UPDATES

വിദേശം

ഒരു ‘ചൂതാട്ടക്കാര’ന്റെ ദുരന്തം

ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

“ഒരിക്കല്‍ ഞാനായിരുന്നു ഭാവി,” ബ്രിട്ടീഷ് പ്രധാനമന്ത്രിയെന്ന നിലയില്‍ തന്റെ അവസാന ദിനത്തില്‍ ചിന്താഭാരിതമായ വൈരുദ്ധ്യത്തോടെ ഡേവിഡ് കാമറൂണ്‍ പൊതുസഭയില്‍ പറഞ്ഞു. ഒരു മാസം മുമ്പുവരെ അസംഭവ്യം എന്നു തോന്നിയിരുന്ന തന്റെ രാജിനടപടികള്‍ വേഗത്തിലാക്കിയാണ് അയാള്‍ ബുധനാഴ്ച്ച 10 ഡൌണിംഗ് തെരുവിന്റെ പടിയിറങ്ങിയത്.

ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തി ബ്രിട്ടീഷ് രാജ്ഞിയുമായി ഔദ്യോഗിക കൂടിക്കാഴ്ച്ച നടത്തിയ കാമറൂണിന്റെ പിന്‍ഗാമി തെരേസ മെയ് മാര്‍ഗരറ്റ് താച്ചര്‍ക്ക് ശേഷം ബ്രിട്ടീഷ് പ്രാധാനമന്ത്രിപദത്തിലെത്തുന്ന രണ്ടാമത്തെ വനിതയായി. രാജ്യം യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള വേര്‍പിരിയലിന് തയ്യാറെടുക്കവെ, “ലോകത്ത് നമുക്ക് ധീരവും പുതിയതും ഗുണപരവുമായ ഒരു പങ്കുണ്ടാക്കുകയും വിശിഷ്ടവിഭാഗങ്ങള്‍ക്ക് മാത്രമല്ല നമ്മള്‍ എല്ലാവര്‍ക്കും വേണ്ടിയുള്ള ഒരു രാജ്യമാക്കി ബ്രിട്ടനെ മാറ്റുകയും ചെയ്യും,” എന്ന് മെയ് തന്റെ സര്‍ക്കാരിനെക്കുറിച്ച് പറഞ്ഞു.

അനിശ്ചിതവും ആശങ്കയുണര്‍ത്തുന്നതുമായ  ഘട്ടത്തില്‍ ഇവ ശക്തമായ വാക്കുകളാണ്. ഗ്രിഫ് റൈറ്റ് എഴുതിയതുപോലെ മെയും യാഥാസ്ഥിതിക കക്ഷിയിലെ സഹപ്രവര്‍ത്തകരും, “തങ്ങളുടെ സാമ്രാജ്യത്വ സ്വത്വം പൊഴിച്ചുകളഞ്ഞതിനുശേഷം ആ രാജ്യം നേരിടുന്ന ഏറ്റവും വലിയ അസ്തിത്വ പ്രതിസന്ധിയെ നേരിടാന്‍, ഗൌരവമായ നടപടികള്‍” എടുത്തെ മതിയാകൂ.

അത്ര നല്ല രീതിയിലല്ല അവരുടെ തുടക്കം. ഏറെ വിവാദങ്ങള്‍ക്കുടമയായ മുന്‍ ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചത് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് സൃഷ്ടിച്ചത്. വിദേശകാര്യ വിദഗ്ധന്‍ ഇയാന്‍ ബ്രെമ്മെര്‍ ട്വീറ്റ് ചെയ്തത്, ജോണ്‍സണ്‍ വിദേശകാര്യത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നതോടെ യു.എസുമായുള്ള രാജ്യത്തിന്റെ സഖ്യം ‘പ്രത്യേക ബന്ധത്തില്‍’ നിന്നും ‘പ്രത്യേക ആവശ്യങ്ങളുടെ ബന്ധം’ ആയി മാറും എന്നാണ്.

