അഴിമുഖം പ്രതിനിധി
ഏതുനിലയ്ക്കും ഇത് പതിവില്ലാത്തതാണ്. കാശ്മീരില്‍ പോലീസ് മാധ്യമ സ്ഥാപനങ്ങള്‍ പരിശോധിക്കുകയും ഒരു പ്രധാന അച്ചടിശാല പൂട്ടിക്കുകയും ചെയ്തതിന് പിന്നാലെ അധികൃതര്‍ ശനിയാഴ്ച്ച മൂന്നുദിവസത്തേക്ക് ദിനപത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയുകയും ചെയ്തിരിക്കുന്നു. പ്രതിഷേധവും സംഘര്‍ഷവും പിടിച്ചുലയുക്കുന്ന കാശ്മീര്‍ താഴ്വരയില്‍ വാര്‍ത്താ നിരോധനത്തിന്റെ ഏറ്റവും നഗ്നമായ നടപടിയാണിത്. ക്രമസമാധാനനില സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട ഒരു സര്‍ക്കാരിന് എങ്ങനെയാണ് മാധ്യമങ്ങളെ പഴിക്കാനാവുക എന്ന ചോദ്യമാണ് ഉയരുന്നത്.
“ആഗ്രഹിക്കാത്ത ഈ നടപടിയെടുത്തത് സമാധാനം ഉറപ്പാക്കാനാണ്,” സര്‍ക്കാര്‍ വക്താവ് നയീം അക്തര്‍ പറഞ്ഞു.
ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു താഴ്വരയിലുണ്ടായ കഴിഞ്ഞ 6 വര്‍ഷത്തിനിടെ കണ്ട ഏറ്റവും രൂക്ഷമായ പ്രതിഷേധത്തില്‍ സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 40 പേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് മാധ്യമങ്ങള്‍ക്ക് നേരെയുള്ള സര്‍ക്കാര്‍ നിരോധനം.
വെള്ളിയാഴ്ച്ച അര്‍ദ്ധരാത്രിയോടെ അച്ചടിശാലയില്‍ പരിശോധന നടന്ന ശ്രീനഗര്‍ ആസ്ഥാനമായ Raising Kashmir-ന്റെ പത്രാധിപര്‍ ഷുജാത് ബുഖാരി പറയുന്നത്, നിരോധന ഉത്തരവ് പത്രാധിപന്മാരോട് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വാക്കാല്‍ അറിയിക്കുക മാത്രമാണുണ്ടായത് എന്നാണ്.
നിരോധനത്തെ ‘പത്ര അടിയന്തരാവസ്ഥ’ എന്നു വിശേഷിപ്പിച്ച ബുഖാരി 2008-ലും 2009-ലും സംഘര്‍ഷം നിറഞ്ഞ പ്രതിഷേധമുണ്ടായപ്പോഴൊന്നും ഇത്തരത്തിലുള്ള നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി.
“ജനങ്ങള്‍ യഥാര്‍ത്ഥ സ്ഥിതി അറിയണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുമെങ്കിലും ഇന്റെര്‍നെറ്റിനു നിരോധനം ഏര്‍പ്പെടുത്തിയിരിക്കെ ആര് വായിക്കാന്‍.”
വെള്ളിയാഴ്ച്ച വൈകിയാണ് പത്രസ്ഥാപനങ്ങളിലും അച്ചടി ശാലകളിലുമുള്ള പോലീസ് സംഘങ്ങളുടെ പരിശോധനയോടെ ഈ അടിച്ചമര്‍ത്തല്‍ തുടങ്ങിയത്.
“പുലര്‍ച്ചെ രണ്ടുമണിയോടെ അച്ചടിശാലയില്‍ പോലീസ് പരിശോധന നടത്തി. അച്ചടി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു, പ്ലേയ്റ്റുകള്‍ എടുത്തുകൊണ്ടുപോയി. ഉറുദു പത്രം ഉസ്മാ-യുടെ 10000 പ്രതികള്‍ അപ്പോഴേക്കും അടിച്ചിട്ടുണ്ടായിരുന്നു.
