‘രാഷ്ട്രീയം നല്ലതാണ്, അത് നല്ലയാളുകൾ പറയുമ്പോൾ. ആദ്യം സ്വയം നന്നാകണം, പിന്നെയാണ് നാട് നന്നാക്കേണ്ടത് എന്നും പറയുന്നുണ്ട്. പിന്നെങ്ങനെയാണ് ആ സിനിമ അരാഷ്ട്രീയ വാദം ആകുന്നത്?’
സന്ദേശം എന്ന ചിത്രം മുന്നോട്ട് വെക്കുന്നത് അരാഷ്ട്രീയത ആണെന്ന് പറഞ്ഞ തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരന്റെ നിലപാട് ഏറെ ചർച്ചയായിരുന്നു.ഇപ്പോഴിതാ ശ്യാം പുഷ്ക്കരന്റെ ഈ പ്രതികരണത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ശ്രീനിവാസന്. സിനിമ പറയുന്ന നല്ല രാഷ്ട്രീയം കാണാതെയാണ് ഈ വിമർശനമെന്നും ന്യൂജെന്‍ സിനിമകളില്‍ നല്ല സിനിമകള്‍ വളരെ കുറവാണെന്നും ശ്രീനിവാസൻ പറഞ്ഞു.മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
‘സന്ദേശം എന്ന സിനിമയിൽ തിലകൻ ചേട്ടന്റെ ഡയലോഗുണ്ട്. ‘രാഷ്ട്രീയം നല്ലതാണ്, അത് നല്ലയാളുകൾ പറയുമ്പോൾ. ആദ്യം സ്വയം നന്നാകണം, പിന്നെയാണ് നാട് നന്നാക്കേണ്ടത് എന്നും പറയുന്നുണ്ട്. പിന്നെങ്ങനെയാണ് ആ സിനിമ അരാഷ്ട്രീയ വാദം ആകുന്നത്? എനിക്ക് രാഷ്ട്രീയമുണ്ട്. പക്ഷേ ഒരു കൊടിയുടെ മുന്പിൽ സല്യൂട്ട് ചെയ്യുന്ന രാഷ്ട്രീയമല്ല’- ശ്രീനിവാസൻ പറഞ്ഞു.
‘ന്യൂജനറേഷൻ ചിത്രങ്ങളിൽ നല്ല സിനിമകൾ വളരെ കുറവാണ്. ചിലത് സഹിക്കാൻ പറ്റില്ല. നീലക്കുയിൽ ആ കാലത്തെ ന്യൂ ജനറേഷൻ സിനിമയാണ്. അന്ന് ഈ പേര് വന്നിട്ടില്ല എന്ന് മാത്രം. ഈ സിനിമ വേണോ വേണ്ടയോ എന്നറിയാതെയാണ് പല ന്യൂ ജനറേഷൻ സിനിമകളും എടുത്തിരിക്കുന്നതെന്നും’- ശ്രീനിവാസൻ കൂട്ടി ചേർത്തു.
ഒരു റേഡിയോ ചാനൽ അഭിമുഖത്തിലാണ് ശ്യാം പുഷ്ക്കരൻ, ശ്രീനിവാസന്- സത്യന് അന്തിക്കാട് കൂട്ടുകെട്ടില്‍ പിറന്ന സന്ദേശം എന്ന സിനിമയെ കുറിച്ച് പറഞ്ഞത്. ഈ സിനിമ എന്തു സന്ദേശമാണ് നല്‍കുന്നതെന്ന് സംശയമുണ്ടെന്നും. വിദ്യാര്‍ഥി രാഷ്ട്രീയം ഇഷ്ടപ്പെടുന്നയാളാണ് താനെന്നും സിനിമ അതിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ശ്യാം പറഞ്ഞു. അവരെന്തെങ്കിലും രാഷ്ട്രീയം കാണിക്കട്ടെയെന്നാണ് തന്റെ നിലപാടെന്നും ശ്യാം പുഷ്ക്കരൻ വ്യക്തമാക്കിയിരുന്നു.