പ്രകോപനമുണ്ടാക്കാന്‍ കേമനായ ജോണ്‍സണ്‍ ഈയിടെ, കെനിയന്‍ പാരമ്പര്യം കാരണം യു.എസ് പ്രസിഡണ്ട് ഒബാമയ്ക്ക് ബ്രിട്ടീഷ് സാമ്രാജ്യത്തോട് ‘ഒരു പാരമ്പര്യമായ ഇഷ്ടക്കേട്’ ഉണ്ടെന്ന് കുറ്റപ്പെടുത്തിയിരുന്നു. 2007-ല്‍ എഴുതിയ ഒരു പംക്തിയില്‍ അടുത്ത യു.എസ് പ്രസിഡണ്ടാകാന്‍ സാധ്യതയുള്ള ഹിലാരി ക്ലിന്‍റനെ ‘ഒരു മാനസിക രോഗാശുപത്രിയിലെ പരദ്രോഹത്തില്‍ ആനന്ദം കണ്ടെത്തുന്ന നഴ്സ്’ എന്നാണ് വിശേഷിപ്പിച്ചത്.

ഇപ്പോഴത്തെ ഈ കുഴപ്പങ്ങള്‍ക്ക് കാരണം-രാഷ്ട്രീയ പ്രശ്നങ്ങള്‍ക്കപ്പുറം ബ്രിട്ടന്‍ ഒരു സാമ്പത്തിക മാന്ദ്യം കൂടി നേരിട്ടേക്കാം- പ്രധാനമായും കാമെറൂണ്‍ തന്നെയാണ്. ബ്രെക്സിറ്റിനെതിരെ  പ്രചാരണം നടത്തിയെങ്കിലും ഹിതപരിശോധന അയാളുടെ ആശയമായിരുന്നു. 2020 വരെ ഭരണത്തിലിരിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള  ജനപിന്തുണയുമായി കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി പദത്തിലേക്ക് രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടതേ ഉണ്ടായിരുന്നുള്ളൂ അയാള്‍. പക്ഷേ കഴിഞ്ഞ കുറച്ചാഴ്ച്ചകളിലെ കുഴപ്പങ്ങള്‍ അധികമാരും പ്രതീക്ഷിച്ചിരുന്നില്ല.

കാമെറൂണിന്റെ അവസാനത്തിന്റെ ആരംഭം, വാര്‍ത്തകള്‍ ശരിയാണെങ്കില്‍, യു.എസില്‍ നിന്നാണ്. 2012-ല്‍ ചിക്കാഗോ വിമാനത്താവളത്തിലെ ഒരു പിസ ഭക്ഷണശാലയില്‍ തന്റെ രണ്ടു വിശ്വസ്തരോടൊപ്പം ഇരിക്കവേയാണ് കാമെറൂണ്‍ നിര്‍ണായകമായ ഈ തീരുമാനമെടുത്തത്. 2015-ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്  മുന്നോടിയായി, യാഥാസ്ഥിതിക കക്ഷിയിലെ തന്റെ സ്വാധീനം ഊട്ടിയുറപ്പിക്കാന്‍, തന്റെ സഹപ്രവര്‍ത്തകരില്‍ പലരും വെറുക്കുന്ന യൂറോപ്യന്‍ യൂണിയനിലെ അംഗത്വത്തെക്കുറിച്ചുള്ള ഹിതപരിശോധന നടത്തുന്നത് മാത്രമാണ് ഏകവഴിയെന്ന് അയാള്‍ കണക്കുകൂട്ടി.

ജനുവരി 2013-ലെ ഒരു പ്രസംഗത്തില്‍ കാമെറൂണ്‍ ഇങ്ങനെ പ്രഖ്യാപിച്ചു: “ഞാന്‍ ഹിതപരിശോധനയ്ക്ക് അനുകൂലമാണ്. ആ പ്രശ്നത്തെ നേരിടണമെന്നും രൂപപ്പെടുത്തണമെന്നും, സംവാദത്തെ നയിക്കണമെന്നും ഞാന്‍ വിശ്വസിക്കുന്നു. ബുദ്ധിമുട്ടുള്ള ഒരു സാഹചര്യം താനേ കടന്നുപോകുമെന്ന് പ്രതീക്ഷിക്കാനാകില്ല.” എല്ലാവരുമൊന്നും ഈ നിലപാടിനെ അംഗീകരിച്ചില്ലെങ്കിലും അധികാരം നിലനിര്‍ത്താനുള്ള ഒരു വഴിയെന്ന നിലയ്ക്ക് കാമെറൂണ്‍ തീരുമാനവുമായി മുന്നോട്ടുപോയി.

