UPDATES

വിദേശം

ബംഗ്ലാദേശിലെ പുതുതലമുറ തീവ്രവാദികള്‍

ടീം അഴിമുഖം

അവരിലൊരാള്‍ വിവാഹം കഴിച്ചിരിക്കുന്നത്, ബംഗ്ലാദേശിലെ മാനദണ്ഡങ്ങള്‍ വച്ചു നോക്കിയാല്‍, ‘ആരെയും പേടിയില്ലാത്ത, ലജ്ജയില്ലാത്ത’ ഒരു മോഡലിനെയാണ്. മറ്റെയാള്‍ രാജ്യത്തെ മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണറുടെ മകന്‍. മൂന്നാമത്തെയാള്‍ ഒരു മാനേജ്മെന്‍റ് വിദ്യാര്‍ത്ഥിയായിരുന്നു.

ഇവര്‍ മൂന്നുപേരേയും സിറിയയില്‍ ചിത്രീകരിച്ച ഒരു ഇസ്ലാമിക് സ്റ്റേറ്റ് വീഡിയോയില്‍ കാണാം. കഴിഞ്ഞയാഴ്ച ധാക്കയിലെ ഒരു കഫേയില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. അത്തരത്തില്‍ പെട്ട അവസാനത്തെ സംഭവമായിരിക്കില്ല തലസ്ഥാനത്തേത് എന്നും കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്നും ബംഗ്ലാദേശിന് താക്കീതു നല്‍കിക്കൊണ്ടുള്ള വീഡിയോ സന്ദേശമായിരുന്നു അത്. ആ ഭീഷണി പോലെ തന്നെ, ധാക്കയിലെ ഏറ്റവും വലിയ ഈദ് സംഗമത്തിലേയ്ക്ക് അതിക്രമിച്ചു കയറാന്‍ ഒരു കൂട്ടം തീവ്രവാദികള്‍ ശ്രമിക്കുകയുണ്ടായി. ശ്രമം വിജയിച്ചില്ലെങ്കിലും മൂന്നു പേര്‍ ആ സംഭവത്തില്‍ കൊല്ലപ്പെട്ടു.

ഐ‌എസ് ആശയങ്ങളില്‍ ആകൃഷ്ടരായ പുതു തലമുറയിലെ ഭീകരവാദികളെ നേരിടാന്‍ പരിശ്രമിക്കുന്ന ബംഗ്ലാദേശില്‍ കുറഞ്ഞത് 10 യുവാക്കളെ എങ്കിലും അവരവരുടെ വീടുകളില്‍ നിന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി കാണാനില്ല എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഗുല്‍ഷന്‍ കഫെ ആക്രമണത്തില്‍ പങ്കെടുത്ത തീവ്രവാദികളെ എല്ലാവരെയും തന്നെ ഈ വര്‍ഷം ആദ്യം മുതല്‍ കാണാനില്ലായിരുന്നു.

പ്രചാരണ വീഡിയോ
ഗുല്‍ഷന്‍ കഫെ ആക്രമണത്തിന് ശേഷം പുറത്തു വന്ന, ഇസ്ലാമിക് സ്റ്റേറ്റിന്‍റേത് എന്നു കരുതപ്പെടുന്ന വീഡിയോയിലുള്ള മൂന്നു പേരില്‍ ഒരാള്‍ മോഡലായ നൈല  നയിമിന്‍റെ മുന്‍ഭര്‍ത്താവ് ‘തുഷാര്‍’ ആണ്. ബംഗ്ലാദേശ് ആര്‍മി മുന്‍ മേജറായിരുന്ന, മരിച്ചു പോയ വഷിക്കുര്‍ ആസാദിന്‍റെ മകനായ തുഷാര്‍ നയിമിനെ വിവാഹം കഴിച്ചത് 2011ലാണ്. പിന്നീട് അവര്‍ വേര്‍പിരിഞ്ഞു. വീഡിയോയില്‍ കാണുന്ന തുഷാര്‍ നീണ്ട താടി വളര്‍ത്തിയിട്ടുണ്ട്.

ദന്ത ഡോക്ടറായ തുഷാറിനെ രണ്ടു വര്‍ഷത്തിലേറെയായി കാണാനില്ലായിരുന്നു. ആദംജീ കന്‍റോണ്‍മെന്‍റ് പബ്ലിക് സ്കൂളില്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ തുഷാര്‍ RAJUK ഉത്തര മോഡല്‍ കോളേജില്‍ നിന്നാണ് ഹയര്‍ സെക്കന്‍ഡറി പാസ്സായത്.

അറബിക് രീതിയിലുള്ള ശിരോവസ്ത്രം കൊണ്ട് മുഖം മറച്ച് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട യുവാവ് ധാക്ക യൂണിവേഴ്സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ്സ് അഡ്മിനിസ്ട്രേഷനിലെ (IBA) മുന്‍ വിദ്യാര്‍ത്ഥിയായ തൌസിഫ് ഹൊസെയ്ന്‍ ആണെന്ന് വ്യക്തമായിട്ടുണ്ട്.

