അല്‍ ക്വയ്ദ, അഫ്ഗാന് താലിബാന് തുടങ്ങിയവയുമായും കാശ്മീരിലെ ഭീകര സംഘടനകളുമായും ബന്ധങ്ങളുള്ളയാള്‍.
പാകിസ്താന്റെ പുതിയ ആഭ്യന്തര മന്ത്രി, മുന്‍ പാക് ചാരനും ആഗോള പാന്‍ ഇസ്ലാമിസ്റ്റ് ഭീകര സംഘടനകളുമായി ബന്ധം പുലര്‍ത്തുന്നയാളുമാണ്. 1999 മുതല്‍ 2008 വരെ പര്‍വേസ് മുഷറഫ് പാകിസ്താന് പ്രസിഡന്റ് ആയിരുന്ന കാലത്ത് ഐസ്ഐ ചാരന് എന്ന നിലയില്‍ സജീവമായിരുന്നു റിട്ടയര്‍ഡ്. ബ്രിഗേഡിയര്‍ ഐജാസ് അഹമ്മദ് ഷാ. പാകിസ്താനി രാഷ്ട്രീയത്തിലെ ഉപജാപകരില്‍ പ്രധാനിയുമായിരുന്നു ബ്രിഗേഡിയര്‍ ഷാ. അല്‍ ക്വയ്ദ, അഫ്ഗാന് താലിബാന് തുടങ്ങിയവയുമായും കാശ്മീരിലെ ഭീകര സംഘടനകളുമായും ബന്ധങ്ങളുള്ളയാള്‍. മന്ത്രിയാകുന്നത് ആദ്യമാണെങ്കിലും പാകിസ്താന് അധികാര ഇടനാഴികളില്‍ ഐജാസ് അഹമ്മദ് ഷാ പുതുമുഖമല്ല. സൈന്യം ജനാധിപത്യ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കി, 1999 ഒക്ടോബര്‍ 12ന് മുഷറഫ് പട്ടാളഭരണം പ്രഖ്യാപിക്കുമ്പോള്‍ പഞ്ചാബിലെ ഐഎസ്ഐ ഡയറക്ടറായിരുന്നു ബ്രിഗേഡിയര്‍ ഷാ.
പാകിസ്താനിലെ ഏറ്റവും വലിയ പ്രവിശ്യയായ പഞ്ചാബിലെ മുഷറഫിന്റെ രാഷ്ട്രീയ അജണ്ടകളില്‍ ബ്രിഗേഡിയര്‍ ഷാ നിര്‍ണായക പങ്ക് വഹിച്ചു. 1998ല്‍ കരസേന മേധാവിയായി മുഷറഫിനെ നിയമിക്കാനുള്ള പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ തീരുമാനം ആദ്യം മുഷറഫിനെ അറിയിച്ചത് ബ്രിഗേഡിയര്‍ ഷായാണ്. ഈ ഘട്ടം മുതല്‍ ബ്രിഗേഡിയര്‍ ഷായുമായുള്ള പര്‍വേസ് മുഷറഫിന്റെ അടുപ്പം തുടങ്ങുന്നു.
അധികാരം പിടിച്ചെടുത്ത മുഷറഫ്, ബ്രിഗേഡിയര്‍ ഷായെ പഞ്ചാബ് ആഭ്യന്തര സെക്രട്ടറിയാക്കി. പാകിസ്താന് മുസ്ലീം ലീഗ് ക്വായിദ് (പിഎംഎല്‍ക്യു) പാര്‍ട്ടിയുടെ രൂപീകരണത്തില്‍ ബ്രിഗേഡിയര്‍ ഷാ പങ്ക് വഹിച്ചു. നവാസ് ഷരീഫിന്റെ വിശ്വസ്തരായ സെനറ്റര്‍ പര്‍വേസ് റഷീദ്, റാണ സനവുള്ള തുടങ്ങിയവരെ തങ്ങളുടെ പാളയത്തിലേയ്ക്ക് കൊണ്ടുവരാന്‍ ശ്രമിച്ചു. പല നേതാക്കളേയും കൂറുമാറ്റുന്നതിനായി ഭീഷണിപ്പെടുത്തുകയും ജയിലിലിട്ട് പീഡിപ്പിക്കുകയും ചെയ്തു. പിഎംഎല്‍ എന്‍ (നവാസ്) അനുകൂലികളായ പലരും പിഎംഎല്‍ ക്യുവിന്റെ ഭാഗമായി.
വായനയ്ക്ക്: https://www.firstpost.com/world/manager-of-afghan-taliban-and-musharraf-era-spymaster-6566121.html