മുംബൈയ്ക്ക് വേണ്ടി ഈ സീസണില്‍ നാല് മത്സരങ്ങള്‍ മാത്രമാണ് യുവി കളിച്ചത്.
ഇന്ത്യയുടെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായിരുന്നു യുവരാജ് സിങ്. ബാറ്റ്‌സ്മാനായും ബൗളറായും ഇന്ത്യന്‍ ജയങ്ങള്‍ക്ക് നിര്‍ണായകമായ താരം തന്നെയായിരുന്നു യുവി. മികച്ച ഫീല്‍ഡിംഗിലും താരം കരിയറില്‍ കൈയ്യടി നേടി. എന്നാല്‍ സമീപ കാലത്ത് ഫോമില്‍ തുടരാന്‍ കഴിയാത്തത് താരത്തിന് വലിയ വെല്ലുവിളി തന്നെയാണ്. ഐപിഎലിന്റെ പന്ത്രണ്ടാം സീസണില്‍ മുംബൈ ജഴ്‌സിയില്‍ താരത്തിന് നാല് മത്സരങ്ങള്‍ മാത്രമാണ് കളിക്കാന്‍ കഴിഞ്ഞത്. യുവതാരങ്ങടക്കം മികവ് കാണിക്കുമ്പോള്‍ സ്ഥിരതയോടെ കളിക്കാന്‍ താരത്തിന് കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ടീമില്‍ നിന്ന് പലപ്പോഴും തഴയപ്പെട്ടു. ഇപ്പോള്‍ മാന്യമായി വിരമിക്കാന്‍ ഒരു മത്സരം പോലും താരത്തിന് ലഭിക്കുന്നില്ല.
കഴിഞ്ഞ രണ്ട് ഐപിഎല്‍ സീസണിലും മികച്ച കളി പുറത്തെടുക്കുകയാണ് യുവി ലക്ഷ്യം വെച്ചത്. ഒരു പക്ഷെ ലോകകപ്പിലും ഇടം നേടാനും കഴിഞ്ഞേക്കുമായിരുന്നു. എന്നാല്‍ പഞ്ചാബിലേക്ക് എത്തിയ കഴിഞ്ഞ സീസണിലും, മുംബൈയിലേക്ക് എത്തിയ ഈ സീസണിലും യുവിക്ക് പിഴച്ചു. ഫോമില്ലല്ലാത്തതു തന്നെ കാരണം. ഇപ്പോള്‍ ആദ്യ സ്ഥാനക്കാരായി മുംബൈ ഫൈനലിലേക്ക് എത്തുമ്പോള്‍ മത്സരത്തില്‍ കളിക്കാന്‍ താരത്തിന് അവസരം ലഭിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. പ്ലേയിങ് ഇലവനില്‍ യുവിയെ ഉള്‍പ്പെടുത്തി അര്‍ഹിക്കുന്ന വിടവാങ്ങല്‍ നല്‍കുമോയെന്നാണ് ആരധകര്‍ ചോദിക്കുന്നത്.
മുംബൈയ്ക്ക് വേണ്ടി ഈ സീസണില്‍ നാല് മത്സരങ്ങള്‍ മാത്രമാണ് യുവി കളിച്ചത്. ഈ നാല് മത്സരങ്ങളില്‍ നിന്നും യുവി നേടിയത് 98 റണ്‍സ്. യുവിക്ക് പകരം യുവതാരങ്ങളെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുകയായിരുന്നു മുംബൈ. 304 ഏകദിനത്തില്‍ നിന്നും 8701 റണ്‍സും 111 വിക്കറ്റുമാണ് യുവിയുടെ അക്കൗണ്ടിലുള്ളത്. 58 ട്വന്റി20യില്‍ നിന്നും 1177 റണ്‍സും 28 വിക്കറ്റും. 2002ലെ ഇംഗ്ലണ്ടില്‍ നടന്ന നാറ്റ്വെസ്റ്റ് ട്രോഫി മുതല്‍, 2007ലെ ട്വന്റി20 ലോകകപ്പ് ജയം, 2011ലെ ലോകകപ്പ് ജയം എന്നിവയിലെല്ലാം യുവി ടീമിന് നല്‍കിയ സംഭാവന ഓരോ ക്രിക്കറ്റ് പ്രേമിക്കുമറിയാം.