ഇന്‍സ്റ്റിറ്റ്യൂട്ടിലെ പതിനെട്ടാമത് ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്ന ഹൊസെയ്ന്‍ പഠനം പൂര്‍ത്തിയാക്കാതെയാണ് അവിടം വിട്ടത്. ജമായത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശ് (JMB) പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്തിന് മുന്‍പ് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതേതുടര്‍ന്ന് കുടുംബം ഹൊസെയ്നെ ഓസ്ട്രിയയിലേയ്ക്ക് അയച്ചെങ്കിലും  ഇയാള്‍ അവിടെയെത്തിയില്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നു. വീഡിയോയിലെ മൂന്നാമത്തെ യുവാവ് തഹ്മീദ് റഹ്മാന്‍ ഷാഫി 1995ലെ NTV റിയാലിറ്റി മ്യൂസിക് ഷോയായ ക്ലോസപ്പ് 1ലെ 10 ഫൈനലിസ്റ്റുകളില്‍ ഒരാളാണ്.

ടെലികോം കമ്പനിയായ ഗ്രാമീണ്‍ ഫോണില്‍ ജോലി ചെയ്തിരുന്ന ഷാഫി 2011ല്‍ രാജി വച്ചു. അന്തരിച്ച മുന്‍ ഇലക്ഷന്‍ കമ്മീഷണര്‍  ഷാഫിയുര്‍ റഹ്മാന്‍റെ മകനാണ് ഇയാള്‍. BRAC യൂണിവേഴ്സിറ്റിയില്‍ നിന്ന് BBAയും IBAയില്‍ നിന്ന് MBA യും പൂര്‍ത്തിയാക്കിയ ഷാഫി ഒരിക്കല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ (ISIS)യില്‍ ചേരാന്‍ അച്ഛനോട് അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ല. പക്ഷേ പിന്നീട് യുദ്ധം താറുമാറാക്കിയ സിറിയയിലേയ്ക്ക് ഷാഫി ഭാര്യയുമായി പുറപ്പെട്ടു.

സിറിയയിലെ ഐ‌എസ് തലസ്ഥാനം എന്നു വിളിക്കപ്പെടുന്ന അല്‍-റഖായിലാണ് വീഡിയോ ഷൂട്ട് ചെയ്തിട്ടുള്ളത്. മൂന്നു യുവാക്കളും ബംഗ്ലയിലാണ് സംസാരിച്ചത്. ഷാഫി തന്‍റെ സന്ദേശം ഇംഗ്ലീഷിലേയ്ക്കും തര്‍ജ്ജമ ചെയ്തു.

തീവ്രവാദ ഗ്രൂപ്പിന്‍റെ പ്രചാരണ സന്ദേശത്തോടെയാണ് വീഡിയോ ആരംഭിച്ചത്. ബംഗ്ലയിലും അറബിക്കിലുമുള്ള സബ്ടൈറ്റിലുകള്‍ ഉണ്ടായിരുന്നു. തങ്ങള്‍ നടത്തിയ വിവിധ ആക്രമണങ്ങളിലെ മരണസംഖ്യയെ കുറിച്ചുള്ള വീരവാദങ്ങളും ഉണ്ടായിരുന്നു. “ഇപ്പോള്‍ നിങ്ങള്‍ ബംഗ്ലാദേശില്‍ കാണുന്ന ജിഹാദ് ഇതുവരെ കണ്ടിട്ടുള്ളതുപോലെയൊന്നുമാവില്ല,” ആദ്യത്തെ യുവാവ് ബംഗ്ല ഭാഷയില്‍ പറഞ്ഞു.

പിന്നീട് ഇയാള്‍ “ക്രിസ്റ്റ്യന്‍, ജൂത കുരിശുയുദ്ധക്കാര്‍ക്കും അവരുടെ സഖ്യകക്ഷികള്‍ക്കും” വേണ്ടി ഇംഗ്ലീഷില്‍ സംസാരിച്ചു. തങ്ങളുടെ നേതാവായ ‘ഷേഖ് അദ്നാനി’ തങ്ങളോടു ഒരു യുദ്ധം നടത്തണം എന്നു പറഞ്ഞപ്പോള്‍ അതൊരു തമാശയായിരുന്നില്ല എന്നായിരുന്നു ആ സന്ദേശം.

ധാക്കയിലെ ഗുല്‍ഷനിലെ കഫേയുടെ നേരേ ഉണ്ടായ ആക്രമണത്തെ പരാമര്‍ശിച്ച് അയാള്‍ പറഞ്ഞത് “നിങ്ങള്‍ ഇന്നലെ ബംഗ്ലാദേശില്‍ കണ്ടത് വെറുമൊരു തുടക്കം ആയിരുന്നു. ഇത് തുടരും. നിങ്ങള്‍ തോല്‍ക്കുകയും ഞങ്ങള്‍ ജയിക്കുകയും ചെയ്യുന്നതു വരെ ഇത് തുടരും…” എന്നാണ്. 17 വിദേശികളും രണ്ടു പോലീസുകാരുമടക്കം ചുരുങ്ങിയത് 22 പേര്‍ ഗുല്‍ഷന്‍ കഫെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