അഴിമുഖം പ്രതിനിധി
എറണാകുളം കടവന്ത്രയില്‍ സിഡ്‌കോയുടെ 5.13 ഏക്കര്‍ ഭൂമി ഭീമാ ജ്വല്ലറിക്ക് കൈമാറാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര് കൈക്കൊണ്ട സമീപനം റദ്ദാക്കിയതായി വ്യവസായമന്ത്രി ഇപി ജയരാജന്‍ നിയമസഭയെ അറിയിച്ചു.
ഭീമയില്‍നിന്ന് സിഡ്‌കോ കൈപ്പറ്റിയിരുന്ന 50 ലക്ഷം രൂപ തിരികെ നല്‍കാനും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരാഴ്ച്ചക്കുള്ളില്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. ചട്ടവിരുദ്ധമായി സര്‍ക്കാര്‍ സ്ഥലം ചുളുവിലയ്ക്ക് സ്വകാര്യ കമ്പനിക്ക് കൈമാറാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
ആയിരം കോടിയിലേറെ രൂപ മതിപ്പ് വിലയുള്ള കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പ്രസ്തുത ഭൂമി 15 കോടി രൂപ മാത്രം മുന്‍കൂര്‍ വാങ്ങി 80 വര്‍ഷത്തേക്ക് ഭീമാ ജ്വല്ലറിക്ക് കൈമാറാനായിരുന്നു യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് വിഎസ് അചുതാനന്ദന്‍ അവതരിപ്പിച്ച ഉപക്ഷേപത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.