അഴിമുഖം പ്രതിനിധി
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദ്ദേശം. മേട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ഹര്‍വിന്ദര്‍ സിംഗ് ആണ് കമ്മീഷനോട് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. വിദ്യാഭ്യാസ യോഗ്യതകള്‍ സംബന്ധിച്ച്സ്മൃതി ഇറാനി നല്‍കിയ വിവരങ്ങള്‍ തെറ്റാണ് എന്ന് കാണിച്ച് നല്‍കിയ കേസ് പരിഗണിച്ചപ്പോഴാണ് കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയത്.
2004ലും 2014ലും സ്മൃതി ഇറാനി നല്‍കിയ രേഖകളില്‍ വൈരുധ്യം ഉള്ളതാണ് പരാതിക്കാരനായ അഹ്മാര്‍ ഖാന്‍ ചൂണ്ടിക്കാട്ടുന്നത്. 2004 ലോക്സഭ തെരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പ്രകാരം 1996 ല്‍ ഡല്‍ഹി സര്‍വ്വകലാശാല സ്കൂള്‍ ഓഫ് കറസ്പോണ്ടന്‍സില്‍ നിന്നും ബിഎ ബിരുദം കരസ്ഥമാക്കിയെന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ 2011ല്‍ ഗുജറാത്തില്‍ നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഇതേ സര്‍വ്വകലാശാലയില്‍ നിന്നും ഡല്‍ഹി സര്‍വ്വകലാശാല സ്കൂള്‍ ഓഫ് ഓപ്പണ്‍ ലേണിംഗില്‍ നിന്നും ബികോം ബിരുദമായി അതുമാറി. ജൂലൈ 24ന് ആണ് ഈ കേസ് കോടതി വാദം കേള്‍ക്കുക.