കെ എ ആന്റണി
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായ എം കെ ദാമോദരന്‍ സര്‍ക്കാരിനെതിരായ കേസുകളില്‍ ഹാജരാകുന്നതില്‍ തെറ്റില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ദാമോദരന്‍ വക്കീല്‍ സൗജന്യമായാണ് തനിക്കു നിയമോദപേദശം നല്‍കുന്നതെന്നതാണ് മുഖ്യമന്ത്രി ഇതിനു മുന്നോട്ടുവയ്ക്കുന്ന ന്യായീകരണം. കേള്‍ക്കുമ്പോള്‍ ശരിയാണ്. ഫീസില്ലാ ഉപദേശകനാണ് നിലവില്‍ ദാമോദരന്‍ വക്കീല്‍.
സര്‍ക്കാരിന് ഉപദേശം നല്കാന് ഒരു അഡ്വക്കേറ്റ് ജനറലും അദ്ദേഹത്തിന്റെ ഓഫിസും ഉള്ളപ്പോള്‍ എന്തിനാണ് ഒരു സൗജന്യ ഉപദേഷ്ടാവ് എന്ന ചോദ്യമാണ് പൊതുവില്‍ ഉയര്‍ന്നു വന്നിട്ടുള്ളത്. ഈ ചോദ്യം ഏറെ പ്രസക്തമാണു താനും.
എം കെ ദാമോദരന്‍ പേരെടുത്ത വക്കീലാണ്. സ്വന്തം കക്ഷിയെ എത്ര പ്രമാദമായ കേസില്‍ നിന്നുപോലും രക്ഷിക്കാന്‍ പോന്ന കഴിവുള്ളയാള്‍. അതുകൊണ്ട് തന്നെയാകണമല്ലോ ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പി കെ കുഞ്ഞാലിക്കുട്ടിയും സൂര്യനെല്ലി കേസില്‍ പി ജെ കുര്യനും ലാവ്ലിന് കേസില്‍ പിണറായി വിജയനും ലോട്ടറി കേസില്‍ സാന്റിയാഗോ മാര്‍ട്ടിനുമൊക്കെ ദാമോദരന്‍ വക്കീലിനെ അഭയം പ്രാപിച്ചത്. ഒരു വക്കീലും നന്മയുടെ ഭാഗത്തുമാത്രം നില്ക്കുന്ന ആളല്ല. ഏതു ചെകുത്താനുവേണ്ടിയും കേസ് വാദിക്കാന്‍ വക്കീലുമാര്‍ക്ക് അവകാശമുണ്ട്. തന്റെ കക്ഷിയെ കേസില്‍ നിന്നും ഊരിയെടുക്കുക എന്നതു തന്നെയാണ് പ്രതിവാദം വക്കീലിന്റെ പരമപ്രധാനമായ ജോലിയും കടമയും. അതുകൊണ്ട് തന്നെ ദാമോദരന്‍ വക്കീല്‍ ഏറ്റെടുക്കുന്ന കേസുകളില്‍ സ്വന്തം കക്ഷിക്കുവേണ്ടി വാദിക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. ചോദിച്ച കാശ് എണ്ണിനല്കുന്നവരാണ് ഇത്തരം കക്ഷികള്‍. കോടതി മുറിയില്‍ നന്മയും തിന്മയും ഇല്ല. കണ്ണുമൂടികെട്ടി നില്ക്കുന്ന പ്രതിമയ്ക്ക് പിന്നിലിരുന്ന് കേട്ട വാദമുഖങ്ങളിലെ ന്യായാന്യായങ്ങള്‍ പരിശോധിച്ച് വിധി പറയുക മാത്രമാണ് ന്യായാധിപന് ചെയ്യുന്നത്. ചെകുത്താനൊപ്പം കഴിവുള്ള വക്കീലുണ്ടെങ്കില്‍ ആ ഭാഗം തന്നെ ജയിക്കും.
ദാമോദരന്‍ വക്കീല്‍ സംബന്ധിയായ വിവാദത്തെ കുറിച്ചുള്ള അന്വേഷണങ്ങള്‍ വ്യക്തമാക്കുന്നത് നമ്മുടെ വക്കീല്‍ സാര്‍ മുഖ്യമന്ത്രിയുടെ പണംവാങ്ങാത്ത ഉപദേഷ്ടാവ് മാത്രമല്ലെന്നാണ്. മുഖ്യമന്ത്രിക്ക് സൗജന്യമായി ഉപദേശം നല്‍കുന്നതിനായി നിയമിതനായിട്ടുള്ള ഇദ്ദേഹത്തിന്റെ പദവി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു തുല്യമായ ഒന്നാണ്. അങ്ങനെ വരുമ്പോള്‍ ദാമോദരന്‍ വക്കീലും സര്‍ക്കാരിന്റെ തന്നെ ഭാഗമാണ്. സര്‍ക്കാരിന്റെ ഭാഗമായൊരാള്‍ സര്‍ക്കാര്‍ കക്ഷിയായ കേസുകളില്‍ എതിര്‍കക്ഷിക്കു വേണ്ടി വാദിക്കുന്നതില്‍ വല്ലാത്തൊരു യുക്തിരാഹിത്യമുണ്ട്.