പോലീസ് മൂന്ന് ജീവനക്കാരെയും പിടിച്ചുകൊണ്ടുപോയി. അച്ചടിച്ച പ്രതികള്‍ തൊട്ട് അച്ചടിക്കടലാസ് വരെ കൊണ്ടുപോയി,” കാശ്മീരിലെ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള ദിനപത്രം Greater കശ്മീര്‍-ന്റെ പ്രസാധകനായ റഷീദ് മക്ദൂമി പറഞ്ഞു. പിടിച്ചുകൊണ്ടുപോയ മൂന്ന് ജീവനക്കാരെ രാവിലെ വിട്ടയച്ചു.
അച്ചടി ശാല പൂട്ടിച്ചെന്നു കെ ടി അച്ചടിശാലയുടെ ഉടമസ്ഥന്‍ രാജ മൊഹിയുദ് ദിന്‍ പറഞ്ഞു. താഴ്വരയിലെ എട്ട് ദിനപത്രങ്ങളും അച്ചടിക്കുന്നത് കെ ടി അച്ചടിശാലയിലാണ്.
“അച്ചടിച്ച ആയിരക്കണക്കിന് പത്രങ്ങളും അച്ചടി സാമഗ്രികളും പ്ലേറ്റുകളും പൊലീസ് പിടിച്ചെടുത്തു.”
പത്രം വില്‍ക്കാന്‍ പൊലീസ് തങ്ങളെ അനുവദിക്കുന്നില്ലെന്നും പത്രം പിടിച്ചെടുക്കുന്നു എന്നും നഗരഹൃദയത്തിലുള്ള ലാല്‍ ചൌകിലെ വഴിയോരവില്‍പ്പനക്കാര്‍ പറയുന്നു.
മാധ്യമപ്രവര്‍ത്തകര്‍ അടിച്ചമര്‍ത്തല്‍ നടപടിക്കെതിരെ പ്രകടനം നടത്തി.
അതേസമയം ജനം ആവശ്യവസ്തുക്കളുടെ ക്ഷാമത്തില്‍ വലയവെ വിഘടനവാദികള്‍ ഹര്‍ത്താല്‍ ആഹ്വാനം മൂന്നുദിവസം കൂടി നീട്ടി.
അവസാനിക്കാത്ത നിയന്ത്രണങ്ങള്‍ക്കിടക്ക് ഹര്‍ത്താലല്ലാതെ മറ്റ് മാര്‍ഗമൊന്നുമില്ലെന്ന് ഹൂറിയത് കോണ്‍ഫറന്‍സ് നേതൃത്വം ഹൈദര്‍പോറയില്‍ നിന്നും പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. ‘പിന്തുണ’ നല്‍കിയതിന് ഹൂറിയത് നേതാക്കാള്‍ പാകിസ്ഥാന് നന്ദിയും പറഞ്ഞു.
പ്രതിഷേധക്കാര്‍ കഴിഞ്ഞയാഴ്ച്ച പൊലീസ് സ്റ്റേഷനുകള്‍ ആക്രമിക്കുകയും കവചിത വാഹനങ്ങള്‍ കത്തിക്കുകയും സൈനിക താവളങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നു. കാശ്മീര്‍ ജനതയുടെ കടുത്ത എതിര്‍പ്പിനിടയിലാണ് ഈ അസ്വസ്ഥബാധിത പ്രദേശത്ത് 8 ലക്ഷം ഇന്ത്യന്‍ സൈനികര്‍ താവളമടിച്ചിരിക്കുന്നത്.
200 പോലീസുകാരടക്കം 1800-ലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പ്രതിഷേധക്കാരെ മുഴുവന്‍ ഉള്‍ക്കൊള്ളാനാകാതെ ആശുപത്രികള്‍ കുഴങ്ങുകയാണ്.
നൂറുകണക്കിനാളുകള്‍ക്ക് വെടിയേറ്റാണ് പരിക്ക്. പോലീസിന്റെ പെല്ലറ്റുകള്‍ കൊണ്ടുള്ള വെടിയേറ്റ് നിരവധിപേരുടെ കാഴ്ച്ച നഷ്ടപ്പെടുന്ന അവസ്ഥയിലാണ്.
2010-ല്‍ വലിയ പ്രതിഷേധപ്രകടനങ്ങളെ അടിച്ചമര്‍ത്തിയതില്‍ 120 പേര്‍ കൊല്ലപ്പെട്ടതിനുശേഷം താഴ്വര കാണുന്ന ഏറ്റവും രൂക്ഷമായ പ്രതിഷേധമാണിത്.