UPDATES

ട്രെന്‍ഡിങ്ങ്

കെഎസ്ഇബിയുടെ ടവര്‍ ശാന്തിവനത്തിലൂടെ തന്നെ നിര്‍മ്മിക്കും; കളക്ടര്‍ തങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് അപമാനിച്ചുവെന്ന് സമരസമിതി

എറണാകുളം വഴിക്കുളങ്ങരയിലെ മനുഷ്യനിര്‍മ്മിത വനമായ ശാന്തിവനത്തില്‍ കെഎസ്ഇബിയുടെ ടവര്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടരും. ശാന്തിവനം സംരക്ഷണസമിതി പ്രവര്‍ത്തകരുമായി കളക്ടര്‍ നടത്തിയ ചര്‍ച്ചയില്‍ നിബന്ധനകളോടെ ശാന്തിവനത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതി നല്‍കുകയായിരുന്നു.

അതേസമയം തങ്ങളുടെ ആവശ്യങ്ങള്‍ ഒന്നും അംഗീകരിക്കാതെ കളക്ടര്‍ തങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് അപമാനിച്ചുവെന്ന് ശാന്തിവനം സമരസമിതി കണ്‍വീനര്‍ കുസുമം ജോസഫ് അഴിമുഖത്തോട് പറഞ്ഞു. പത്തു ദിവസത്തിനുള്ളില്‍ ശാന്തിവനത്തിലെ മരങ്ങള്‍ മുറിക്കുമെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. സ്ഥലത്തെ മൂന്നു മരങ്ങള്‍ പൂര്‍ണമായും അഞ്ച് മരങ്ങള്‍ ഭാഗീകമായും മുറിച്ചു മാറ്റാനാണ് കെഎസ്ഇബിക്ക് അനുമതി നല്‍കിയിരിക്കുന്നത്. ചര്‍ച്ചയ്ക്ക് മുമ്പെ കെഎസ്ഇബിയുടെ ഭാഗം മാത്രം കേട്ട് ജില്ലാ കളക്ടര്‍ തീരുമാനം കൈക്കൊണ്ടും ചര്‍ച്ചയ്ക്ക് മുമ്പ കെഎസ്ഇബിയുടെ പത്രകുറിപ്പ് പുറത്തു വന്നതായും കുസുമം ജോസഫ് പറഞ്ഞു. കെഎസ്ഇബിയുടെ പദ്ധതി മൂലം നിലവില്‍ പാസ്ഥിതി പ്രശ്‌നങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് ചൂണ്ടികാണിക്കാമെന്നും റൂട്ട് മാറ്റുന്നതിനെ കുറിച്ച് സംസരിക്കേണ്ടെന്നുമാണ് കളക്ടര്‍ പറഞ്ഞതെന്നും കുസുമം ജോസഫ് പറഞ്ഞു.

നഷ്ടമാകുന്ന മരങ്ങളുടെ മൂല്യത്തെ പറ്റി ചര്‍ച്ച ചെയ്യുന്നതിനോ, നഷ്ടപരിഹാരം സബേന്ധിച്ച തീരുമാനങ്ങളോ ചര്‍ച്ചയില്‍ ഉണ്ടായില്ല. ചര്‍ച്ചയില്‍ തീരുമാനം ആകും വരെ ശാന്തിവനത്തില്‍ കെഎസ്ഇബിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന കളക്ടറുടെ ഉത്തരവ് മറികടന്ന് ഇന്ന് രാവിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ജോലിക്കാര്‍ എത്തിയത് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് വന്‍ പോലീസ് സന്നാഹം തന്നെ സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.

ശാന്തിവനത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് വൈദ്യുതിമന്ത്രി എം എം മണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ശാന്തിവനം സന്ദര്‍ശിച്ച സി പി എം നേതാവ് പി രാജീവ് പ്രകൃതിയെയും കൂടി കണക്കിലെടുത്തുകൊണ്ടുള്ള വികസനത്തിന് മുന്‍ഗണന നല്‍കണം എന്നായിരുന്നു അഭിപ്രായപ്പെട്ടത്. രാജീവിന്റെ ആവശ്യം പരിഗണിച്ചുകൊണ്ടാണ് കെ എസ് ഇ ബി താല്‍ക്കാലികമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചത്.

