‍ ഒരു മോശം കാര്യമല്ല, ഭാവിയില്‍ നല്ലതിനുപകരിക്കുന്നതാണ്. എന്നാലതെങ്ങനെ നടക്കും? സ്ത്രീയുടെയോ പുരുഷന്റെയോ ശരീരഭാഗങ്ങളുടെ പേരുപോലും മുഴുത്ത തെറിയായിട്ട് ഉപയോഗിക്കുന്നവരാണ് മലയാളി. ഇതേ മലയാളി തന്നെയല്ലേ അധ്യാപകരായി വരുന്നതും. പോരാത്തതിനു സ്ത്രീകളാണ് അവരില്‍ കൂടുതലും. അങ്ങനെയുള്ളപ്പോള്‍ മേല്‍പ്പറഞ്ഞ ലൈംഗിക വിദ്യാഭ്യാസം എങ്ങനെ നടക്കാനാണെന്നു കൂടി ചിന്തിക്കണം. പക്ഷേ അതത്യാവശ്യമാണ്. ആണെന്താണ്, പെണ്ണെന്താണ്, ട്രാന്‍സജെന്‍ഡര്‍ ആരാണെന്നും ഹോമോ സെക്‌സ്, ബൈസെക്‌സ് എന്നാലെന്താണെന്നുമൊക്കെ വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ ബോധം കിട്ടുകയാണെങ്കില്‍ ഞങ്ങളെപോലുള്ളവര്‍ക്ക് കണ്ണീരോടെ വിദ്യാലയങ്ങള്‍ പിറകില്‍ ഉപക്ഷേച്ചു പോരേണ്ടി വരില്ലായിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സാമ്പത്തികസഹായം അല്ല പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനുള്ള മാര്‍ഗമെന്ന് കാണാം. തീരെ ദരി്ര്രദരല്ലാത്തവരും സമ്പന്നരായവരും പോലും ചുറ്റുപാടുകളുടെ അക്രമത്തെ ഭയന്നാണ് വിദ്യാഭ്യാസം ഉപേക്ഷിക്കുന്നത്. അതുകൊണ്ട് സര്‍ക്കാരിനോട് പറയാനുള്ളത് ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പാക്കിയശേഷം മറ്റാനുകൂല്യങ്ങള്‍ നല്‍കുന്നതാണ് ഉചിതമെന്നാണ്. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ കിട്ടുകയെന്നത് ബുദ്ധിമുട്ടാണ്; സെക്ഷ്വല്‍ മൈനോററ്റി ഫോറം, കേരളയുടെ സെക്രട്ടറി ശീതള്‍ പറയുന്നു.
വിദ്യാഭ്യാസ സഹായം കൂടാതെ പെന്‍ഷന്‍ പദ്ധതിയും സന്നദ്ധസംഘടനകള്‍ക്കുള്ള സാമ്പത്തിക സഹായവും മേല്‍പ്പറഞ്ഞ സാഹചര്യങ്ങള്‍ ഒഴിവാക്കപ്പെടുന്നതിടത്തെ പ്രയോജനം ചെയ്യൂ എന്നുകൂടി സര്‍ക്കാര്‍ ശ്രദ്ധിക്കണം. ഇപ്പോള്‍ തന്നെ സ്വതന്ത്രമായ ജീവിതത്തിന് കേരളം ഉപേക്ഷിക്കേണ്ടി വരുന്നവരാണ് ഭിന്നലിംഗക്കാരില്‍ കൂടുതലും. മറ്റുള്ളവര്‍ക്കുള്ളതെന്നപോലെ അവര്‍ക്കുമിവിടെ സ്വൈര്യ ജീവിതം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണെങ്കില്‍ പെന്‍ഷന്‍ പദ്ധതികൊണ്ട് ഉപയോഗമില്ല. പെന്‍ഷന്‍ ഒരുതരത്തിലുള്ള സഹതാപമാണ്. നിലവിലെ സാഹചര്യത്തില്‍ ഈ സഹതാപം തള്ളിക്കളയാനും കഴിയില്ല. ഭൂരിഭാഗവും വളരെ ദുരിതങ്ങള്‍ അനുഭവിക്കുന്നവരാണ്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്നാല്‍ ലൈംഗികവൃത്തി നടത്തി പണം സമ്പാദിക്കുന്നവരാണെന്ന വികല ബോധം കൊണ്ടുനടക്കാത്തവര്‍ക്ക് മനസിലാകുമത്. ജീവിക്കാന്‍ ഒരു ജോലി കിട്ടുന്നില്ല. ഈ അവസ്ഥ തന്നെയാണ് ചിലരെയെങ്കിലും ലൈംഗികവൃത്തിയിലേക്ക് തിരിയാന്‍ നിര്‍ബന്ധിതരാക്കുന്നതും. കൊച്ചിയില്‍ കഴിഞ്ഞദിവസം ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പൊലീസിനാല്‍ ആക്രമിക്കപ്പെട്ട സംഭവം നടന്നതിനു പിന്നാലെ ഭിന്നലിംഗക്കാര്‍ക്ക് ജോലി വാഗ്ദാനം നല്‍കിയ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ നടപടികള്‍ പിന്തുടര്‍ന്ന് പൊതുമേഖലാസ്ഥാപനങ്ങളിലടക്കം ജോലി ചെയ്യാനുള്ള അവകാശവും സ്വാതന്ത്ര്യവും ഇവര്‍ക്ക് ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.
ഈ സാഹചര്യങ്ങളൊക്കെ നിലനില്‍ക്കുന്നുണ്ടെങ്കില്‍ തന്നെ ഇന്നത്തെ ബജറ്റ് പ്രഖ്യാപനം തീര്‍ത്തും സ്വാഗതാര്‍ഹവും പുതിയൊരു ചുവടുവയ്പ്പുമാണ്. പറഞ്ഞ കാര്യങ്ങള്‍ കഴിവതും വേഗത്തില്‍ നടപ്പില്‍ വരുത്തുകയും വേണം. അതോടൊപ്പം തന്നെ മേല്‍പ്പറഞ്ഞ വാസ്തവങ്ങള്‍ മനസിലാക്കി പരിഹാരങ്ങള്‍ ഉണ്ടാക്കാനും കഴിയുന്നിടത്താണ് ഉത്തരവാദിത്വം പൂര്‍ണമാകുന്നത്.
(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് രാകേഷ്)