അതായിരുന്നു അയാളുടെ ചൂതാട്ടം, പക്ഷേ അതൊരു ദുരന്തമായി കലാശിച്ചു.

ഇ.യുവില്‍ തുടരണമെന്ന, കാമെറൂണ്‍ അനുകൂലിച്ച പക്ഷം നേരിയ വ്യത്യാസത്തില്‍ കഴിഞ്ഞ മാസം നടന്ന ഹിതപരിശോധനയില്‍ പരാജയപ്പെട്ടു. ബ്രെക്സിറ്റ് ലോകത്തെ ഞെട്ടിച്ചു. അമ്പരപ്പിക്കുന്ന തുടര്‍ചലനങ്ങളാണ് ഉണ്ടായത്. വിപണികള്‍ ഇടിഞ്ഞു; ബ്രിട്ടീഷ് പൌണ്ടിന്റെ മൂല്യം കുത്തനെ താഴോട്ട് വീണു; കാമെറൂണ്‍ തന്റെ അനിവാര്യമായ രാജി പ്രഖ്യാപിച്ചു- വിട്ടുപോകല്‍ പ്രചാരണത്തെ അനുകൂലിച്ച മിക്ക പ്രമുഖ നേതാക്കളും പിന്‍നിരയിലേക്ക് നീങ്ങി.

ഇ.യു അനുകൂല രാഷ്ട്രീയക്കാരിയായ മെയ് പുതിയ പ്രധാനമന്ത്രിയായി. ബ്രിട്ടന്റെ വിട്ടുപോരല്‍ നടപടികള്‍ തുടങ്ങുമെന്നും അവര്‍ പ്രഖ്യാപിച്ചു. “ബ്രെക്സിറ്റ് എന്നാല്‍ ബ്രെക്സിറ്റ് തന്നെയാണ്,” മെയ് പ്രഖ്യാപിച്ചു.

തന്റെ അവസാന ഔദ്യോഗിക ദിനങ്ങളില്‍ കാമെറൂണ്‍ നര്‍മവും സ്വാഭാവികതയും കലര്‍ത്തി. തന്റെ പൂച്ച ലാറിയെ ഓമനിക്കുന്ന ഒരു ചിത്രവും ട്വീറ്റ് ചെയ്തു.

എന്നാല്‍ അയാളുടെ രാഷ്ട്രീയ ചരമക്കുറിപ്പുകള്‍ അത്ര ലാളനാസുഖമുള്ളവയായിരുന്നില്ല. “ഈയാഴ്ച്ച അയാള്‍ സഹജമായ മാന്യതയോടെ വിടവാങ്ങി: അയാളുടെ ഭാഷാപാടവത്തെയോ അവശ്യമാന്യതയെയോ ആരും സംശയിച്ചിരുന്നില്ല,” ന്യൂ സ്റ്റേറ്റ്സ്മാന്‍ പത്രാധിപര്‍ ജാസന്‍ കൌളി എഴുതി. “അയാളുടെ വിശ്വാസത്തെ, ആത്മാവിനെ, ചോദനയെ ആണ് നിങ്ങള്‍ സംശയിച്ചത്.”

“പ്രധാനമന്ത്രി പദത്തില്‍ തുടരുക എന്നതിനപ്പുറം രാജ്യത്തിനായി എന്തെങ്കിലും കാഴ്ച്ചപ്പാടുള്ള ഒരാളായി കാമെറൂണ്‍ ഒരിക്കലും തോന്നിച്ചിട്ടില്ല,” ജെയിംസ് ബ്ലിറ്റ്സ് ഫിനാന്‍ഷ്യല്‍ ടൈംസില്‍ എഴുതി. “കാലം കഴിയവെ അയാളുടെ നേതൃത്വത്തില്‍ ചെയ്ത ചില നല്ല കാര്യങ്ങള്‍ ആരെങ്കിലും ഓര്‍ക്കുമായിരിക്കും. പക്ഷേ ആ നേട്ടങ്ങളെല്ലാം യൂറോപ്പില്‍ ബ്രിട്ടന്റെ സ്ഥാനത്തെക്കുറിച്ച് നടത്തിയ ഭീമന്‍ പിഴവിനെ വെച്ചു നോക്കിയാല്‍ തുലോം നിസാരമാണ്.”