എറണാകുളം നോര്‍ത്ത് പറവൂര്‍, വഴിക്കുളങ്ങരയിലാണ് രണ്ട് ഏക്കറോളം വരുന്ന മനുഷ്യ നിര്‍മ്മിത ശാന്തിവനം സ്ഥിതിചെയ്യുന്നത്. രവീന്ദ്രനാഥ് എന്ന പരിസ്ഥിതി സ്നേഹിയാണ് കാവും കുളവും കാടും അടങ്ങുന്ന ശാന്തിവനത്തിന്റെ സൃഷ്ടാവ്. അദ്ദേഹത്തിന്റെ മകള്‍ മീനാ മേനോനാണ് ഇപ്പോള്‍ ശാന്തിവനം പരിപാലിക്കുന്നത്. “ജൈവവൈവിധ്യ കലവറയെ കുറിച്ചും സുസ്ഥിര വികസനത്തെ കുറിച്ചും നിരന്തരം പ്രസംഗിക്കുന്ന സര്‍ക്കാര്‍ ശാന്തിവനത്തെ നശിപ്പിക്കുന്നതിനെതിരെ പ്രതികരിക്കുന്നില്ല. രണ്ടേക്കറോളം വരുന്ന 200 വര്‍ഷം പഴക്കമുള്ള ഈ ജൈവവൈവിധ്യ കലവറയ്ക്ക് പകരം വയ്ക്കാന്‍ ഒന്നിനും സാധിക്കില്ല.” എന്നാണ് മീനാ മേനോന്‍ അഴിമുഖത്തോട് പ്രതികരിച്ചത്.

2013 ലാണ് കെഎസ്ഇബിയുടെ ഭാഗത്ത് നിന്ന് ശാന്തിവനത്തിന്റെ മധ്യഭാഗത്ത് വലിയ ടവര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അറിയിപ്പുണ്ടായത്. കെഎസ്ഇബി 110 കെ.വി ലൈന്‍ വലിക്കുന്നതോടെ ഇവിടുത്തെ മൂന്ന് കാവും മൂന്ന് കുളവും ചേര്‍ന്ന സൂക്ഷ്മ ആവാസ വ്യവസ്ഥ തകര്‍ന്നടിയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ശാന്തിവനം ഇന്നിപ്പോള്‍ സ്വകാര്യ ഭൂമി എന്നതിനപ്പുറം പ്രകൃതി പഠനത്തിനായുള്ള കേന്ദ്രമായി കൂടി മാറിയിരിക്കുകയാണ്. മൂന്ന് വലിയ സര്‍പ്പക്കാവുകളും മൂന്ന് വലിയ കുളങ്ങളും ഒരു കുടുംബക്ഷേത്രാരാധനാസ്ഥലവും ഉള്ള ഇവിടം പലതരം ഔഷധസസ്യങ്ങളും കൂടാതെ പാല, കരിമ്പന, കാട്ടിലഞ്ഞി, ആറ്റുപേഴ് തുടങ്ങിയ വന്മരങ്ങളും കരയിലും വെള്ളത്തിലുമുള്ള ധാരാളം ജന്തുജാലങ്ങളുംകൊണ്ടു സമൃദ്ധമാണ്. നാകമോഹന്‍, പിറ്റ, സൈബീരിയന്‍ കൊക്കുകള്‍, തുടങ്ങി പലതരം ദേശാടനക്കിളികളും അന്യംനിന്നുപോകുന്ന വെരുക്, തച്ചന്‍കോഴി, മരപ്പട്ടി പോലുള്ള ജീവികളും പലയിനം ചിത്രശലഭങ്ങളും ഇന്ത്യന്‍ ബുള്‍ ഫ്രോഗ് പോലുള്ള വലിയയിനം തവളകളും എല്ലാം ഇവിടുത്തെ ആവാസവ്യവസ്ഥയില്‍ ഉള്ളതായി പരിസ്ഥിതിപഠനങ്ങള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