ഋഷിക് ഭരത്
സല്‍മാന്‍ ഖാന്റെ സംഘപരിവാര്‍ പ്രവേശനമായി വിമര്‍ശിക്കപ്പെട്ട കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ബജറംഗി ഭായിജാനിനു ശേഷം പുറത്തിറങ്ങിയ സുല്‍ത്താന്‍ അക്കാര്യം ഒന്ന് കൂടി വ്യക്തമായി സ്ഥാപിക്കുന്നു. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത ഈ ചിത്രം സ്ഥിരം ബോളിവുഡ് മസാല ചേരുവകള്‍ ചേരും പടി ചേര്‍ക്കുകയും ഇന്ത്യ എന്ന ഉത്പന്നത്തെ സമര്‍ത്ഥമായി ഉപയോഗിച്ചു കൊണ്ട് അതിന്റെ വാണിജ്യ വിജയം ഉറപ്പ് വരുത്തുന്നുമുണ്ട്. ശ്രീകൃഷ്ണ വേഷം കെട്ടിയ കുഞ്ഞിന്റെ കൈ പിടിച്ച് നടക്കുന്ന പര്‍ദയിട്ട മുസ്ലിം സ്ത്രീയേയും ഹിന്ദു സന്യാസിമാരെയും അഭിവാദ്യം ചെയ്ത് കൊണ്ട് ഇന്ത്യയുടെ ‘മഹത്തായ മതേതരത്വം’ ഉദ്‌ഘോഷിച്ചു കൊണ്ട് ആരംഭിക്കുന്നു സുല്‍ത്താന്‍. പിന്നീടങ്ങോട്ട് കണ്ടും കേട്ടും പഴകിയ കഥ സന്ദര്‍ഭങ്ങളും ആവര്‍ത്തന വിരസമായ വ്യാഖ്യാനങ്ങളുമായി സിനിമ തുടരുന്നു.
കപട സ്ത്രീ ശാക്തീകരണവും (pseudo women empowerment), കറുത്ത ബിംബങ്ങളോടുമുള്ള പരിഹാസവും സിനിമയിലുടനീളം നിറഞ്ഞു നില്‍ക്കുന്നു. തോറ്റവന്‍ കറുത്ത ചായമടിച്ച് കഴുതപ്പുറത്ത് പോകുമ്പോള്‍ അവിടെ പരിഹാസം അവനോടല്ല കറുപ്പിനോടാണ്. പേര് പരാമര്‍ശിക്കാത്ത ‘കറുത്ത’ കോച്ചായ രണ്‍ദീപ് ഹൂഡയുടെ കഥാപാത്രത്തിന്റെ വിശേഷണം മയക്കുമരുന്ന് ഉപയോഗം കാരണം തന്റെ കരിയര്‍ നശിച്ച പരാജിതന്‍ എന്നാണ്. അവിടെയും തോല്‍വി കറുപ്പിന് തന്നെ. പേരില്ലാത്ത, പരാജയപ്പെട്ട, ബിംബവല്‍ക്കരിക്കപ്പെട്ട കറുപ്പിന്റെ പ്രതിനിധി സിനിമയില്‍ നിര്‍ബന്ധമാണല്ലോ!!
ആര്‍ഫ എന്ന തന്റേടിയായ/ആധുനികയായ പെണ്‍കുട്ടി (അനുഷ്‌ക ശര്‍മ) പ്രഘോഷിക്കുന്ന പെണ്‍കരുത്ത് ഫ്രെയിമുകള്‍ മാറുമ്പോള്‍ ദുര്‍ബലയായ സ്ത്രീയിലേക്ക് പരിവര്‍ത്തനപ്പെടുന്നു. സുല്‍ത്താന്റെ ‘ആണത്തം’ അവളെ പ്രണയിനിയാക്കുന്നു. അവളുടെ ആഗ്രഹങ്ങള്‍ ത്യജിക്കപ്പെടുന്നു. ജീവിതത്തില്‍ പരാജയപ്പെട്ട അവള്‍ വീട്ടമ്മ/കുടുംബിനിയായി അവളുടെ കരിയര്‍ പോലും വേണ്ടെന്ന് വച്ച് എന്നത്തേയും പോലെ ദുഃഖ കഥാപാത്രമായി ഒതുങ്ങി കൂടുന്നു.
ഇന്ന് ഏറ്റവും എളുപ്പം മാര്‍ക്കറ്റ് ചെയ്യാന്‍ പറ്റുന്നത് കുടുംബം/ ദേശീയതയാണ് എന്നതില്‍ തര്‍ക്കമില്ല(ടിവി പരസ്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ 80% അത്തരത്തില്‍ ഉള്ളതാണ്). ഈ സിനിമയും അതിനൊരു അപവാദമല്ല. ഒരു ഹിന്ദുവിന്റെ ഉടമസ്ഥതയിലുള്ള (ആകാശ് എന്ന കഥാപാത്രം) സ്‌പോര്‍ട്‌സ് കമ്പനി നഷ്ടത്തിലാകുമ്പോള്‍ സുല്‍ത്താന്‍ എന്ന ഇന്ത്യന്‍ ഗുസ്തിക്കാരനെ തന്റെ കമ്പനിയില്‍ ചേര്‍ക്കാന്‍ സ്വന്തം പിതാവില്‍ നിന്നും അയാള്‍ക്ക് ഉപദേശം കിട്ടുന്നു. ഇത് വഴി ദേശീയത എന്ന വികാരം വൈകാരിക ബന്ധങ്ങള്‍ (relations) എന്നിവ ഉപയോഗപ്പെടുത്തി ലാഭം കൊയ്യാമെന്നാണ് അതിന്റെ പിന്നിലെ ലക്ഷ്യം. സുല്‍ത്താന്‍ പരാജയപ്പെടുത്തുന്ന എതിരാളികളെ കൈകൂപ്പി നമസ്‌കരിക്കുന്ന രംഗങ്ങളുണ്ട് സിനിമയില്‍. ഇതാണ് അയാളെ ‘ഉത്തമ ഭാരതീയന്‍’ ആക്കുന്നത് എന്നാണ് പശ്ചാത്തലത്തില്‍. തികച്ചും നിര്‍ദോഷമെന്ന് തോന്നുന്ന ഇത്തരം കാര്യങ്ങള്‍ തന്നെയാണ് കുത്തക രാഷ്ടീയ/വ്യവസായ വക്താക്കള്‍ മാധ്യമങ്ങളിലൂടെ വളരെ ഫലപ്രദമായി ജനങ്ങളിലേക്ക് കുത്തിവയ്ക്കുന്നത്.
അതെ സുല്‍ത്താന്‍ ഇന്നത്തെ കാലത്തെ സിനിമ തന്നെയാണ്. അസഹിഷ്ണുത വളര്‍ന്ന് കൊണ്ടിരിക്കുന്ന ഹിന്ദുത്വവാദികള്‍ ഭരിക്കുന്ന ഈ കാലത്ത് സിനിമയ്ക്കും ഇങ്ങനെ ആവാനേ കഴിയുള്ളു എന്നത് മാത്രം ദുഖകരം…
(തലശേരി സ്വദേശിയായ ഋഷിക് ചലച്ചിത്ര വിദ്യാര്‍ത്ഥിയാണ്)
Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)