യൂറോപ്പുമായുള്ള ബ്രിട്ടന്റെ വേര്‍പിരിയല്‍ സൃഷ്ടിക്കുന്ന അടിത്തറയിളക്കുന്ന വന്‍ചലനങ്ങള്‍ വരാനിരിക്കുകയാണ്; ദശാബ്ദങ്ങളായുള്ള യൂറോപ്പുമായുള്ള ഉദ്ഗ്രഥനത്തെ ഇല്ലാതാക്കണം, ശീതയുദ്ധാനന്തര കാലത്തെ ഉദാരവാദ ക്രമത്തിന്റെ തത്വങ്ങളെ തള്ളണം, അതും പോരാഞ്ഞു  യുനൈറ്റഡ് കിംഗ്ഡത്തിന്റെ ഭദ്രതയെ തന്നെ അത് ചോദ്യം ചെയ്യുന്നു. വെസ്റ്റ്മിനിസ്റ്റര്‍ നുകത്തിന് കീഴില്‍ നിന്നും വിട്ടുമാറാനുള്ള ആഗ്രഹവുമായി സ്കോട്ടിഷ് ദേശീയവാദികള്‍ ഇ.യുവില്‍ തുടരാന്‍ ആഗ്രഹിക്കുന്നു.

“ഒരു ഹിതപരിശോധനയില്‍ സകലതും ചൂതാടി തോറ്റ, തന്റെ മുന്‍ഗാമികളുടെ അരനൂറ്റാണ്ടു കാലത്തെ സാമ്പത്തിക, നയതന്ത്ര ശ്രമങ്ങളെ വാസ്തവത്തില്‍ ഇല്ലാതാക്കിയ, ഒരാളായിട്ടായിരിക്കും അയാള്‍ ചരിത്രത്തില്‍ അറിയപ്പെടുക,” ലണ്ടന്‍ സര്‍വകലാശാലയിലെ അദ്ധ്യാപകന്‍ തിമോത്തി ബെയില്‍ പറഞ്ഞു.

“അയാളുടെ ഹിതപരിശോധന പ്രചാരണം അതിന്റെ എല്ലാ മികവും വിശ്വാസവും കണക്കിലെടുത്താലും നന്നേ കുറവും ഏറെ വൈകിപ്പോയതുമായിരുന്നു. അസാധ്യമായതിന് വേണ്ടിയുള്ള വിസ്മയിപ്പിക്കുന്ന മണ്ടന്‍ നീക്കമായിരുന്നു ആ പരിപാടി മുഴുവന്‍,” ഇക്കണോമിസ്റ്റ് എഴുതി. “കൂടുതല്‍ ദരിദ്രവും ഒറ്റപ്പെട്ടതും സ്വാധീനം കുറഞ്ഞതും കൂടുതല്‍ വിഭജിതവുമായ ഒരു ബ്രിട്ടനാണ് അപ്രതീക്ഷിതമായ അന്തിമഫലം.”

“തീരെ കുറവ് ആരാധകര്‍, പ്രതിസന്ധിയിലായ ഒരു രാജ്യം, പ്രധാനമന്ത്രി പദത്തിലെ നേടാനാവാത്ത മുഖ്യ ലക്ഷ്യങ്ങള്‍, ഇതൊക്കെയാണ് ഡൌണിംഗ് തെരുവില്‍ നിന്നും പോകുന്ന കാമെറൂണ്‍ അവശേഷിപ്പിക്കുന്നത്,” ഗാര്‍ഡിയനില്‍ ഓവന്‍ ജോണ്‍സ് എഴുതുന്നു. “അയാളോട് സഹതാപം തോന്നാന്‍ ഇത് ധാരാളമാണ്-പക്ഷേ നമ്മുടെ രാജ്യം നേരിടുന്ന സാഹചര്യം എത്ര രൂക്ഷമാണ് എന്നതോര്‍ത്താല്‍ അതുണ്ടാകില്ല. നാമെല്ലാം വലിയ വില കൊടുക്കേണ്ടിവന്ന ഒരു ദുരന്തമായിരുന്നു അയാളുടെ കാലം.”

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