ഇ കെ നായനാര്‍ ഭരണകാലത്ത് അഡ്വക്കേറ്റ് ജനറല്‍ ആയിരുന്നയാളാണ് ദാമോദരന്‍ വക്കീല്‍. അന്നും അദ്ദേഹത്തിന്റെ പഴയ ഓഫിസ് സജീവമായിരുന്നു. എ ജിയുടെ കൊച്ചുവക്കീലന്മാര് സര്‍ക്കാരിനുവേണ്ടി വാദിക്കുമ്പോള്‍ ആ വാദമുഖങ്ങളെ ഖണ്ഡിച്ച് പരാജയപ്പെടുത്താന്‍ കെല്‍പ്പുള്ളവരായിരുന്നു ആ പഴയ ഓഫിസില്‍ നിന്നും എത്തുന്ന വക്കീലന്മാര്. സര്‍ക്കാരിനെതിരായ പല കേസുകളും ദാമോദരന്‍ വക്കീലിന്റെ പഴയ സ്ഥാപനം വാദിക്കുകയും ജയിക്കുകയും ചെയ്തു. യുഡിഫ് സര്‍ക്കാരുകളുടെ കാലത്തും ഇതേ തമാശകള്‍ തന്നെ തുടര്‍ന്നു. മരിച്ചുപോയ രത്നസിംഗ് വക്കീലും ദണ്ഡപാണി വക്കീലുമൊക്കെ അഡ്വക്കേറ്റ് ജനറല്‍ പദവിക്കൊപ്പം സ്വന്തം സ്ഥാപനങ്ങള്‍ നടത്തിപ്പോന്നിരുന്നു. ഇത്തരം എ ജിമാര്‍ക്ക് സര്‍ക്കാരിനോടും ജനത്തോടുമുള്ളതിനേക്കാള് കൂറ് സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളോടായിരുന്നു.
മലബാറുകാരനായ ദാമോദരന്‍ വക്കീലിന് സിപിഎമ്മിനോടും മലബാറില്‍ നിന്നുള്ള സിപിഎം നേതാക്കളോടും അതിര്കവിഞ്ഞ സ്നേഹവും കൂറും ഉണ്ടാകുന്നത് തികച്ചും സ്വാഭാവികം മാത്രം. ഈ സ്നേഹവും കൂറും തന്നെയാണ് വക്കീല്‍ സാര്‍ മുഖ്യമന്ത്രി പിണറായി വിജയനോട് കാണിക്കുന്നത് എന്നു കരുതി വെറുതെ കണ്ണടയ്ക്കാനാവില്ല. ലാവ്ലിന് കേസില്‍ പിണറായി കുറ്റവാളിയാണെന്ന് ഇതെഴുതുന്നയാള്‍ കരുതുന്നില്ല. കേസില്‍ പുനരന്വേഷണം നടത്തിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സിബിഐ. അറ്റോര്‍ണി ജനറല്‍ കേസ് പഠിച്ചു കഴിഞ്ഞാല്‍ ഉടനെ അവര്‍ കോടതിയെ സമീപിക്കും. ആ വേളയില്‍ പിണറായിക്ക് ദാമോദരന്‍ വക്കീലിന്റെ സഹായം തീര്‍ച്ചയായും വേണ്ടിവരും. അങ്ങനെയൊരു സഹായത്തിന്റെ ആവശ്യകത മുന്‍കൂട്ടി കണ്ട് ഇത്രയേറെ അവമതിപ്പ് ഒരു മുഖ്യമന്ത്രി സഹിക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല.
പിണറായി വിജയന് മികച്ച ഒരു ഭരണാധികാരിയാണെന്ന കാര്യത്തില്‍ കൊടിയ ശത്രുക്കള്‍ക്കുപോലും സംശയമില്ല. എന്നാല്‍ ദാമോദരബന്ധം മുഖ്യമന്ത്രിക്ക് ഉണ്ടാക്കുന്ന ക്ഷീണം ചില്ലറയൊന്നും അല്ലെന്ന് അദ്ദേഹം കാണാതിരുന്നുകൂട.
ഏറെ പ്രതീക്ഷയോടെയാണ് ഈ സര്‍ക്കാരിനെ കേരള ജനത അധികാരത്തിലേറ്റിയത്. അവരുടെ പ്രതീക്ഷകള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന ഒന്നാണ് എം കെ ദാമോദരന്‍ വിവാദം. മുഖ്യമന്ത്രിയുടെ പ്രധാന നിയമോപദേഷ്ടാവ് എന്ന നിലയില്‍ ദാമോദരന്‍ വക്കീലിന്റെ മാര്‍ക്കറ്റ് വാല്യൂ ഉയരുന്നുണ്ട്. പുറം പണിക്ക് കൂടുതല്‍ കരാറുകള്‍ ലഭിക്കുന്നതിനാല്‍ ദാമോദരന്‍ വക്കീലും കുടുംബവും സ്ഥാപനവുമൊക്കെ വച്ചടിവെച്ചടി അഭിവൃദ്ധിയിലേക്ക് കുതിക്കും. ഇതുകൊണ്ട് സര്‍ക്കാരിനു കരമടച്ച് നീതിയും ന്യായവും കാംക്ഷിക്കുന്ന പൊതുജനത്തിന് എന്തുണ്ട് ഗുണം? സര്‍ക്കാര്‍ ഭൂമികളാകെ ദാമോദരന്‍ വക്കീലിന്റെ സഹായത്തോടെ കുത്തകമുതലാളിമാര് തട്ടിക്കൊണ്ടുപോകുമ്പോള്‍ കുത്തകയ്ക്കെതിരെയും ആഗോളീകരണത്തിനെതിരെയും ചിലച്ച നമ്മുടെ നാവുകള്‍ എവിടെ പോയെന്നു അധികം വൈകാതെ തന്നെ സ്വന്തം സഖാക്കള്‍ പോലും ചോദിക്കുമെന്ന കാര്യം ബഹുമാനപ്പെട്ട മുഖ്യമന്ത്രി മറക്കാതിരുന്നാല്‍ നന്ന്.
(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)